മല്ലപ്പള്ളി: കല്ലൂപ്പാറയില്‍ വീട്ടില്‍ യുവാവ് തലക്കടിയേറ്റ് മരിച്ച സംഭവത്തില്‍ പ്രതികള്‍ ഉടനെ കുടുങ്ങിയത് നൈറ്റ് പട്രോളിംഗ് ഓഫീസര്‍ കീഴ്വായ്പൂര് എസ്ഐ സുരേന്ദ്രന്റെ സമയോചിതമായ ഇടപെടലിലൂടെ.
തൊഴിലുമായി ബന്ധപ്പെട്ട കൂലിത്തര്‍ക്കത്തിനിടെ മാര്‍ത്താണ്ഡം സ്വദേശി സ്റ്റീഫന്‍ കൊല്ലപ്പെട്ടതും ഇയാളുടെ മുന്‍കരാറുകാരന്‍ ഉള്‍പ്പെടെ രണ്ടുപേര്‍ പിടിയിലായതും സംബന്ധിച്ച കേസാണ് പോലീസിനു മുമ്പില്‍ മണിക്കൂറുകള്‍ക്കുള്ളില്‍ തന്നെ ചുരുള്‍ നിവര്‍ന്നത്.
വ്യാഴാഴ്ച രാത്രി പട്രോളിംഗിനിടെ കല്ലൂപ്പാറ അമ്പാട്ടുഭാഗത്തെ ഒരു വീട്ടില്‍ സഹോദരിയെ ഇളയ സഹോദരന് ഉപദ്രവിക്കുന്നെന്ന സന്ദേശം വാഹനത്തിലെ ടാബില്‍ ലഭിച്ചതിനെ തുടര്‍ന്ന്,
പുലര്‍ച്ചെ ഒന്നോടെ അവിടെയെത്തി പ്രശ്നം പരിഹരിച്ച്, പിറ്റേന്ന് രാവിലെ സ്റ്റേഷനില്‍ എത്താന്‍ ഇരുകക്ഷികളെയും നിര്‍ദേശിച്ച ശേഷം,
കോമളം റോഡിലൂടെ വരവേ രണ്ടുപേരെ സംശയകരമായ സാഹചര്യത്തില്‍ കണ്ടു.
കറുത്ത നിക്കറും ബനിയനും ധരിച്ച ഇവരുടെ ശരീരത്തില്‍ ചോരക്കറ ശ്രദ്ധയില്‍പ്പെട്ട എസ്ഐ സുരേന്ദ്രന് ഇരുവരെയും പിടിച്ചു പോലീസ് വാഹനത്തില്‍ കയറ്റി.
പിന്നീട് വിശദമായി ചോദിച്ചപ്പോള്‍, ക്രൂരമായ ഒരു കൊലപാതകത്തിലെ പ്രതികളിലേക്കുള്ള വഴി തെളിയുകയായിരുന്നു.
തിരുവനന്തപുരം മാര്‍ത്താണ്ഡത്തുനിന്നുള്ള കെട്ടിടം പണിക്കാരായ മൂന്നു സുഹൃത്തുക്കള്‍, ഇതേ ജോലിയില്‍ ഏര്‍പ്പെട്ട് പരിസരങ്ങളില്‍ തമ്പടിച്ച് കഴിയുന്ന ചിലരുമായുള്ള സാമ്പത്തിക ഇടപാടുകള്‍ സംബന്ധിച്ച് സംസാരിക്കുന്നതിന് എത്തിയിരുന്നു.
കല്ലൂപ്പാറ എന്‍ജിനിയറിംഗ് കോളജിനു തെക്ക് ഭാഗത്തുള്ള വാടകവീട്ടിലാണ് എല്ലാവരും ഒത്തുകൂടിയത്.
സംഭവസ്ഥലത്തെത്തിയ എസ്ഐ, ജീപ്പിലുള്ളവരെ ഡ്രൈവറെ ഏല്പിച്ചശേഷം മറ്റുള്ളവരെ കണ്ടു.
പരിഭ്രമത്തോടെ നിന്ന അവര്‍ സംഭവം വിവരിച്ചു, തുടര്‍ന്ന് സംഘത്തെ ഹാളിനുള്ളിലാക്കി വീട് ബന്ധവസ് ചെയ്തു.
രക്ഷപ്പെടാന്‍ ശ്രമിച്ച പ്രതികളെ തന്ത്രപൂര്‍വം തടഞ്ഞുവയ്ക്കുകയും രക്തം വാര്‍ന്നു കിടന്ന സ്റ്റീഫനെ ആംബുലന്‍സ് വിളിച്ചുവരുത്തി മല്ലപ്പള്ളി താലൂക്ക് ആശുപത്രിയിലെത്തിക്കുകയും ചെയ്തു.
സ്റ്റീഫനെ പരിശോധിച്ച ഡോക്ടര്‍ മരണം മൂന്നുമണിക്കൂര്‍ മുമ്പ് സംഭവിച്ചതായി സ്ഥിരീകരിച്ചു. പോലീസ് ഇന്‍സ്പെക്ടറേയും തിരുവല്ല ഡിവൈഎസ്പിയെയും വിവരം വിളിച്ചറിയിച്ചു.
പ്രതികളെന്ന് സംശയിച്ചവരെ പോലീസ് വാഹനത്തില്‍ കയറ്റി മല്ലപ്പള്ളി താലൂക്ക് ആശുപത്രിയില്‍ എത്തിച്ച് മെഡിക്കല്‍ പരിശോധന നടത്തിച്ചു.
കൊലപാതകത്തിന് പ്രതികള്‍ ഉപയോഗിച്ച കമ്പിവടി കസ്റ്റഡിയിലെടുത്തു. തുടര്‍ന്ന് സ്റ്റേഷനില്‍ ഹാജരായി ആദ്യം വഴിയരികില്‍ നിന്നു കയറ്റിയ രണ്ടുപേരില്‍ ഒരാളുടെ മൊഴി രേഖപ്പെടുത്തി കേസ് രജിസ്റ്റര്‍ ചെയ്യുകയായിരുന്നു.
സംഭവവുമായി ബന്ധപ്പെട്ട് തമിഴ്നാട് മാര്‍ത്താണ്ഡം സ്വദേശികളായ ആല്വിന് ജോസ്(39), സുരേഷ് (45) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാന്‍ഡ് ചെയ്തു.
കൊലപാതകത്തില്‍ കൂടുതല്‍ പ്രതികള്‍ ഉള്‍പ്പെട്ടിട്ടുണ്ടോ എന്ന് തുടങ്ങിയുള്ള കാര്യങ്ങളില്‍ കൂടുതല്‍ അന്വേഷണം നടന്നുവരികയാണെന്ന് സ്ഥലം സന്ദര്‍ശിച്ച ജില്ലാ പോലീസ് മേധാവി സ്വപ്നില്‍ മധുകര്‍ മഹാജന് വ്യക്തമാക്കി.
തിരുവല്ല ഡിവൈഎസ്പി ടി. രാജപ്പന് റാവുത്തരും സ്ഥലത്തെത്തി.
കീഴ്വായ്പൂര് ഇന്‍സ്പെക്ടര്‍ സന്തോഷ് കുമാര്‍, എസ്ഐമാരായ ബി.എസ്. ആദര്‍ശ്, സിപിഒ മാരായ മനോജ്, ഷെഫീഖ്, സജി എന്നിവരുടെ സംഘമാണ് ഇരുവരെയും കസ്റ്റഡിയിലെടുത്തത്.