പരുത്തുംപാറ: മാലിന്യം തള്ളലിൽ പൊറുതിമുട്ടിയവരെ സംരക്ഷിക്കാൻ വലിച്ചെറിയുന്നവരെ കണ്ടെത്താൻ ചീഞ്ഞുനാറിയ മാലിന്യശേഖരത്തിൽ തപ്പിയ പഞ്ചായത്ത് വൈസ് പ്രസിഡന്റിനു കിട്ടിയത് മറ്റു ജില്ലക്കാർക്കൊപ്പം ഒരു നാട്ടുകാരിയെയും.
വാർഡിലെ വീടുകളിൽനിന്ന് ശേഖരിക്കുന്ന പ്ലാസ്റ്റിക് മാലിന്യങ്ങൾ സൂക്ഷിക്കുന്ന സദനം കവലയ്ക്കു സമീപത്തെ ഷെഡിനു ചുറ്റുമാണ് മാലിന്യം വലിച്ചെറിയുന്നത്.
ഇതു പതിവായതോടെയാണ് പനച്ചിക്കാട് പഞ്ചായത്ത് വൈസ് പ്രസിഡന്റ് റോയി മാത്യുവിന്റെ നേതൃത്വത്തിൽ ഹരിത കർമ സേനാംഗങ്ങളെയും കൂട്ടി പരിശോധന നടത്തിയത്.
ആലപ്പുഴ ജില്ലയിലെ കല്ലിശേരി നിവാസികളായ ഒരു വീട്ടിലെ മൂന്നുപേരുടെയും ചാന്നാനിക്കാട് നിവാസിയുടെയും പേരിൽ കൊറിയർ വന്ന മേൽവിലാസമുള്ള കവറുകളാണ് മറ്റ് മാലിന്യങ്ങളോടൊപ്പം ലഭിച്ചത്.
കവറിലെ ഫോണ് നന്പരിൽ വിളിച്ചപ്പോൾ യാത്രക്കിടെ വലിച്ചെറിഞ്ഞതാണെന്നു കല്ലിശേരിക്കാർ സമ്മതിക്കുകയും ചെയ്തു.
ഇതിനു മുന്പു മൂന്നുതവണ മണ്ണുമാന്തി യന്ത്രമുപയോഗിച്ച് മാലിന്യം കുഴിച്ചുമൂടിയതായും പതിനായിരം രൂപ വീതം എല്ലാവരിൽനിന്നും പിഴയീടാക്കുവാൻ നോട്ടീസ് നൽകുമെന്നും റോയി മാത്യു പറഞ്ഞു.