വൈപ്പിന്‍: ആരാധനാലയവുമായുള്ള ദൂരപരിധി വിനയായപ്പോള്‍ ഗേറ്റ് താല്കാലികമായി ഉള്ളിലേക്കു മാറ്റി സ്ഥാപിച്ച് മാലിപ്പുറം വളപ്പ് മാര്‍ക്കറ്റിലെ മദ്യശാല തുറക്കാന്‍ വീണ്ടും ബെവ്കോയുടെ ശ്രമം.
റോഡിനോട് ചേര്‍ന്ന് സ്ഥാപിച്ചിരുന്ന മദ്യശാലയുടെ ഗേറ്റ് 10 മീറ്ററോളം അകത്തേക്ക് മാറ്റി താൽക്കാലികമായി ടിന്‍ഷീറ്റ് ഉപയോഗിച്ച് പുതുക്കി നിര്‍മിച്ചിരിക്കുകയാണ്.
കഴിഞ്ഞ വര്‍ഷം ജൂലൈ 31ന് തുറന്ന അന്നുതന്നെ നാട്ടുകാരുടെയും ജനപ്രതിനിധികളുടെയും എതിര്‍പ്പിനെ തുടര്‍ന്ന് പഞ്ചായത്ത് മദ്യശാല അടച്ചുപൂട്ടിയിരുന്നു.
പഞ്ചായത്തില്‍നിന്നും ഡി ആൻഡ് എ ലൈസന്‍സ് സമ്പാദിക്കാതെ മദ്യശാല തുറക്കാന്‍ തുനിഞ്ഞതാണ് മദ്യശാല അടപ്പിക്കാന്‍ കാരണം.
പഞ്ചായത്തിന്റെ എതിര്‍പ്പിനെത്തുടർന്ന് ബെവ്കോ കോടതിയെ സമീപിച്ച് അനുകൂല ഉത്തരവ് വാങ്ങിയെങ്കിലും സമീപത്തെ ക്രിസ്ത്യന്‍ പള്ളിയുമായി ബന്ധപ്പെട്ട സംഘടന നല്കിയ ഹര്‍ജിയില്‍ മദ്യശാല തുറക്കുന്നത് കോടതി താല്കാലികമായി തടഞ്ഞിരുന്നു.
പള്ളിയുടെ ഗേറ്റില്‍നിന്നും 200 മീറ്ററിനകത്താണ് മദ്യശാല തുറക്കുന്നതെന്ന വാദഗതിയാണ് ഹര്‍ജിക്കാര്‍ കോടതിയില്‍ ഉയര്‍ത്തിയത്. ഇത് അബ്കാരി നിയത്തിനു വിരുദ്ധമാണത്രേ. ഇത് നോക്കാതെയാണ് എക്സൈസ് ആദ്യം ലൈസന്‍സ് നല്കിയതത്രേ.
കോടതി നിര്‍ദേശത്തെ തുടര്‍ന്ന് എക്സൈസ് അധികൃതര്‍ വീണ്ടും അടുത്ത ദിവസം പള്ളിയുടെ ഗേറ്റും മദ്യശാലയുടെ ഗേറ്റും തമ്മിലുള്ള ദൂരം അളക്കും.
ഇതിന്റെ ഭാഗമായാണ് ഗേറ്റ് മാറ്റി സ്ഥാപിച്ചത്. അതേ സമയം മദ്യശാല സ്ഥിതിചെയ്യുന്ന കെട്ടിടത്തിന്റെ 70 മീറ്റര്‍ ദൂരത്തില്‍ രണ്ട് സര്‍ക്കാര്‍ അംഗീകൃത പട്ടികജാതി വര്‍ഗ സെറ്റില്‍മെന്റ് കോളനിയുള്ളത് ബെവ്കോയ്ക്ക് മദ്യശാല തുറക്കുന്നതില്‍ വീണ്ടും വിനയാകുമെന്നാണ് സൂചന.
അതുമാത്രമല്ല നിലവില്‍ ജനങ്ങളുടെ ബാഹുല്യവും ഗതാഗതക്കുരുക്കും മൂലം പൊറുതിമുട്ടുന്ന വളപ്പ് മാര്‍ക്കറ്റില്‍ മദ്യശാലകൂടി വരുന്നതോടെ ദുരിതം ഇരട്ടിയാക്കും.