തുറവൂർ: പരാതീനതയിൽ നട്ടം തിരിഞ്ഞ് തുറവൂർ കൃഷി ഭവൻ. പച്ചക്കറി തൈകളും, മണ്‍ചട്ടികളും, തെങ്ങിൻ തൈകളും, വളങ്ങളും കൊണ്ട് നിറഞ്ഞിരിക്കുകയാണ് കൃഷിഭവൻ കെട്ടിടം. ഇതിന്റെ ഇടയിലാണ് കൃഷി ഓഫീസർ ഉൾപ്പെടെ അഞ്ച് ജീവനക്കാർ ജോലി ചെയ്യുന്നത്. ജീവനക്കാർക്ക് ഒരു ശുചിമുറി പോലും ഇല്ലാത്ത അവസ്ഥയാണ്. കൃഷിഭവന്റെ കിഴക്കുഭാഗത്തായി ഉള്ള ശുചിമുറി ഉപയോഗശൂന്യമായി മാലിന്യം പൊട്ടിയൊലിച്ച് ദുർഗന്ധം വമിക്കുകയാണ്.
കൃഷിഭവനോട് ചേർന്നുള്ള സ്ഥലത്ത് പഞ്ചായത്ത് ഓഫീസിൽ നിന്നുള്ള പേപ്പർ, പ്ലാസ്റ്റിക് മാലിന്യങ്ങൾ രാവിലെ തന്നെ കത്തിക്കുന്നതു മൂലം കൃഷിഭവനിൽ ജീവനക്കാരും നാട്ടുകാരും കഷ്ടപ്പെടുകയാണ്. തുറവുർ പഞ്ചായത്ത് ഓഫീസിനോടു ചേർന്നുള്ള കെട്ടിടത്തിലാണ് കൃഷിഭവൻ പ്രവർത്തിക്കുന്നത്. നിരവധി തവണ കൃഷിഭവനിലെ ഉദ്യോഗസ്ഥർ ഓഫീസിന്റെ ദുരവസ്ഥയെക്കുറിച്ച് പരാതിപ്പെട്ടിട്ടും അധികൃതർ കണ്ടില്ലെന്നു നടിക്കുകയാണ്.
കൃഷി ഭവനിലെത്തുന്ന വിതരണ സാധനങ്ങൾ സംഭരിച്ചു വയ്ക്കുവാനുള്ള സൗകര്യം പോലും പഞ്ചായത്ത് അധികൃതർ നൽകുന്നില്ലെന്നും ആക്ഷേപമുണ്ട്. തുറവൂർ കവലയുടെ പരിസരങ്ങളിൽ തന്നെ സർക്കാർ പുറംപോക്കിൽ കെട്ടിടം നിർമിച്ച് കൃഷിഭവൻ സൗകര്യപ്രദമായ ഇടത്തേയ്ക്ക് മാറ്റണമെന്നാവശ്യം ഉയരുന്നു.