തൃശൂർ: ഇതുവരെ കണ്ടപോലെയല്ല, തൃശൂരിലെ ഗുണ്ടാസംഘങ്ങൾ ഇനിമുതൽ “ഒറ്റക്കെട്ടാണ്’. തമ്മിൽത്തല്ലും പോർവിളികളുമില്ല. അവർക്കിടയിൽ “സ്നേഹത്തിന്റെ ലഹരിപ്പുഴ’ ഒഴുകും. ഗുണ്ടാനേതാക്കന്മാരെല്ലാവരും ഗഡീസ്, ആശ്രിതവത്സലർ! ആവേശത്തിലെ “എട മോനേ…’ ലൈൻ.
അണികളാരും ഇനി ഗുണ്ടകളല്ല. ഏജന്റുകൾമാത്രം. അവരെല്ലാം ഗുണ്ടാപ്പക മറന്ന് ലഹരിവില്പനയുടെ പുതുലോകം തേടും.സംഘത്തിൽ ഇനിമുതൽ ഗുണ്ടകളെയും അക്രമകാരികളെയും ചേർക്കില്ലെന്ന് അവർ തീരുമാനിച്ചു. അടിപൊളി ആഡംബര ലൈഫ് സ്റ്റൈൽ ആഘോഷിക്കുന്ന പിള്ളേർമാത്രം മതി.
അവരുടെ സംരക്ഷകരായി, അവരിലൂടെ ലഹരിവില്പന പൊടിപൊടിച്ച് പണം സന്പാദിക്കാനാണു പ്ലാൻ. അതിനുള്ള “ക്രൂക്കഡ് പ്ലാൻ’ മാസങ്ങൾക്കുമുന്പേ ഒരുങ്ങിക്കഴിഞ്ഞു. ജയിലുകളിലും പുറത്ത് സ്വയമൊരുക്കിയ പാർട്ടികളിലുമായിരുന്നു ചർച്ചകൾ.അതിന്റെ ഭാഗമായി ഗുണ്ടകളെല്ലാം സ്വന്തംപേരിലുള്ള കേസുകളിൽനിന്ന് ഊരാനുള്ള തിടുക്കത്തിലാണ്.
എല്ലാ ഗുണ്ടാപ്പണികളിൽനിന്നും ഒഴിവാകുകയാണെന്നു സമൂഹത്തെയും പോലീസിനെയും ബോധിപ്പിക്കാൻ നല്ലമേനി നടിപ്പ്. പുതിയ കേസുകളിൽപെടാതെ, കടിഞ്ഞാണിൽ പിടിമുറുക്കിയുള്ള കളികൾമാത്രം. ഇങ്ങനെയിരുന്ന് കിട്ടേണ്ടതു വാങ്ങാനും കൊടുക്കേണ്ടതു കൊടുക്കാനും അവർ പഠിച്ചുകഴിഞ്ഞു.
ചെറുകിടതട്ടിപ്പ്, ലഹരി, ഗുണ്ടാപ്പണി, മോഷണക്കേസുകൾ പുറത്തറിയിക്കാതെ സെറ്റിലാക്കി ക്രിമിനൽ കേസുകളുടെ കണക്കു കുറച്ച് ക്ലീൻ ഇമേജ് നേടാനുള്ള പോലീസിന്റെ കുതന്ത്രം ഇതിനെല്ലാം വളമായി. പല പ്രമാദമോഷണങ്ങൾ, ഗുണ്ടാ ആക്രമണങ്ങൾ, ലഹരിക്കടത്തു സംഭവങ്ങൾ മാധ്യമങ്ങളെപ്പോലും അറിയിക്കാൻ പോലീസ് തയാറാകുന്നില്ല. പോലീസ് കണ്ണടച്ചിരുട്ടാക്കിയ ഈ മറയിൽ ഒളിച്ച് ജില്ലയിലേക്കു ലഹരിപ്പണം തേടിയെത്തുന്നവരിൽ കാപ്പ ചുമത്തി നാടുകടത്തപ്പെട്ട ഗുണ്ടകളും.
ഓരോ തവണയും വൻകിട “മാൽ കാ ഡീൽ’ (ലഹരിക്കടത്ത്) നടക്കുന്പോൾ അവർ എത്തുന്നു. തങ്ങളുടെ പിള്ളേരുമായി മദ്യവും മയക്കുമരുന്നും ഡിങ്കോൾഫിക്കേഷനുമായി അടിച്ചുപൊളിക്കുന്നു. വൻകിട പണച്ചാക്കുകൾക്കുപോലും സാധ്യമല്ലാത്ത സൗകര്യങ്ങളും ആഘോഷങ്ങളും. അവരങ്ങനെയാണ്, ഉയിരുകൾക്കു(കൂട്ടാളികൾ) വേണ്ടി എന്തും ഒരുക്കിക്കൊടുക്കും.
ഒരോ ലഹരിക്കടത്തുകേസുകളിലും പിടിക്കപ്പെടുന്ന ചെറുപ്പക്കാരെ കണ്ടില്ലേ, ഇവരിൽ പലരും ഇത്തരം അടിച്ചുപൊളിഗുണ്ടകളാണ്. പെൺകുട്ടികളും സ്ത്രീകളും ഇവരുടെ കൂട്ടത്തിലുണ്ട്; ലഹരി ഉപയോഗിക്കാനും ആഘോഷങ്ങൾക്കു നിറം പകരാനും.ഗുണ്ടാനേതാക്കൾ ആഘോഷങ്ങളിൽ ആടിത്തിമർത്തു മടങ്ങുന്നു, ആഡംബരവാഹനത്തിൽ അംഗരക്ഷകരായ ഗുണ്ടകളുടെ സുരക്ഷയിൽ.
ഒരുതരം എസ്പിജി ലൈൻ. ഗുണ്ടാ ലൈഫ് സ്റ്റൈലിൽ അടിച്ചുപൊളിക്കാനും ഏജന്റുമാരാകാനും എത്തുന്നവരിൽ പണക്കാരും ഇടത്തരക്കാരും ദരിദ്രകുടുംബത്തിൽപെട്ടവരും ഉൾപ്പെടുന്നു; ലിംഗ, പ്രായ ഭേദമന്യേ.
സ്വന്തം ലേഖകൻ