സ്വന്തം ലേഖകൻ
തൃശൂർ: നഗരത്തിലെ മാലിന്യ നീക്കം രണ്ടാഴ്ചയായി നിർത്തിവച്ചു. ചില മേഖലകളിൽനിന്നുള്ള മാലിന്യങ്ങൾ ശക്തൻ നഗറിലെ കോർപറേഷന്റെ മാലിന്യ സംസ്കരണ പ്ളാന്റിനരികിലെ സ്ഥലത്തു കുന്നുകൂട്ടി. ശക്തൻ നഗർ മാലിന്യ മലയായി മാറിക്കൊണ്ടിരിക്കുകയാണ്. മഴയോടെ നനഞ്ഞു ചീഞ്ഞഴുകിയും പുഴവരിച്ചും നഗരവാസികളുടെ ആരോഗ്യത്തിനു ഭീഷണിയായിരിക്കുകയാണ്.
മലബാറിലെ നിപ്പ പനി ഭീഷണിയേക്കാൾ ഭീകരമായ ആരോഗ്യ പ്രശ്നങ്ങൾ അടുത്ത ദിവസങ്ങളിൽ തൃശൂരിലെ മാലിന്യ മലയിൽനിന്ന് ഉണ്ടാകുമെന്ന ഭീതിയിലാണു നഗരവാസികൾ. ശക്തനിൽ കോർപറേഷൻ സ്ഥാപിച്ച ശേഷി കുറഞ്ഞ മാലിന്യ സംസ്കരണ പ്ലാന്റ് മാസങ്ങളായി പ്രവർത്തന രഹിതമാണ്. പ്രവർത്തിപ്പിക്കാൻ കരാറുകാരൻ തയാറല്ല. പ്ലാന്റ് നന്നാക്കുന്നതിനും കരാറുകാരനു പണം നൽകന്നതും സംബന്ധിച്ച കരാർ പുതുക്കിയിട്ടുമില്ല.
കഴിഞ്ഞ ദിവസം ഇവിടെ ഏതാനും ലോഡ് മാലിന്യം ജെസിബി ഉപയോഗിച്ച് കുഴിച്ചു മൂടിയിരുന്നു. ഇനിയും ഇവിടെ കുന്നുകൂട്ടാനും കുഴിച്ചിടാനുമാണു കോർപറേഷൻ ശ്രമിക്കുന്നതെങ്കിൽ സമരത്തിനിറങ്ങേണ്ടി വരുമെന്ന് ഈ പ്രദേശത്തെ വ്യാപാരികളും ചുമട്ടുതൊഴിലാളികളും പറഞ്ഞു.
നഗരത്തിലെ 12 ലോഡ് മാലിന്യങ്ങൾ കോർപറേഷൻ കുരിയച്ചിറിയിൽ തള്ളിയത് വിവാദമായിരിക്കേയാണ് ശക്തൻ നഗറിലെ മാലിന്യക്കുന്നും ആരോഗ്യത്തിനു ഭീഷണിയായി മാറിയിരിക്കുന്നത്. മാലിന്യം നീക്കം ചെയ്യാത്തതിനാൽ നഗരത്തിന്റെ എല്ലാ ഭാഗങ്ങളിലും മാലിന്യക്കുന്നുകളുണ്ട്. മഴയിൽ ചീഞ്ഞഴുകിയും പുഴവരിച്ചും കൂടുതൽ വഷളാകുന്ന അവസ്ഥയാണ്.