തൃശൂർ: മാലിന്യം പൊതുസ്ഥലത്ത് വലിച്ചെറിയുന്നവർക്കെതിരെ പോലീസ് നടപടി വരുന്നു. സ്ഥിരമായി മാലിന്യങ്ങൾ പൊതുസ്ഥലത്ത് വലിച്ചെറിയുന്നവർക്ക് ആദ്യം മുന്നറിയിപ്പു നൽകും. എന്നിട്ടും ഏറ് തുടരുകയാണെങ്കിൽ നിയമനടപടി സ്വീകരിക്കാനാണ് പോലീസ് തീരുമാനിച്ചിരിക്കുന്നത്.
ഐപിസി, കേരള പോലീസ് ആക്ട്, കേരള മുൻസിപ്പാലിറ്റി ആക്ട്, കേരള പഞ്ചായത്ത് രാജ് ആക്ട് എന്നിവയിലെ വിവിധ വകുപ്പുകൾ പ്രകാരമാണ് നിയമനടപടി സ്വീകരിക്കുക. മഴക്കാലത്ത് പകർച്ചവ്യാധികൾ തടയുന്നതിനുള്ള പ്രവർത്തനങ്ങൾക്ക് പോലീസ് സഹകരണം നൽകുമെന്ന് ഡിജിപി ലോക്നാഥ് ബെഹ്റ അറിയിച്ചു.
സംസ്ഥാനസർക്കാർ ഹരിതകേരളം മിഷൻ, ശുചിത്വ മിഷൻ വിവിധ തദ്ദേശഭരണ സ്ഥാപനങ്ങൾ തുടങ്ങിയവയുടെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന മഴക്കാല പൂർവശുചീകരണ പരിപാടികൾക്കാവശ്യമായ പിന്തുണയും സഹായവും നൽകാൻ ഡിജിപി എല്ലാ എസ്എച്ച്ഒമാർക്കും മറ്റു യൂണിറ്റ് മേധാവിമാർക്കും നിർദ്ദേശം നൽകിയിട്ടുണ്ട്.
പ്രാദേശികതലങ്ങളിൽ അമിതമായ ഖര-ജല-വായു മലീനീകരണമുണ്ടാക്കുന്ന പ്രദേശങ്ങൾ കണ്ടെത്തുന്നതിനും തുടർന്ന് ജനമൈത്രീ സമിതികളുടെ സഹായത്തോടെ അവക്കെതിരെ ബോധവത്കരണം നടത്തുന്നതിനും നിർദ്ദേശം നൽകിയിട്ടുണ്ട്.
പോലീസ് ഓഫീസുകളും പരിസരങ്ങളും ഗ്രീൻപ്രോട്ടോക്കോൾ പാലിക്കുന്നതിനും ശുചിത്വം ഉറപ്പാക്കുന്നതിനും നടപടികൾ സ്വീകരിച്ചുവരികയാണെന്നും അധികൃതർ പറഞ്ഞു. ഇക്കാര്യത്തിൽ എല്ലാ പോലീസ് മേധാവിമാരും റേഞ്ച് ഐജിമാരും മേഖല എഡിജിപിമാരും ആവശ്യമായ മേൽനോട്ടം വഹിക്കണമെന്നും പോലീസ് നടപടികൾ സംബന്ധിച്ച റിപ്പോർട്ട് ജൂണ്‍ 15നകം പോലീസ് ആസ്ഥാനത്ത് എത്തിക്കണമെന്നും നിർദ്ദേശം നൽകിയിട്ടുണ്ട്.