പത്തനംതിട്ട: കെഎസ്ആർടിസി ഫാസ്റ്റ് പാസഞ്ചർ ബസുകളുടെ റൂട്ട് പരിഷ്കരണത്തിന്റെ ഭാഗമായി നിർത്തലാക്കിയ ബൈറൂട്ട് സർവീസുകൾ പുനരാരംഭിച്ചു തുടങ്ങി. പ്രാദേശികതലങ്ങളിലുയർന്ന ശക്തമായ ആവശ്യത്തേ തുടർന്നാണ് സർവീസുകൾ വീണ്ടും ആരംഭിച്ചത്.റൂട്ടുകൾ പുനഃക്രമീകരിച്ചാണ് ആരംഭിച്ചതെങ്കിലും വരുമാനത്തിലെ കുറവ് കെഎസ്ആർടിസിയെ സാരമായി ബാധിക്കുന്നുണ്ട്. വർഷങ്ങളായി നടത്തിവന്ന ഷെഡ്യൂളുകൾ പുനഃക്രമീകരിച്ചതോടെ പല ഡിപ്പോകൾക്കും വരുമാനത്തിൽ കുറവുണ്ടായി.
സബ്ഡിപ്പോകളെയാണ് ഇതു സാരമായി ബാധിച്ചത്. മല്ലപ്പള്ളി സബ്ഡിപ്പോയിൽ നിന്നു രാവിലെ കോട്ടയത്തേക്ക് ഓപ്പറേറ്റ് ചെയ്തുവന്നിരുന്ന രണ്ട് ഷെഡ്യൂളുകൾ മൂന്നുദിവസമായി ഓടുന്നില്ല. കോട്ടയത്തെത്തി എംസി റോഡുവഴി സർവീസ് നടത്തിയിരുന്ന ബസുകൾ അയയ്ക്കേണ്ടതില്ലെന്ന് ചീഫ് ഓഫീസിൽ നിന്ന് നിർദേശം വന്നിരുന്നു. തുടർന്നാണ് ഇവ ഓടാതെ കിടക്കുന്നത്. ഇവ പുനഃക്രമീകരിച്ച് പുതിയ റൂട്ടുകൾക്ക് അനുമതി ലഭിച്ചിട്ടില്ല.
മല്ലപ്പള്ളിയിൽ നിന്നുള്ള തിരുവനന്തപുരം ഷെഡ്യൂളുകൾ പുനഃക്രമീകരിച്ച് എംസി റോഡുവഴി ഓടിത്തുടങ്ങിയിട്ടുണ്ട്. ഇതിൽ രാത്രിയിലെ ഒരു ട്രിപ്പ് പഴയതുപോലെ പുനലൂർ, പത്തനംതിട്ട, കോഴഞ്ചേരി വഴി മല്ലപ്പള്ളിയിലേക്കും ആക്കി. തിരുവനന്തപുരത്തിന് രാവിലെ പുറപ്പെടുന്ന ബസ് തിരുവല്ല, കൊട്ടാരക്കര വഴിയാണ്. തിരികെ 10.10ന് കൊട്ടാരക്കര, തിരുവല്ല, കല്ലൂപ്പാറ വഴി മല്ലപ്പള്ളിയിലെത്തും. ഉച്ചകഴിഞ്ഞ് 3.30ന് തിരുവല്ല, കൊട്ടാരക്കര വഴി തിരുവനന്തപുരത്തെത്തി രാത്രി 9.05ന് അഞ്ചൽ, പുനലൂർ, പത്തനംതിട്ട, കോഴഞ്ചേരി വഴി മല്ലപ്പള്ളിയിലെത്തുന്ന തരത്തിലാണ് ക്രമീകരണം.
