മല്ലപ്പള്ളി: ഐഎച്ച്ആർഡി ടെക്നിക്കൽ ഹയർ സെക്കൻഡറി സ്കൂൾ ആരംഭിച്ചിട്ടു പതിറ്റാണ്ടുകളായി. എട്ടു മുതൽ 12 വരെ ക്ലാസുകളിലായി മുന്നൂറിലധികം കുട്ടികൾ പഠിക്കുന്ന സ്ഥാപനമാണിത്. മല്ലപ്പള്ളി താലൂക്കിലെ പ്രധാനപ്പെട്ട വിദ്യാഭ്യാസ സ്ഥാപനമെന്ന നിലയിലാണ് ഐഎച്ച്ആർഡി ടെക്നിക്കൽ ഹൈസ്കൂൾ അനുവദിച്ചത്.
പിന്നീട് ഇത് ഹയർ സെക്കൻഡറി സ്കൂളുമായി. ഉന്നതനിലവാരത്തിൽ പ്രവർത്തിക്കുന്ന സ്കൂളിൽ എട്ട്, 11 ക്ലാസുകളിൽ പ്രവേശനം ലഭിക്കാൻതന്നെ ബുദ്ധിമുട്ടാണ്. പക്ഷേ കാലമേറെ കഴിഞ്ഞിട്ടും സ്കൂളിനു സ്വന്തമായി കെട്ടിടമില്ല എന്നതാണ് പ്രധാന പ്രശ്നം.
സ്വന്തം കെട്ടിടം പണിയുന്നതിലേക്ക് മല്ലപ്പള്ളി – കോഴഞ്ചേരി റോഡരികിൽ 1997 ൽ സ്ഥലം വാങ്ങിയതാണ്. മൂന്ന് ഏക്കർ സ്ഥലം ഇതിനായി വാങ്ങി. ഇത് ഐഎച്ച്ആർഡിക്കു കൈമാറിയതിനു പിന്നാലെ 1997 ഓഗസ്റ്റ് 23ന് അന്നത്തെ വിദ്യാഭ്യാസ മന്ത്രി പി.ജെ. ജോസഫ് ശിലാസ്ഥാപനവും നടത്തി. ടി.എസ്. ജോണായിരുന്നു എംഎൽഎ.
അന്നു സ്ഥാപിച്ച ശിലാഫലകം ഇന്നും കാടുകയറി കിടക്കുന്നു. 70 ലക്ഷം രൂപ അന്നത്തെ സർക്കാർ കെട്ടിടനിർമാണത്തിന് അനുവദിക്കുകയും ചെയ്തു. കെട്ടിടം പണിക്ക് അനുമതി ലഭിച്ചില്ലെന്നു മാത്രം. സ്ഥലത്തെ സംബന്ധിച്ച പ്രശ്നങ്ങളാണ് അനുമതി വൈകാൻ കാരണമായി പറയുന്നത്.
രണ്ട് ഏക്കറോളം സ്ഥലം പാടശേഖരമാണെന്ന പേരിൽ അനുമതി ആദ്യം വൈകി. തടസങ്ങൾ നീക്കിയപ്പോഴേക്കും കെട്ടിടം പണിയുടെ സാങ്കേതികാനുമതിയുടെ പേരിൽ തർക്കമായി. വർഷങ്ങൾ ഏറെ കഴിഞ്ഞിട്ടും കെട്ടിടം ഉയർന്നതുമില്ല.
പ്രതിമാസ വാടക 30,000 രൂപ
മല്ലപ്പള്ളിയിൽ ഐഎച്ച്ആർഡി സ്കൂൾ കഴിഞ്ഞ 30 വർഷമായി വാടക കെട്ടിടത്തിലാണ് പ്രവർത്തിക്കുന്നത്. പ്രതിമാസം 30,000 രൂപയാണ് ഇപ്പോഴത്തെ വാടക. ഇതു നൽകുന്നത് ഐഎച്ച്ആർഡിയാണ്. സ്ഥലം വിലകൊടുത്തു വാങ്ങിയെങ്കിലും കെട്ടിടം നിർമിക്കാൻ ആരും മുൻകൈയെടുത്തില്ലെന്നതാണ് പ്രശ്നം. തടസങ്ങൾ പരിഹരിക്കാനായി ചില ശ്രമങ്ങൾ ആദ്യം ഉണ്ടായിരുന്നു. പക്ഷേ പിന്നീട് എല്ലാം മെല്ലപ്പോക്കിലായി. ഇതോടെ കെട്ടിട നിർമാണം തടസപ്പെട്ടു.
