കൊയിലാണ്ടി: റോഡിൽ മാലിന്യം തള്ളിയത് നാട്ടുകാർക്ക് ദുരിതമായി. കൊയിലാണ്ടി റെയിൽവെ സ്റ്റേഷന് മുൻവശത്തെ പന്തലായനി റോഡിലാണ് ഇന്നലെ രാത്രിയിൽ മലിന്യം തള്ളിയത്. ആശുപത്രി മാലിന്യങ്ങളടക്കം ദുർഗന്ധം വമിക്കുന്നതിനാൽ നാട്ടുകാർ ഏറെ പ്രയാസത്തിലാണ്.
സംഭവത്തിൽ നാട്ടുകാർ ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി.മാലിന്യം കുഴിച്ചുമൂടി പ്രശ്നം പരിഹരിക്കാൻ ശ്രമം നടന്നെങ്കിലും നാട്ടുകാർ സമ്മതിച്ചില്ല. ഇങ്ങനെ ചെയ്താൽ മഴ കാലത്ത് നീരുറവ കിണറ്റിലെക്ക് ഇറങ്ങി ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടാവുമെന്നാണ് നാട്ടുകാർ പറയുന്നത്.
സംഭവത്തെ തുടർന്ന് നഗരസഭാ കൗൺസിലർമാരായ യു. രാജീവൻ ,കോൺഗ്രസ് നേതാക്കളായ പി.വി.വേണുഗോപാൽ, സി.രത്ന വല്ലി ,, രാജേഷ് കീഴരിയൂർ തുടങ്ങിയ നേതാക്കളും പ്രവർത്തകരും സ്ഥലത്തെത്തി റോഡിൽ കുത്തിയിരുപ്പ് സമരം നടത്തി.
തുടർന്ന് നഗരസഭാ ചെയർമാൻ കെ.സത്യൻ സ്ഥലത്തെത്തി നാട്ടുകാരുമായി ചർച്ച നടത്തി പ്രശ്ന പരിഹാരം നടത്തുമെന്ന് ഉറപ്പു നൽകി.എന്നാൽ മാലിന്യങ്ങൾ നിക്ഷേപിച്ചതിൽ നഗരസഭയ്ക്ക് യാതൊരു പങ്കുമില്ലെന്ന് ചെയർമാൻ കെ.സത്യൻ പറഞ്ഞു. കുറ്റക്കാരെ കണ്ടെത്തി നടപടി സ്വീകരിക്കമെന്ന് നഗരസഭാ ചെയർമാൻ ഉറപ്പു നൽകിയതിനെ തുടർന്ന് സമരം അവസാനിപ്പിച്ചു.
തുടർന്ന് നഗരസഭാ മാലിന്യവണ്ടിയെത്തി മുഴുവൻ മാലിന്യവും നീക്കം ചെയ്തു . സമരത്തെ തുടര്‍ന്ന് കൊയിലാണ്ടി പോലീസും സ്ഥലത്തെത്തിയിരുന്നു. മാലിന്യം തള്ളിയതുമായി ബന്ധപ്പെട്ടുള്ള വിവരങ്ങള്‍ നഗരസഭാ അധികൃതര്‍ പോലീസിന് നല്‍കിയിട്ടുണ്ട്.