മട്ടന്നൂർ: പഴശി അണക്കെട്ടിൽ മാലിന്യ കൂമ്പാരം അടിഞ്ഞു കൂടി. മലയോരത്തുണ്ടായ ഉരുൾ പൊട്ടലിനെ തുടർന്നു വെള്ളത്തിനൊപ്പം ഒഴുകിയെത്തിയതായിരുന്നു മാലിന്യം. ആയിരക്കണക്കിനു പ്ലാസ്റ്റിക് കുപ്പികൾ അടക്കമുള്ള മാലിന്യങ്ങളാണ് ഡാമിൽ കുമിഞ്ഞുകൂടിയത്.
അഞ്ച് ഷട്ടറിനോടു ചേർന്നാണ് മാലിന്യം കെട്ടിക്കിടക്കുന്നത്. മാലിന്യത്തിനൊപ്പം ഇഴജന്തുക്കളും ഒഴുകിയെത്തി. പാലത്തിൽ കയറുന്ന ഇഴജന്തുക്കളെ ഡാമിലെ തൊഴിലാളികളും നാട്ടുകാരും നീക്കം ചെയ്തു. ഇന്നലെ രാത്രിയിൽ കൂട്ടുപുഴയിൽ രണ്ടിടങ്ങളിൽ ഉരുൾപൊട്ടിയിരുന്നു. ഇവിടെ നിന്നു മഴവെള്ളം ഇരിട്ടി പുഴയിലേക്ക് കുത്തിയൊഴുകിയതിനെ തുടർന്നാണ് പഴശി ഡാമിൽ വെള്ളം കയറിയത്.
അണക്കെട്ടിലേക്ക് വെള്ളം കുത്തിയെഴുകിയതിനാൽ സാഗർ ജലവൈദ്യുത പദ്ധതിയുടെ നിർമാണ പ്രവൃത്തി നടക്കുന്ന സ്ഥലത്തും വെള്ളം കയറി. ഡാമിനടുത്തുള്ള കെ.വി. മുകുന്ദൻ, വി. രത്നാകരൻ തുടങ്ങിയവരുടെ സ്ഥലം ഇടിയുകയും ചെയ്തു. വൈദ്യുത പ്രശ്നം കാരണം ഇന്നലെയാണ് അണക്കെട്ടിന്റെ ഷട്ടറുകൾ തുറന്നത്. ഷട്ടറുകൾ തുറന്നില്ലായിരുന്നുവെങ്കിൽ 2012ൽ നടന്ന ദുരന്തം ആവർത്തിക്കുമായിരുന്നു.