വൈക്കം: വൈക്കം നഗരത്തിൽ മാലിന്യസംസ്കരണത്തിനു ഉൗർജിതമായി അധികൃതർ നടപടി സ്വീകരിക്കുന്പോഴും വൈക്കം ദളവാക്കുളം ലിങ്കു റോഡ് മാലിന്യ നിക്ഷേപ കേന്ദ്രമാകുന്നു. വീടുകൾ, വ്യാപാര സ്ഥാപനങ്ങൾ എന്നിവിടങ്ങളിൽ നിന്നടക്കം പ്ലാസ്റ്റിക് ഉൾപ്പടെയുള്ള അജൈവ മാലിന്യങ്ങൾ ശേഖരിക്കാൻ നഗരസഭ കപ്പോളച്ചിറയിലെ മാലിന്യ സംസ്കരണ പ്ലാന്റ് പ്രവർത്തനക്ഷമമാക്കുകയും 80 ഹരിത കർമ്മ സേനാംഗങ്ങളെ മാലിന്യശേഖരണത്തിനു നിയോഗിക്കുകയും ചെയ്തിരുന്നു.
എന്നാൽ മാലിന്യം ശേഖരിക്കാനെത്തുന്ന ഹരിത കർമ്മ സേനാംഗങ്ങൾക്ക് അജൈവമാലിന്യങ്ങൾ നൽകാതെ നഗരത്തിന്റെ ഹൃദയഭാഗത്തു കൂടി കടന്നു പോകുന്ന ലിങ്ക് റോഡിൽ വ്യാപാരികളും കുടുംബങ്ങളും ഇരുട്ടിന്റെ മറവിൽ മാലിന്യങ്ങൾ വാഹനങ്ങളിലെത്തിച്ച് നിക്ഷേപിക്കുന്നത് പതിവാക്കുകയാണ്.
പ്ലാസ്റ്റിക് ചാക്കുകളിൽ നിറച്ച ജൈവമാലിന്യങ്ങൾലിങ്ക് റോഡിനു സമീപം കുന്നുകൂട്ടുന്നത് ചീഞ്ഞളിഞ്ഞ് കടുത്തദുർഗന്ധം വമിക്കുന്നതിനാൽ മൂക്കുപൊത്തിയാണ് ജനം ഇതുവഴികടന്നു പോകുന്നത്.ലിങ്ക് റോഡിന്റെ ഓരത്തു കുന്നുകൂട്ടുന്ന മാലിന്യം നീക്കം ചെയ്ത് ആരോഗ്യകരമായ അന്തരീക്ഷം ഒരുക്കുന്നതിനു അധികൃതർ നടപടി സ്വീകരിക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു.