പാരിസ്: വാടക കൊടുക്കാത്തതിനെത്തുടർന്ന് ബോളിവുഡ് താരം മല്ലിക ഷെരാവത്തിന്റെ പാരിസിലെ ഫ്ലാറ്റിലെ വസ്തുക്കൾ ജപ്തി ചെയ്യാൻ കോടതി ഉത്തരവ്. മല്ലിക ഷെരാവത്തും ഭർത്താവ് സിറിൾ ഒാക്സെൻഫാനുമാണ് ആഡംബര ഫ്ലാറ്റിൽ താമസിക്കുന്നത്. 2017 ജനുവരി ഒന്നിനാണ് ഇരുവരും മാസ വാടക 6,054 യൂറോയുള്ള ഫ്ലാറ്റിൽ താമസം ആരംഭിച്ചത്.
എന്നാൽ ഇതുവരെ വെറും 2,715 യൂറോ മാത്രമാണ് വാടകയിനത്തിൽ ഇവർ നൽകിയതെന്നാണ് ഫ്ലാറ്റിന്റെ ഉടമസ്ഥൻ പറയുന്നത്. 94,000 ഡോളർ (59 കോടി രൂപ) വാടകയിനത്തിൽ ഇവർ നൽകാതത്തിനെത്തുടർന്നാണ് ഉടമസ്ഥൻ കോടതിയെ സമീപിച്ചത്. എന്നാൽ സാന്പത്തിക പ്രതിസന്ധിയെത്തുടർന്നാണ് വാടക നൽകാത്തതെന്നാണ് ഇവരുടെ വക്കീൽ കോടതിയെ അറിയിച്ചത്.
തുടർന്നാണ് ഇവരുടെ ഫ്ലാറ്റിലെ സാധനങ്ങൾ ജപ്തി ചെയ്യാൻ കോടതി ഉത്തരവിട്ടത്. വിധിക്കെതിരേ മല്ലിക ഷെരാവത്ത് അപ്പിൽ പോകുമെന്നാണ് റിപ്പോർട്ട്.