ഹയർ സെക്കൻഡറി സ്കൂളിനാവശ്യമായ സംവിധാനങ്ങൾ വാടകക്കെട്ടിടത്തിൽ സ്ഥാപിക്കാനാകുന്നില്ല. മൂന്നു പതിറ്റാണ്ടിനിടെ ആയിരകണക്കിനു കുട്ടികൾ വിദ്യാഭ്യാസം നടത്തി പുറത്തിറങ്ങിയെങ്കിലും അടിസ്ഥാന സൗകര്യങ്ങളുടെ അപര്യാപ്തത ഇന്നുമുണ്ട്.
ഭൗതിക സാഹചര്യങ്ങൾ ഒരുക്കാൻ ഐഎച്ച്ആർഡിക്ക് ഫണ്ടുണ്ടെങ്കിലും അതു വിനിയോഗിക്കാനാകാത്ത അവസ്ഥയുണ്ട്. ലാബോറട്ടറി, ഗ്രൗണ്ട് തുടങ്ങിയ സംവിധാനങ്ങൾ സ്കൂളിനായി ഒരുക്കാനാകുന്നില്ല. താത്കാലിക സംവിധാനത്തിലാണ് ഇപ്പോഴും പ്രവർത്തനങ്ങൾ. എന്നിരുന്നാലും വിജയശതമാനത്തിലും മറ്റും സ്കൂൾ മുൻപന്തിയിലാണെന്ന് സ്കൂൾ അധികൃതർ പറഞ്ഞു. നൂറു ശതമാനം വിജയം എസ്എസ്എൽസി, ഹയർ സെക്കൻഡറി പരീക്ഷകളിൽ സ്കൂളിനു ലഭിക്കുന്നുണ്ട്.
മല്ലപ്പള്ളിയിൽ സ്കൂൾ വന്നതിനൊപ്പം മാനവവിഭവശേഷി മന്ത്രാലയത്തിനു കീഴിലുള്ള ഐഎച്ച്ആർഡിയുടെ പല വിദ്യാഭ്യാസ സ്ഥാപനങ്ങളും പത്തനംതിട്ടയിൽ അനുവദിച്ചിരുന്നു. കല്ലൂപ്പാറ, അടൂർ എൻജിനിയറിംഗ് കോളജുകൾ ഇതിനൊപ്പം അനുവദിക്കപ്പെട്ടതാണ്. ഇവയെല്ലാം സ്വന്തം കെട്ടിടങ്ങളിലേക്കു മാറി.
മല്ലപ്പള്ളിയുടെ പ്രശ്നങ്ങൾ അവഗണിക്കപ്പെടുന്നു
മല്ലപ്പള്ളി താലൂക്കുമായി ബന്ധപ്പെട്ട വികസന വിഷയങ്ങളിൽ നേരിടുന്ന അവഗണനയാണ് ഐഎച്ച്ആർഡി സ്കൂൾ കെട്ടിടം നിർമാണത്തിലും നേരിട്ട തടസമെന്ന് മുൻ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കുഞ്ഞുകോശി പോൾ പറഞ്ഞു.
താലൂക്ക് വികസന സമിതി മുൻകൈയെടുത്താണ് മല്ലപ്പള്ളി ചാലുങ്കൽപ്പടിയിൽ മൂന്ന് ഏക്കർ സ്ഥലം വിലകൊടുത്തു വാങ്ങിയത്.
സമാനമായ സാഹചര്യത്തിൽ കെട്ടിടങ്ങൾ നിർമിച്ചിട്ടുണ്ടെന്ന് കുഞ്ഞുകോശി പോൾ ചൂണ്ടിക്കാട്ടി. കല്ലൂപ്പാറ നിയോജക മണ്ഡലം നിലവിലുള്ളപ്പോൾ മല്ലപ്പള്ളി കേന്ദ്രീകരിച്ച് വികസന പ്രവർത്തനങ്ങൾ പലതും നടന്നു. മണ്ഡലം ഇല്ലാതായതിനു പിന്നാലെ താലൂക്ക് അവഗണനയിലായി.
താലൂക്ക് പ്രദേശങ്ങൾ തിരുവല്ല, റാന്നി മണ്ഡലങ്ങളിലായി വിഭജിക്കപ്പെട്ടു. ഇതോടെ മുടങ്ങിക്കിടന്ന വികസന പ്രവർത്തനങ്ങളിലടക്കം ഇടപെടൽ കുറഞ്ഞു. ഐഎച്ച്ആർഡിക്ക് സ്വന്തമായി സ്ഥലം വാങ്ങി രേഖകൾ കൈമാറിയിട്ടും കെട്ടിടം നിർമിക്കാനാകാത്തത് അവഗണനയുടെ പ്രതീകമാണെന്ന് കുഞ്ഞുകോശി പോൾ പറഞ്ഞു.