തിരുവനന്തപുരത്തു നിന്നും പുനലൂർ, പത്തനംതിട്ട ഭാഗത്തേക്കുള്ള ഈ രാത്രികാല ബസ് നിലച്ചതിനെതിരെ തിരുവനന്തപുരം ഡിപ്പോയിലടക്കം പ്രതിഷേധം ഉയർന്നിരുന്നു. തുടർന്നാണ് സർവീസ് പുനഃസ്ഥാപിക്കാൻ നിർദേശിച്ചത്. ഇതേബസിനു പകൽ പത്തനംതിട്ട വഴിയുണ്ടായിരുന്ന ട്രിപ്പുകളും ഇല്ലാതാക്കിയാണ് കൊട്ടാരക്കര റൂട്ടിൽ ചെയിൻ സർവീസിനു പിന്നാലെയാക്കിയിരിക്കുന്നത്. ഇതോടെ വരുമാനത്തിൽ കാര്യമായ കുറവുണ്ടായി. മല്ലപ്പള്ളിയിൽ നിന്നുമുള്ള മറ്റൊരു തിരുവനന്തപുരം സർവീസും എംസി റോഡുവഴിയാക്കി. ഇതോടെ പത്തനംതിട്ട, പുനലൂർ റൂട്ടിൽ മല്ലപ്പള്ളിയിൽ നിന്ന് ബസില്ലാതായി.
മല്ലപ്പള്ളി ഡിപ്പോയിൽ രണ്ടു ദിവസത്തിനുള്ളിൽ 30,000 രൂപയുടെ കുറവുണ്ടായിട്ടുണ്ട്.ഇതിനിടെ കോട്ടയത്തുനിന്ന് വർഷങ്ങളായി മല്ലപ്പള്ളി, കോഴഞ്ചേരി, പന്തളം വഴി തിരുവനന്തപുരം ചെന്പകപ്പാറയിലേക്കുണ്ടായിരുന്ന ഫാസ്റ്റ് പാസഞ്ചറിനു പകരമായി പന്തളത്തേക്കു പുതിയ ഷെഡ്യൂൾ തുടങ്ങി. എന്നാൽ ഇതു ലാഭകരമാകില്ലെന്നാണ് അധികൃതർ തന്നെ പറയുന്നത്. നേരത്തെ രാവിലെ അഞ്ചിനു കോട്ടയത്തുനിന്നാരംഭിക്കുന്ന ബസ് മല്ലപ്പള്ളി, കോഴഞ്ചേരി, തെക്കേമല, ഇലവുംതിട്ട, തുന്പമണ്, കുളനട, പന്തളം, അടൂർ, കൊട്ടാരക്കര വഴി തിരുവനന്തപുരം ചെന്പകപ്പാറയിലേക്കായിരുന്നു. ഇതു റൂട്ട് പരിഷ്കരണത്തിന്റെ ഭാഗമായി നിർത്തലാക്കി.
പകരമായി രാവിലെ അഞ്ചിന് കോട്ടയത്തുനിന്നാരംഭിക്കുന്ന ബസ് മല്ലപ്പള്ളി, കോഴഞ്ചേരി, തെക്കേമല, ഇലവുംതിട്ട, തുന്പമണ്, കുളനട വഴി പന്തളം വരെയാക്കി. തിരികെ രാവിലെ 7.20ന് ഇതേ റൂട്ടിലൂടെ പുറപ്പെട്ട് 8.35ന് മല്ലപ്പള്ളിയിലും 9.20ന് കോട്ടയത്തുമെത്തും. കോട്ടയത്തുനിന്ന് വീണ്ടും 9.50ന് പുറപ്പെട്ട് മല്ലപ്പള്ളിയിൽ 10.35നും പന്തളത്ത് 11.50നുമെത്തും. തിരികെ 12.15ന് പന്തളത്തുനിന്ന് പുറപ്പെട്ട് 1.30ന് മല്ലപ്പള്ളിയിലും 2.15ന് കോട്ടയത്തുമെത്തും.
നിർത്തലാക്കിയ ചെറുകോൽപ്പുഴ – തിരുവനന്തപുരം ഫാസ്റ്റ് പാസഞ്ചർ റാന്നിയിൽ നിന്നു പുനഃക്രമീകരിച്ച് ഓടിത്തുടങ്ങി. അടൂർ ഡിപ്പോയുടെ തൃശൂർ സർവീസും പുനരാരംഭിച്ചു. തെങ്ങമം – തിരുവനന്തപുരം ബസ് പുനരാരംഭിക്കാനുള്ള ശ്രമം ആരംഭിച്ചിട്ടുണ്ട്.