വിവിധ ജീവിത പ്രശ്നങ്ങളുമായി ക്ഷേത്രത്തിലെത്തുന്നവരെ സയനൈഡ് മല്ലിക പ്രത്യേകം നിരീക്ഷിച്ചിരുന്നു. തനിക്കു പറ്റിയ ഇരയാണെന്നു കണ്ടെത്തിയാൽ ഉടനെ അവരുമായി തന്ത്രപൂർവം ബന്ധം സ്ഥാപിക്കും.
ആഭരണങ്ങളും സാന്പത്തിക ചുറ്റുപാടുമൊക്കെയുള്ളവരെയാണ് ഇവർ പ്രധാനമായും നോട്ടമിട്ടിരുന്നത്. തീവ്രഭക്തയായും മന്ത്രവാദിനിയായും അവൾ അവർക്കു മുന്പിൽ അഭിനയിച്ചു.
കണ്ടെത്തുന്ന ഇരകളെ താമസസ്ഥലത്തുനിന്നു ഏറെ അകലെയുള്ള ക്ഷേത്രങ്ങളിലാണ് അവൾ അനുഗ്രഹ പ്രാപ്തിക്കായി കൊണ്ടുപോയിരുന്നത്.
ഇതിനകം വാചകമടിച്ചും അഭിനയിച്ചും ആ പാവങ്ങളെ എന്തു പറഞ്ഞാലും അനുസരിക്കുന്ന അവസ്ഥയിലേക്ക് അവൾ മാറ്റിയിട്ടുണ്ടാകും.
എല്ലാം രഹസ്യം!
ക്ഷേത്രങ്ങളിലേക്കുള്ള യാത്രയെക്കുറിച്ച് ആരോടെങ്കിലും പറഞ്ഞാൽ ഫലം കിട്ടില്ലെന്നും അതിനാൽ എല്ലാം രഹസ്യമാക്കി വയ്ക്കണമെന്നും അവൾ ഇരകളോട് ആവശ്യപ്പെട്ടിരുന്നു.
ആരും വിശ്വസിച്ചുപോകുന്ന തരത്തിലായിരുന്നു അവളുടെ പെരുമാറ്റം. സ്ത്രീ ആയതുകൊണ്ടും സ്വാമിനിയായി തോന്നിയിരുന്നതുകൊണ്ടും ആരും സംശയിച്ചില്ല.
അവൾ പറയുന്നത് അക്ഷരം പ്രതി അനുസരിച്ചു. വീട്ടിലുള്ളവരോടു പോലും പറയാതെയാണ് പലരും മല്ലികയ്ക്കൊപ്പം പോയിരുന്നത്.
സ്ത്രീകളെ പിടിക്കാൻ
മല്ലികയുടെ ഇരകളെല്ലാം സ്ത്രീകളായിരുന്നു. ആ തെരഞ്ഞെടുപ്പിനു പിന്നിലും അവളുടെ കൂർമബുദ്ധിയായിരുന്നു. സ്ത്രീകളെ വേഗത്തിൽ ചതിക്കുഴിയിൽ വീഴ്ത്താമെന്ന തിരിച്ചറിവായിരുന്നു മല്ലികയെ ഇതിനു പ്രേരിപ്പിച്ചത്.
മാത്രമല്ല, ഭക്തിയുടെ പേരിൽ ഇടപെട്ടാൽ അവരെ എളുപ്പത്തിൽ ചൂഷണം ചെയ്യാമെന്നും അവൾ മനസിലാക്കിയിരുന്നു..
ഹൊസക്കോട്ടെ സ്വദേശിനി മമത (30), ബാനസവാടിയിലെ എലിസബത്ത് (52), യലഹങ്കയിലെ യശോദമ്മ (60), ചിക്കബൊമ്മസന്ദ്രയിലെ മുനിയമ്മ (60), ഹെബ്ബാൾ നിവാസി പിള്ളമ്മ (60), രേണുക (22), നാഗവേണി (30) എന്നിവരാണ് മല്ലികയുടെ സയനൈഡ് കെണിക്ക് ഇരയായി മാറിയത്. ഇവരെയെല്ലാം ചതിയിൽപ്പെടുത്തിയാണ് മല്ലിക കൊലപ്പെടുത്തിയത്.
ആദ്യ ഇര മുപ്പതുകാരി
1999ൽ ഹൊസക്കോട്ടെ സ്വദേശിനി മമത രാജൻ എന്ന മുപ്പതു വയസുകാരിയാണ് ആദ്യമായി മല്ലികയുടെ വലയിൽ വീണത്. കുടുംബപ്രശ്നങ്ങളായിരുന്നു മമതയെ മല്ലികയിലേക്ക് അടുപ്പിച്ചത്.
കുടുംബ പ്രശ്നങ്ങൾ മാറ്റാനെന്ന പേരിൽ നടത്തിയ പൂജയ്ക്കിടെയാണ് 1999ൽ മമത കൊല്ലപ്പെടുന്നത്. പൂജയ്ക്കെന്നു പറഞ്ഞു മമതയുടെ വീട്ടിലെത്തിയ മല്ലിക കണ്ണടയ്ക്കാൻ ആവശ്യപ്പെട്ട ശേഷം നിർബന്ധമായി സയനൈഡ് വായിൽ ഇട്ടു നൽകുകയായിരുന്നു.
തുടർന്ന് മമതയുടെ ആഭരണങ്ങളും മറ്റും കവർന്നു ആരുടെയും ശ്രദ്ധയിൽപ്പെടാതെ സ്ഥലംവിട്ടു.
കുട്ടിയെ തേടി എലിസബത്ത്
കാണാതായ കൊച്ചുമകനെ മടക്കിക്കൊണ്ടു വരാൻ സഹായം തേടിയാണ് ബാനസവാഡി സ്വദേശിനി എലിസബത്ത് (52) മല്ലികയെ സമീപിക്കുന്നത്.
തന്റെ കഴിവ് ഉപയോഗിച്ചു പൂജ നടത്തി കൊച്ചുമകനെ തിരികെ എത്തിച്ചുതരാമെന്ന് മല്ലിക വാക്കുനൽകി. ഇതു വിശ്വസിച്ച വീട്ടമ്മ മല്ലിക പറഞ്ഞ പ്രകാരം പൂജ നടത്തി. ഈ പൂജയ്ക്കിടയിൽ സയനൈഡ് നൽകി എലിസബത്തിനെയും അവർ വകവരുത്തി. (തുടരും).