പൂച്ചാക്കൽ: വേന്പനാട്ടുകായലിൽ കക്കയുടെ ലഭ്യത കുറഞ്ഞതിനാൽ തൊഴിലാളികൾ ആശങ്കയിൽ. വേന്പനാട്ട് കായലിൽ അനധികൃതമായി മല്ലിക്കക്ക (ചെറിയ കക്ക) വാരുന്നതുമൂലം കക്കയുടെ ലഭ്യത കുറയുന്നതാണ് ആശങ്കയ്ക്കു കാരണം. ഇതുമൂലം സർക്കാരിനും നികുതിയിനത്തിൽ ലഭിക്കേണ്ട വൻതുക തന്നെയാണ് ഇല്ലാതാകുന്നത്. മല്ലികക്ക വാരുന്നതിന്റെ പിന്നിൽ വൻ റാക്കറ്റുകൾ പ്രവർത്തിക്കുന്നുണ്ടെന്നും ഇവർക്കെതിരേ അധികൃതർ നടപടി സ്വീകരിക്കുന്നില്ലെന്നും ആക്ഷേപമുണ്ട്.
കായലിൽ ഓരുകയറുന്ന ഡിസംബർ മുതൽ മാർച്ച് വരെയുള്ള കാലയളവിലാണ് കക്കയുടെ പ്രജനനം നടക്കുന്നത്. പൂർണ വളർച്ചയെത്തുന്പോൾ വാരിയെടുത്താൽ കക്ക തൊണ്ട് വിറ്റും കക്ക ഇറച്ചിയുടെ വില്പനയിലൂടെയും തൊഴിലാളികൾക്ക് മികച്ച വരുമാനമാണ് ലഭിക്കുന്നത്.
എന്നാൽ താല്കാലിക നേട്ടം മുൻനിർത്തിയാണ് നാലിലൊന്നു വളർച്ച പോലുമെത്താത്ത മല്ലികക്ക വാരിവിൽക്കാൻ ചിലർ തയാറാകുന്നത്. ഓരു ശക്തമാകുന്പോഴാണ് കക്ക വ്യാപകമായി കായലിൽ ഉത്പാദിപ്പിക്കപ്പെടുന്നത്.
മല്ലിക്കക്ക വാരുന്നതു കർശനമായി അധികൃതർ നിരോധിച്ചിട്ടുള്ളതാണെങ്കിലും അനധികൃതമായി കക്കവാരൽ വേന്പനാട്ടു കായലിന്റെ പലഭാഗത്തും തുടരുന്നു. രാത്രികാലങ്ങളിലാണ് ഇത്തരക്കാർ കക്ക വാരുന്നത്.
വലിയ വള്ളത്തിൽ 15 ടണ്മല്ലികക്ക വരെ ശേഖരിച്ചു വിൽക്കുന്നുണ്ട്. ഇത്തരം അനധികൃത വില്പനയിലൂടെ സർക്കാരിനു ലക്ഷക്കണക്കിനു രൂപയാണ് റോയൽറ്റിയായും നികുതിയായും നഷ്ടപ്പെടുന്നത്. കക്കാവ്യവസായ സംഘങ്ങൾ ഒരു ടണ്ണിനു റോയൽറ്റി, സെയിൽടാക്സ് എന്നിങ്ങനെ 450 രൂപ പ്രകാരം സർക്കാരിലേക്ക് അടച്ചാണ് കക്ക വില്പന നടത്തുന്നത്.
അനധികൃതമായി മല്ലിക്കക്ക ശേഖരിച്ചു വിൽക്കുന്നതിലൂടെ സംഘങ്ങളിലെ കക്ക കെട്ടി കിടക്കുകയാണ്. കക്കാ സംഘങ്ങളും പഞ്ചായത്തുകളും മല്ലിക്കക്ക നിക്ഷേപിച്ച് കക്കയുടെ ലഭ്യത ഉറപ്പാക്കാൻ പദ്ധതികൾ ആവിഷ്കരിച്ച് പരന്പരാഗത കക്കാവാരൽ തൊഴിലാളികളുടെ തൊഴിൽ സംരക്ഷിക്കുന്നതിനു നടപടി സ്വീകരിക്കണമെന്നാണ് തൊഴിലാളികളുടെ ആവശ്യം.