തൊടുപുഴ: വെങ്ങല്ലൂർ-മങ്ങാട്ടുകവല നാലുവരിപ്പാതയിൽ മാലിന്യം തള്ളിയ എറണാകുളം തൃക്കാക്കര സ്വദേശിയ്ക്ക് നഗരസഭ 2000 രൂപ പിഴ ചുമത്തി.
പൊതുവഴിയിൽ മാലിന്യം തള്ളിയെന്ന പരാതിയെ തുടർന്ന് ഹരിതകർമ സേനാംഗങ്ങളും മാലിന്യ നിർമാർജന തൊഴിലാളികളും നടത്തിയ പരിശോധനയിൽ ലഭിച്ച രേഖയിലെ ആധാർ കാർഡ് നന്പർ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് മാലിന്യം തള്ളിയയാളെ കണ്ടെത്തിയത്.
സൈബർ സെല്ലിന്റെ സഹായത്തോടെ മാലിന്യം തള്ളിയയാൾക്ക് പിഴയടയ്ക്കണമെന്നാവശ്യപ്പെട്ട് മുനിസിപ്പൽ ആരോഗ്യവിഭാഗം നോട്ടീസ് നൽകി.
മുന്നു ദിവസം മുന്പാണ് കാഡ്സിന് സമീപം നാലുവരി പാതയിൽ മാലിന്യം തള്ളിയത് നാട്ടുകാരുടെ ശ്രദ്ധയിൽപ്പെട്ടത്.
അവിടെ നിന്നും ലഭിച്ച ആധാർ നന്പർ തൃക്കാക്കര സ്വദേശിയുടെയാണെന്ന് വ്യക്തമായി.
ഇതേ തുടർന്നാണ് ആരോഗ്യ വിഭാഗം മുനിസിപ്പൽ നിയമമനുസരിച്ച് പിഴയൊടുക്കുന്നതിന് ഇയാൾക്ക് നോട്ടീസയച്ചത്.
നഗരസഭ ആരോഗ്യവിഭാഗം ഇയാളുമായി ഫോണിൽ ബന്ധപ്പെട്ടപ്പോൾ മാലിന്യം തള്ളിയില്ലെന്ന മറുപടിയാണ് ലഭിച്ചത്.
എന്നാൽ വാഹനത്തിലോ മറ്റോ പോയപ്പോൾ വലിച്ചെറിഞ്ഞതാകാമെന്നാണ് ഉദ്യോഗസ്ഥർ കരുതുന്നത്.
അതിനാൽ പിഴയൊടുക്കുന്നതിൽ നിന്നും ഒഴിവാക്കാനാവില്ലെന്ന് ജൂണിയർ ഹെൽത്ത് ഇൻസ്പെക്ടർ പ്രജീഷ്കുമാർ പറഞ്ഞു.