സ്വന്തം ലേഖകൻ
തൃശൂർ: ഒരു കാലിലെ മന്ത് മറ്റൊരു കാലിലേക്കു മാറ്റി പ്രശ്നം പരിഹരിക്കുന്നതുപോലെയാണു മാലിന്യ പ്രശ്നത്തിൽ കോർപറേഷൻ ചെയ്തതെന്നു നഗരത്തിലെത്തുന്നവർ പറയുന്നു. ശക്തനിലെ മാലിന്യക്കൂന്പാരം കുന്നുകൂടി ചീഞ്ഞളിഞ്ഞു കിടക്കുന്നതു കണ്ടാൽ ആരും ഇങ്ങനെ പറഞ്ഞു പോകും.
ലാലൂർ നിവാസികൾ നീണ്ട വർഷങ്ങൾ സമരം ചെയ്തതിനുശേഷമാണ് അവരുടെ ദുരിതം അവസാനിച്ചത്. ഇതുപോലെ തന്നെ മാലിന്യം കുന്നുകൂടി ചീഞ്ഞളിഞ്ഞ് അവിടെയുള്ളവർക്കു ജീവിക്കാൻപോലും കഴിയാത്ത സാഹചര്യമെത്തിയതോടെയാണ് ഗത്യന്തരമില്ലാതെ സമരമാർഗത്തിലെത്തിയത്.
ഒടുവിൽ മാലിന്യം ഒരു സ്ഥലത്തു കൂട്ടിയിടാതെ വികേന്ദ്രീകൃത രീതിയിൽ സംസ്കരിക്കാനുള്ള തീരുമാനവും കൂടാതെ മാലിന്യം വളമാക്കി മാറ്റാനുള്ള സംവിധാനവും ഉണ്ടെന്നു പറഞ്ഞാണു നഗരമധ്യത്തിലേക്കുതന്നെ മാലിന്യം കൊണ്ടുവന്നത്.
തുടക്കത്തിൽ ഇതു നല്ല രീതിയിൽ നടന്നെങ്കിലും പിന്നീട് കോർപറേഷൻ ഭരണാധികാരികൾ ശ്രദ്ധിക്കാതെയായി. അതോടെ കരാറുകാരനും തനിക്കു മുതലാകില്ലെന്നു പറഞ്ഞു മാലിന്യം സംസ്കരിക്കുന്നതു നിർത്തി. ഇതോടെ നഗരമധ്യത്തിൽ കുന്നുകൂടി മാലിന്യമലയായി.
നിരന്തരം നൂറുകണക്കിന് ആളുകൾ വന്നുപോകുന്ന ശക്തൻ ബസ് സ്റ്റാൻഡിനു സമീപംതന്നെ മാലിന്യം ചീഞ്ഞുനാറിയതോടെ ആർക്കും ഇതുവഴി മൂക്കു പൊത്താതെ നടക്കാൻ പറ്റാത്ത സാഹചര്യമാണിപ്പോൾ. തൃശൂർ മാലിന്യനഗരമായി മാറിയിട്ടും മേയർക്കും ആരോഗ്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാനുമൊന്നും ഒരു കുലുക്കവുമില്ല.
കഴിഞ്ഞ കൗണ്സിൽ യോഗത്തിൽ പ്രതിപക്ഷം മാലിന്യപ്രശ്നം പരിഹരിക്കണമെന്ന ആവശ്യവുമായി രംഗത്തെത്തിയെങ്കിലും മേയർ ഇതു കേട്ടെന്നു ഭാവിക്കുകപോലും ചെയ്യാതെ ബെല്ലടിച്ചു യോഗം കഴിഞ്ഞ് ഇറങ്ങിപ്പോയി. മാലിന്യം ഇടാൻ സ്ഥലമില്ലെന്നാണ് ഇപ്പോൾ പറയുന്നത്.
മാലിന്യം ശക്തനിൽ ഒതുങ്ങാതെ വന്നപ്പോൾ ലോറിയിൽ ഇവിടെനിന്ന് എടുത്തു മറ്റൊരു സ്ഥലത്തു കൊണ്ടിടാൻ ശ്രമിച്ചിരുന്നു. എന്നാൽ അവിടെയുള്ളവർ എതിർപ്പുമായി വന്നതോടെ അതും പറ്റാതായി. ഇനിയിപ്പോൾ എന്തു ചെയ്യുമെന്നറിയാത്ത അവസ്ഥയിലാണ് ആരോഗ്യ സ്റ്റാൻഡിംഗ് കമ്മിറ്റി.
മാലിന്യം എങ്ങനെ സംസ്കരിക്കാം എന്നതിനെക്കുറിച്ച് പഠിക്കാൻ കോവിഡ് കാലത്ത് സംഘമായി ഹൈദരാബാദിൽ പോയിട്ടും ഒരു ഗുണവുമുണ്ടായില്ലേയെന്നാണു നഗരവാസികളുടെ ചോദ്യം. മാലിന്യത്തിന്റെ പേരിൽ ടൂർ നടത്തിയതല്ലാതെ നഗരത്തിന് ഇതിൽനിന്നു മോചനമുണ്ടാകില്ലെന്നു പ്രതിപക്ഷവും ആരോപിക്കുന്നു.