കുമരകം: അയ്മനം പഞ്ചായത്ത് ടൂറിസം വികസനത്തിനായി നിർമിച്ച മാലിക്കായൽ പാർക്ക് നാട്ടുകാരുടെ ഉറക്കം കെടുത്തുന്നതായി പരാതി.
കൂടി വരുന്ന തെരുവു നായ ശല്യത്തിനൊപ്പം സാമൂഹിക വിരുദ്ധരുടെയും കമിതാക്കളുടെയും ശല്യം അസഹനീയമായിരിക്കുകയാണെന്നാണ് സമീപവാസികളുടെ പരാതി.
ചീപ്പുങ്കൽ പാലത്തിൽനിന്ന് ഒന്നര കിലോമീറ്റർ പടിഞ്ഞാറ് വേന്പനാട്ടു കായൽ തീരത്താണ് പാർക്ക് സ്ഥിതി ചെയ്യുന്നത്. പാർക്കിനുള്ളിലും സമീപത്തും വീടുകളില്ല.
അയ്മനം പഞ്ചായത്ത് 20-ാം വാർഡിന്റെ പടിഞ്ഞാറേ അറ്റത്തുള്ള പാർക്കിലും സമീപ പ്രദേശങ്ങളിലും ചൂണ്ട ഇട്ട് മീൻപിടിക്കാനെന്ന പേരിൽ എത്തുന്നവരിലേറെ ആളുകളുടേയും ലക്ഷ്യം മറ്റു പലതുമാണ്.
സന്ധ്യയായാൽ ഇവരുടെ ശല്യം സമീപവാസികൾക്ക് അസഹനീയമാണെന്നാണ് പരാതി. ലഹരി വസ്തുക്കളുടെ ഉപയോഗവും വിൽപ്പനയും ഇവിടെ വ്യാപകമായി നടക്കാറുണ്ട്.
പകൽ സമയങ്ങളിൽ സ്കൂൾ കോളജ് വിദ്യാർഥികൾ ചേക്കേറാനെത്തുന്നതും ചീപ്പുങ്കൽ പാർക്കിലും കുമരകം നാലു പങ്ക് ബോട്ട്ടെർമിനലിന്റെ സമീപമുള്ള വിജനമായ പ്രദേശത്തുമാണ്.
ഇതോടൊപ്പം തെരുവു നായ്ക്കളുടെ ശല്യവും വർധിച്ചത് ജനവാസം ദുഷ്ക്കരമാക്കി. പോലീസ്, പഞ്ചായത്ത് അധികാരികൾ വേണ്ട നടപടികൾ സ്വീകരിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.