ചാവക്കാട്: ശുചിമുറി മാലിന്യം തള്ളാൻ അർധരാത്രിയിൽ എത്തിയ സംഘം നാട്ടുകാർ കണ്ടതിനെ തുടർന്ന് ലോറി ഉപേക്ഷിച്ച് ഓടി രക്ഷപ്പെട്ടു. അങ്ങാടിത്താഴം കുന്നത്തുള്ളി റോഡിൽ രാത്രി 12ന് ശേഷമാണ് സംഭവം.മിനി ലോറിയിൽ പ്രത്യേകം തയാറാക്കിയ ടാങ്കിൽ നിറച്ച കക്കൂസ് മാലിന്യമായി എത്തിയ ലോറി പാടത്തിന്റെ വശത്തുള്ള റോഡിൽ കൂടി കടന്നു പോകുന്നത് കണ്ട സമീപവാസി ചൊവ്വല്ലൂർ തോമസ് ലൂവീസ് ലോറിയിലേക്ക് ടോർച്ച് തെളിയിച്ച് ബഹളം വയ്ക്കുകയും നാട്ടുകാരെ വിവരം അറിയിക്കുകയും ചെയ്തു.
ആളുകൾ ഓടിയെത്തുന്നതുകണ്ട മാലിന്യസംഘം ലോറി പിന്നിലേക്ക് എടുക്കുന്നതിനിടയിൽ വണ്ടി പാടത്തേക്ക് ചെരിഞ്ഞു. ഇതേത്തുടർന്ന് രണ്ടംഗ സംഘം ലോറി ഉപേക്ഷിച്ച് ഓടി രക്ഷപ്പെട്ടു. സംഭവമറിഞ്ഞ് ഓടി എത്തിയ നാട്ടുകാരിൽ ചിലർ പ്രതിഷേധമായി ലോറിക്കു നേരെ അക്രമം നടത്തി. അങ്ങാടിത്താഴം ചക്കംകണ്ടം തെക്കൻ പാലയൂർ മേഖലയിൽ ശുചിമുറി മാലിന്യം തട്ടൽ ഇതിന് മുന്പും പലതവണ നടന്നിട്ടുണ്ട്. നേരത്തെ പെട്ടി ഓട്ടോറിക്ഷയിൽ മാലിന്യവുമായി എത്തിയപ്പോൾ നാട്ടുകാർ പിടികൂടിയിരുന്നു.
ഗുരുവായൂർ അഴുക്കുചാൽ പദ്ധതിയുടെ ഭാഗമായി വലിയതോട് വഴി ചക്കംകണ്ടത്ത് എത്തുന്ന മനുഷ്യവിസർജ വസ്തുക്കൾക്ക് പുറമെയാണ് വാഹനത്തിൽ മാലിന്യം എത്തുന്നത്. ഇതേത്തുടർന്ന് പൊറുതി മുട്ടിയ ജനങ്ങൾ രാത്രി കാവൽ ഏർപ്പെടുത്തിയിരുന്നു. ഇതിനിടയിലാണ് രാത്രി ശുചിമുറി മാലിന്യവുമായി ടാങ്കർ ലോറി എത്തിയത്.
ചാവക്കാട് പോലീസ്, ചാവക്കാട് നഗരസഭ ആരോഗ്യവിഭാഗം എന്നിവർ സ്ഥലത്തെത്തി. നടപടി സ്വീകരിച്ചു. മാലിന്യം തള്ളാൻ എത്തിയവർ തമിഴ് സംഘമാണെന്ന് സംശയിക്കുന്നു.മാലിന്യവുമായി എത്തിയ ലോറി സർക്കാരിലേക്ക് കണ്ടുകെട്ടണം. മാലിന്യ സംഘങ്ങൾക്കെതിരെ കർശന നടപടി സ്വീകരിക്കണമെന്നും ഈ മേഖലയിൽ രാത്രികാല പട്രോളിംഗ് ശക്തമാക്കണമെന്നും പൗരാവകാശവേദി പ്രസിഡന്റ് നൗഷാദ് തെക്കുംപുറം ആവശ്യപ്പെട്ടു.