മല്ലപ്പള്ളി: വിശ്വാസികളായ കുടുംബശ്രീ, തൊഴിലുറപ്പ് പ്രവർത്തകരെ തെറ്റിധരിപ്പിച്ച് പത്തനംതിട്ട യിൽ കഴിഞ്ഞദിവസം ജനാധിപത്യ മഹിള അസോസിയേഷന്റെ സ്ത്രീ അവകാശ സംരക്ഷണ സംഗമത്തിൽ പങ്കെടുപ്പിച്ച മല്ലപ്പള്ളി ഗ്രാമപഞ്ചായത്തിന്റെ നടപടി പ്രതിഷേധാർഹമാണെന്ന് കോൺഗ്രസ് മണ്ഡലം കമ്മിറ്റി അഭിപ്രായപ്പെട്ടു.
സർക്കാരിന്റെ ഔദ്യോഗിക പരിപാടിയാണെന്ന് തെറ്റിധരിപ്പിച്ചാണ് പഞ്ചായത്ത് ഭരണസമിതി സ്ത്രീകളെ പങ്കെടുപ്പിച്ചത്. ഇതിനെതിരെ ബന്ധപ്പെട്ടവർക്ക് പരാതി നല്കാനും മണ്ഡലം കമ്മിറ്റി തീരുമാനിച്ചതായി പ്രസിഡന്റ് റെജി പണിക്കമുറി അറിയിച്ചു.
തൊഴിലുറപ്പ് തൊഴിലാളികളെ പങ്കെടുപ്പിച്ചത് അന്വേഷിക്കണം: ബാബു ജോർജ്
പത്തനംതിട്ട: കുടുംബശ്രീ പ്രവർത്തകരെയും സിഡിഎസ് അംഗങ്ങളെയും തൊഴിലുറപ്പ് തൊഴിലാളികളെയും തെറ്റിധരിപ്പിച്ച് സിപിഎമ്മിന്റെ ജനാധിപത്യ മഹിളാ അസോസിയേഷൻ നടത്തിയ വനിതാ സംഗമത്തിൽ പങ്കെടുപ്പിച്ചതു സംബന്ധിച്ച് അന്വേഷണം നടത്തണമെന്നാവശ്യപ്പെട്ട് ഡിസിസി പ്രസിഡന്റ് ബാബു ജോർജ് ജില്ലാ കളക്ടർക്കു പരാതി നൽകി.
വനിതകളെ പാർട്ടിയോഗങ്ങളിൽ കുടുംബശ്രീ ഉൾപ്പെടെയുള്ള പഞ്ചായത്തു തലത്തിലുള്ള വിവിധ ഏജൻസികളിൽ പ്രവർത്തിക്കുന്ന വനിതകളെ ഭീഷണിപ്പെടുത്തിയും തെറ്റിധരിപ്പിച്ചും പാർട്ടി പരിപാടി കെങ്കേമമാക്കാനുള്ള സിപിഎം ശ്രമങ്ങൾക്ക് പച്ചക്കൊടി കാണിക്കുന്ന ഉദ്യോഗസ്ഥർക്കെതിരെ കർശനമായ നടപടി സ്വീകരിക്കണമെന്നും ബാബു ജോർജ് ആവശ്യപ്പെട്ടു.