മങ്കൊന്പ്: റോഡുവക്കിൽ പതിവായുള്ള മാലിന്യനിക്ഷേപം മൂലം നാട്ടുകാരും യാത്രക്കാരും ദുരിതത്തിൽ. മുളയ്ക്കാംതുരുത്തി കാവാലം റോഡിലെ വാലടി പ്രദേശത്താണ് മാലിന്യനിക്ഷേപം പതിവാകുന്നത്.
റോഡുവക്കിലെ സ്വകാര്യ വ്യക്തികളുടെ പുരയിടത്തിലാണ് ചെറുതും വലുതുമായ പ്ലാസ്റ്റിക് കിറ്റുകളിലാക്കി മാലിന്യം തള്ളുന്നത്. ഗാർഹികാവശിഷ്ടങ്ങൾ കവറുകളിലാക്കി വാഹനങ്ങളിൽ കൊണ്ടുവന്ന് റോഡു കടന്നുപോകുന്ന പാടശേഖരങ്ങളിലും ചതുപ്പുകളിലും നിക്ഷേപിക്കുന്നത് നിത്യസംഭവമാണ്.
ഇതിനു പുറമെ അറവുമാലിന്യങ്ങളും നിക്ഷേപിക്കുന്നു. അഴുകിയ ഇത്തരം മാലിന്യങ്ങൾ പരത്തുന്ന ദുർഗന്ധം നാട്ടുകാർക്കു മാത്രമല്ല ഇതുവഴി കടന്നുപോകുന്ന വാഹനയാത്രക്കാരെയും ദുരിതത്തിലാക്കുന്നു.
ഏറെ ഗതാഗത തിരക്കുകളുള്ള റോഡിൽ ചങ്ങനാശേരി കാവാലം റൂട്ടിൽ കെഎസ്ആർടിസി ഉൾപ്പെടെ സർവീസ് നടത്തുന്നു. ആയിരക്കണക്കിനു സ്വകാര്യവാഹനങ്ങൾക്കു പുറമെ 30 ലധികം സ്കൂൾ ബസുകളും സർവീസ് നടത്തുന്നുണ്ട്.
അറവുമാലിന്യനിക്ഷേപം പതിവായതോടെ പ്രദേശത്ത് തെരുവുനായ്ക്കളുടെ ശല്യവും വർധിക്കുകയാണ്. റോഡിൽ അലക്ഷ്യമായി പായുന്ന നായ്്ക്കൾ ഇരുചക്രവാഹനയാത്രക്കാർക്ക് അപകട ഭീഷണിയുയർത്തുന്നു. അഴുകിയ മാലിന്യങ്ങൾ റോഡിലും സമീപത്തെ വീടുകൾക്കു സമീപവും നായ്ക്കൾ കടിച്ചു കൊണ്ടുവന്നിടുന്നത് ആരോഗ്യ പ്രശ്നവും സൃഷ്ടിക്കുന്നു.
നായ്ക്കൾക്കു പുറമെ എലി, ഇഴജന്തുക്കൾ എന്നിവയും ജനങ്ങൾക്കു ഭീഷണിയാകുന്നുണ്ട്. പാടത്തേക്കു മാലിന്യങ്ങൾ വലിച്ചെറിയുന്നത് കൃഷിയെയും ദേഷകരമായി ബാധിക്കുന്നു. മാലിന്യങ്ങൾ കഴിക്കാൻ പാടത്തേക്കിറങ്ങുന്ന നായ്ക്കൾ വിളകൾ നശിപ്പിക്കുന്നു.
ഇതിനു പുറമെ ദുർഗന്ധം മൂലം കൃഷിപ്പണികൾക്കിറങ്ങുന്ന തൊഴിലാളികൾക്കും കർഷകർക്കും ബുദ്ധിമുട്ടുകളേറെയാണ്. പ്രദേശത്ത് തെരുവു വിളക്കുകൾ ഇല്ലാത്തത് മാലിന്യം നിക്ഷേപിക്കാനെത്തുന്നവർക്ക് അനുകൂല സാഹചര്യമൊരുക്കുന്നു.
റോഡുവക്കിൽ കേടായ തെരുവുവിളക്കുകൾ പുന: സ്ഥാപിക്കുകയും രാത്രികാലങ്ങളിൽ പോലീസ് പട്രോളിംഗ് ശക്തമാക്കുകയുമാണ് പ്രശ്നപരിഹാരത്തിനുള്ള മാർഗമെന്ന് നാട്ടുകാർ പറയുന്നു.