പിറവം: കൃഷിയിടങ്ങളിലേക്ക് കക്കൂസ് മാലിന്യം തള്ളിയ ലോറിയും, ഡ്രൈവറും ഒരാഴ്ചയ്ക്കുശേഷം പോലീസ് പിടികൂടി. ടാങ്കർ ലോറിയുടെ ഡ്രൈവറായ വൈക്കം കുടവെച്ചൂർ ഒറ്റിയാനിച്ചിറ വീട്ടിൽ വിജി(42)യെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. രാമമംഗലത്താണ് രാത്രിയുടെ മറവിൽ കൃഷിയിടത്തിലേക്ക് കക്കൂസ് മാലിന്യം നിക്ഷേപിച്ചത്.
ഇതു സംബന്ധിച്ച് അന്ന് നാട്ടുകാർ പോലീസിൽ പരാതി നൽകിയെങ്കിലും ആരേയും പിടികൂടാൻ സാധിച്ചിരുന്നില്ല. പിന്നീട് പോലീസിന്റെ വിശദമായ അന്വേഷണത്തിൽ രാമമംഗലത്തുനിന്നും കൊണ്ടുപോയ മാലിന്യം ഇവിടെത്തന്നെ തള്ളുകയായിരുന്നുവെന്ന് വ്യക്തമായി.
കടവ് ജംഗ്ഷന് സമീപം റിട്ടയർ പോലീസ് ഉദ്യോഗസ്ഥന്റെ ഉടമസ്ഥതയിൽ അന്യ സംസ്ഥാന തൊഴിലാളികളെ പാർപ്പിച്ചിരിക്കുന്ന കെട്ടിടത്തിലെ ശുചിമുറിയിൽ നിന്നുമുള്ള കക്കൂസ് മാലിന്യമാണ് കൊണ്ടുപോയത്. ബ്രഹ്മപുരം പ്ലാന്റിലേക്കാണ് മാലിന്യം കൊണ്ടുപോകുന്നതെന്നാണ് ഇയാൾ പറഞ്ഞിരുന്നത്.
രാമമംഗലം പുഴയിലെ പാന്പൂരിച്ചാലിൽ നിന്നും ഒഴുകുന്ന തോടായിരുന്ന ലക്ഷ്യമെങ്കിലും ഇരുട്ടിൽ സ്ഥലം മാറിപ്പോയി പാടശേഖരത്തിലേക്ക് വീഴുകയായിരുന്നു. രണ്ടാഴ്ച വളർച്ചയെത്തിയ നെൽകൃഷിയാണ് ഇവിടെ ഉണ്ടായിരുന്നത്. കടവ് ഭാഗത്തുനിന്നും തലേദിവസം രാത്രി 12-മണിയോടെ മാലിന്യമെടുത്തിരുന്നത്.
സിസിടിവി ദൃശ്യങ്ങളുടെ സഹായത്തോടെ മാലിന്യം കൊണ്ടുപോയ വാഹനത്തിന്റെ രജിസ്ട്രേഷൻ നന്പറും ലഭിച്ചു. വാഹനമടക്കം പിടിച്ചെടുത്ത് പ്രതിക്കെതിരെ കേസെടുത്തതായി എസ്ഐ എം.പി. എബി പറഞ്ഞു.