കൊച്ചി: പൊതു സ്ഥലങ്ങളിൽ കക്കൂസ് മാലിന്യം തള്ളിയ മൂന്നംഗസംഘത്തെയും ടാങ്കർ ലോറിയും പനങ്ങാട് പോലീസ് പിടികൂടി. കെ എൽ 11 എഡി 4295 ടാങ്കർ ലോറിയാണ് കസ്റ്റഡിയിലെടുത്തത്. ഡ്രൈവർ മട്ടാഞ്ചേരി കാട്ടിപ്പറന്പിൽ അബ്ദുൾ സലാം, സഹായി പള്ളുരുത്തി കൊല്ലയിൽ വീട്ടിൽ ഫാസിൽ, വണ്ടി ഉടമ പള്ളുരുത്തി കാട്ടിപ്പറന്പിൽ അമീർ ഇന്നെസൻ എന്നിവരാണ് അറസ്റ്റിലായത്.
ഇന്നലെ പുലർച്ചെ 12.30 ഓടെ നെട്ടൂർ നോർത്ത് കായലിനോട് ചേർന്ന് വാഹനം പാർക്ക് ചെയ്തിട്ടിരിക്കുന്ന രീതിയിൽ കക്കൂസ് മാലിന്യം ഒഴുക്കികളയുകയായിരുന്ന പ്രതികളെ പനങ്ങാട് എസ്ഐ കെ.ദീജേഷിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പിടികൂടിയത്.
കഴിഞ്ഞ ദിവസങ്ങളിൽ മാടവന സർവീസ് റോഡിലും നെട്ടൂർ കുന്പളം ടോളിന്റെ സമീപത്തും മാലിന്യം തുടർച്ചയായി തള്ളിയതായി പരാതി ഉയർന്നതിനെത്തുർന്ന് പോലീസ് പട്രോളിംഗ് ശക്തമാക്കിയിരുന്നു. പിടിച്ചെടുത്ത ടാങ്കർ ലോറി കോടതിയിൽ ഹാജരാക്കി കണ്ടുകെട്ടാനുള്ള നടപടി സ്വീകരിക്കുമെന്ന് പോലീസ് പറഞ്ഞു.
നേരത്തെ കക്കൂസ് മാലിന്യം തള്ളുന്നതുമായി ബന്ധപ്പെട്ട് മൂന്ന് വാഹനങ്ങൾ കസ്റ്റഡിയിലെടുത്തിരുന്നു. പൊതുസ്ഥലങ്ങളിൽ മാലിന്യം തള്ളുന്ന സംഘങ്ങൾക്കെതിരേ നടപടി എടുക്കണമെന്ന് പി.ടി. തോമസ് എംഎൽഎ കണയന്നൂർ താലൂക്ക് വികസനസമിതി യോഗത്തിൽ ആവശ്യപ്പെട്ടിരുന്നു.