ആലപ്പുഴ: വ്യക്തി ശുചിത്വത്തിനും പരിസര ശുചിത്വത്തിനുമുള്ള ബോധവത്കരണ പരിപാടികള്‍ക്കായി ആരോഗ്യവകുപ്പ് പ്രതിവര്‍ഷം കോടികള്‍ ചിലവഴിക്കുമ്പോഴും അനാരോഗ്യം വളര്‍ത്തി ഒരു ആതുരാലയം. ആലപ്പുഴ ജനറല്‍ ആശുപത്രിയാണ് പൊതുജനാരോഗ്യത്തിന് ഭീഷണിയാകുന്ന തരത്തില്‍ ശുചിമുറി മാലിന്യങ്ങള്‍ കാനയില്‍ തള്ളുന്നത്.
ആശുപത്രിയിലെ ഒരു വിഭാഗം കെട്ടിടങ്ങളില്‍ നിന്നുള്ള ശുചിമുറി മാലിന്യങ്ങളാണ് ഇത്തരത്തില്‍ ആശുപത്രി കെട്ടിടത്തിനു മധ്യഭാഗത്തുകൂടി കടന്നുപോകുന്ന കാനയിലേക്ക് പതിറ്റാണ്ടുകളായി തള്ളുന്നത്.
ആശുപത്രിയിലെ ജനറേറ്റര്‍ റൂമിന് പടിഞ്ഞാറുഭാഗത്തുള്ള സെപ്റ്റിക് ടാങ്കിനു സമീപത്തുനിന്നും ആരംഭിക്കുന്ന കാനയിലാണ് മാലിന്യങ്ങള്‍ തള്ളുന്നത്. കാനയിലെ തുടക്കം മുതലുള്ള സ്ഥലത്തു സ്ലാബുകളുപയോഗിച്ച് മറച്ചിട്ടുള്ളതിനാല്‍ ഇതധികം ആരുടെയും ശ്രദ്ധയില്‍ പെടാറുമില്ല.
പുതുതായി നിര്‍മിക്കുന്ന ഡയാലിസിസ് യൂണിറ്റിനു സമീപത്തായി കടന്നുപോകുന്ന കാനയിലേക്കാണ് നഴ്സിംഗ് സൂപ്രണ്ട് ഓഫീസ്, ഡോക്ടര്‍മാരുടെ വിശ്രമ മുറികള്‍, രണ്ടാം വാര്‍ഡ് ഉള്‍പ്പെടെയുള്ള രണ്ടുവാര്‍ഡുകള്‍ എന്നിവയില്‍ നിന്നുള്ള ശുചിമുറി മാലിന്യങ്ങള്‍ തള്ളുന്നത്. ഈ കാന അവസാനിക്കുന്നത് കൊട്ടാരത്തോട്ടിലുമാണ്.
തോട്ടിലേക്ക് ഒഴുകിയെത്തുന്ന ശുചിമുറി മാലിന്യങ്ങള്‍ വേമ്പനാട്ട് കായലിലെത്തിച്ചേരുകയും ചെയ്യും. സാംക്രമിക രോഗങ്ങള്‍ക്കെതിരായി നിരവധി ബോധവത്കരണ പരിപാടികള്‍ ആരോഗ്യവകുപ്പ് നേതൃത്വത്തില്‍ നടത്തുമ്പോഴും ആരോഗ്യവകുപ്പ് അധികൃതര്‍ക്കു പതിറ്റാണ്ടുകളായി അറിവുള്ള ഈ മാലിന്യ നിക്ഷേപം ഇപ്പോഴും തുടരുകയാണ്.
പലതവണ വിവരം ആരോഗ്യവകുപ്പിലെ ഉന്നതരടക്കം നിരവധി അധികൃതരുടെ ശ്രദ്ധയില്‍പ്പെടുത്തുകയും ആശുപത്രി ജീവനക്കാരില്‍ പലരും സംഭവം അധികൃതരുടെ മുന്നില്‍ അവതരിപ്പിക്കുകയും ചെയ്തെങ്കിലും പ്രശ്നപരിഹാരത്തിനു വേണ്ട നടപടികളുണ്ടായിട്ടില്ല.