വടക്കഞ്ചേരി: വണ്ടാഴി പുല്ലംപ്പാടത്ത് പ്ലാസ്റ്റിക് പൊടിക്കുന്ന കന്പനിയിലെ മാലിന്യങ്ങൾ ഉടൻ നീക്കം ചെയ്യണമെന്ന പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടറുടെ ഉത്തരവ് പാലിക്കാൻ തയ്യാറാകാത്ത പഞ്ചായത്ത് അധികൃതരുടെ നിലപാടിനെതിരെ നാട്ടുകാർ കോടതിയെ സമീപിക്കുന്നു.
ഈ മാസം നാലിനുള്ളിൽ മാലിന്യം നീക്കി പ്രദേശം വൃത്തിയാക്കണമെന്നായിരുന്നു കഴിഞ്ഞ മാസം 30 ന് പോലീസ്, നാട്ടുകാരുടെ പ്രതിനിധികൾ എന്നിവർക്ക് കന്പനി ഉടമയെ വിളിച്ചു വരുത്തി പഞ്ചായത്ത് സെക്രട്ടറി നൽകിയ ഉറപ്പ്. ഇക്കാര്യം രേഖാമൂലവും സെക്രട്ടറി നാട്ടുകാർക്ക് നൽകിയിരുന്നു. എന്നാൽ നിശ്ചിത തിയതി കഴിഞ്ഞു ഒരാഴ്ച പിന്നിട്ടിട്ടും മാലിന്യം നീക്കം ചെയ്തില്ല.
ഇക്കാര്യം വീണ്ടും പഞ്ചായത്ത് അധികൃതരുടെ ശ്രദ്ധയിൽ കൊണ്ട് വന്നപ്പോൾ കന്പനി ഉടമയെ സഹായിക്കുന്ന സമീപനമാണ് അധികൃതർ സ്വീകരിച്ചതെന്ന് സമരപരിപാടികൾക്ക് നേതൃത്വം നൽകുന്ന പ്രമോദ് തണ്ടലോട് പറഞ്ഞു.
പ്രദേശത്ത് വലിയ ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടാക്കുന്ന മാലിന്യം, ഉടമ നീക്കം ചെയ്തില്ലെങ്കിൽ മാലിന്യം മാറ്റാൻ പഞ്ചായത്ത് അടിയന്തിര നടപടി സ്വീകരിക്കണമെന്നും ആയതിന് വരുന്ന ചെലവ് ഉടമയിൽ നിന്നും വസൂലാക്കണമെന്നുമായിരുന്നു ഡി ഡി പി കഴിഞ്ഞ മാസം പുറപ്പെടുവിച്ച ഉത്തരവ്.
ഈ ഉത്തരവ് നടപ്പാക്കാതെ കന്പനി പ്രവർത്തിപ്പിക്കാൻ ഉടമക്ക് പഞ്ചായത്ത് സൗകര്യം ചെയ്ത് കൊടുത്തതിനെതിരെ കോണ്ഗ്രസ് പ്രവർത്തകർ കഴിഞ്ഞ 30 ന് പഞ്ചായത്ത് ഓഫീസിൽ സെക്രട്ടറിയെ ഉപരോധിച്ചിരുന്നു. തുടർന്നാണ് മാലിന്യം മാറ്റാൻ നാലാം തിയതി വരെ ഉടമക്ക് സമയം നൽകിയത്. ഭരണകക്ഷിക്കാരുടെ സമ്മർദ്ദം മൂലമാണ് കന്പനിക്കെതിരെ പഞ്ചായത്ത് അധികൃതർ നടപടി എടുക്കാത്തതെന്നും നാട്ടുകാർ ആരോപിക്കുന്നു. ഇത് ഇടപാടിലെ വലിയ അഴിമതിയാണ് തെളിയിക്കുന്നതെന്നും സമരക്കാർ പറഞ്ഞു.