പൂച്ചാക്കൽ: പരാതികൾ പതിവാകുന്പോഴും മാലിന്യം തള്ളൽ നിയന്ത്രണമില്ലാതെ തുടരുന്നു. റോഡരികുകളിൽ പുല്ല് വളർന്ന ഭാഗങ്ങളിലും സമീപത്തെ ജലാശയങ്ങളിലെക്കും റോഡരികിലും ശുചിമുറിമാലിന്യം തള്ളുന്നത് പതിവായിട്ടും നടപടി സ്വീകരിക്കാത്തതിൽ വൻ പ്രതിഷേധം. പൂച്ചാക്കൽ പുതിയ പാലത്തിന്റെ ഇരുവശങ്ങളിലും ദിവസങ്ങളായി മാലിന്യ നിക്ഷേപത്തിന് യാതൊരു കുറവുമില്ലാതെ തുടരുകയാണ്.
കൂടാതെ പൂച്ചാക്കൽ തോട്ടിലെക്കും യഥേഷ്ടം മാലിന്യം തള്ളുന്നുണ്ട് ദിവസങ്ങൾക്ക് മുന്പ് ചേർത്തല – അരൂക്കുറ്റി റോഡിൽ മാക്കേക്കവലയിലെ ജപ്പാൻ ശുദ്ധജല വിതരണ കേന്ദ്രത്തിന് സമീപമാണ് ശുചിമുറി മാലിന്യങ്ങൾ തള്ളിയത്. ചേർത്തല – അരൂക്കുറ്റി റോഡിന്റെ വശങ്ങളിലും രാത്രികാലങ്ങളിൽ വാഹനങ്ങളിലെത്തിച്ച് കക്കൂസ് മാലിന്യമടക്കം നിക്ഷേപിക്കുന്നത് പതിവാണ്.
പള്ളിപ്പുറം എഞ്ചിനീയറിംഗ് കോളേജിന് സമീപം മാസങ്ങൾക്ക് മുന്പ് റോഡിൽ തള്ളിയ ശുചിമുറി മാലിന്യം മഴയത്ത് സമീപത്തെ വീടുകൾക്ക് മുന്നിൽ ഒഴുകിപ്പരന്നത് പ്രതിഷേധത്തിനിടയാക്കിയിരുന്നു. എന്നാൽ മാലിന്യ നിക്ഷേപത്തിന് അറുതിവരുത്താൻ അധികൃതർക്കായില്ല. കൊച്ചി നഗരത്തോട് അടുത്തു കിടക്കുന്ന പ്രദേശമായതിനാൽ അവിടെ നിന്നുള്ള മാലിന്യങ്ങൾ രാത്രികാലങ്ങളിൽ തൈക്കാട്ടുശേരി, ചേന്നം പള്ളിപ്പുറം, പാണാവള്ളി പഞ്ചായത്തുകളുടെ വിവിധ ഭാഗങ്ങളിൽ തള്ളുന്നു.
മാലിന്യം തള്ളൽ പതിവായി നടക്കുന്നുണ്ടെങ്കിലും ഇതിനു പിന്നിലുള്ളവരെ കണ്ടെത്താനോ ശിക്ഷിക്കാനോ അധികൃതർക്കായിട്ടില്ല. മാക്കേക്കവല ജപ്പാൻ കുടിവെള്ള ശുദ്ധീകരണ പ്ലാന്റിന് സമീപം വിദ്യാർഥികളടക്കം നടന്നു പോകുന്ന വഴിയിൽ ശുചിമുറി മാലിന്യം ഒഴുക്കുന്നത് പതിവ് കാഴ്ചയായി മാറിയിരിക്കുന്നു. പുല്ല് വളർന്ന് നിൽക്കുന്ന ഭാഗത്താണ് അധികവും മാലിന്യം തള്ളുന്നത്.
മാലിന്യ നിക്ഷേപം പതിവായതോടെ തെരുവ് നായ്ക്കളുടെ എണ്ണവും കൂടി. മാലിന്യ നിക്ഷേപിക്കുന്നവർക്കെതിരെ പോലീസിന് ഒന്നും ചെയ്യാൻ കഴിയാറില്ലെന്ന ആക്ഷേപം നിലനിൽക്കുന്നുണ്ട്. വഴിയരികിൽ ശുചിമുറി മാലിന്യം തള്ളുന്ന വാഹനങ്ങൾ പിടിച്ചെടുക്കണമെന്ന സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്റെ നിർദേശം പലപ്പോഴും പാലിക്കപ്പെടാറില്ല. പരിസ്ഥിതിക്കും മനുഷ്യ ജീവനും ഭീഷണിയാകുന്ന ഇത്തരം മാഫിയാകളെ അമർച്ച ചെയ്യേണ്ടത് അനിവാര്യമാണ് എന്ന് കമ്മീഷൻ ചൂണ്ടിക്കാണിച്ചിരുന്നു.
കുടിവെള്ള ടാങ്കർ എന്ന് എഴുതിയ വാഹനത്തിലാണ് മാലിന്യം എത്തിക്കുന്നത്. ജനവാസ കേന്ദ്രത്തിലൂടൈ മാലിന്യവുമായി പോകുന്പോൾ ആളുകൾക്ക് സംശയം തോന്നാതിരിക്കാനും പോലീസ് പരിശോധനയിൽ നിന്നും രക്ഷപെടുന്നതിനുമാണ് ഇങ്ങനെ ചെയ്യുന്നത്.
മാലിന്യം തള്ളുന്ന പ്രദേശങ്ങളിൽ സി സി കാമറകൾ സ്ഥാപിക്കും എന്ന് തൈക്കാട്ടുശേരി പഞ്ചായത്ത് അധികൃതർ പറഞ്ഞിട്ട്് മാസങ്ങൾ നീളുന്നു. പരിസ്ഥിതിക്കും മനുഷ്യനും ഒരു പോലെ മാരകമായ ശുചിമുറി മാലിന്യം തള്ളുന്നത് എത്രയും വേഗം കടിഞ്ഞാണ് ഇടുകയും ഇത്രക്കാർക്കെതിരെ കർശന നടപടികൾ സ്വീകരിക്കണം എന്നാണ് നാട്ടുകാരുടെ ആവശ്യം.