ലക്നോ: ബോളിവുഡ് നടിയും ഗായികയുമായ മല്ലിക രജ്പുതിനെ (വിജയലക്ഷ്മി-35) വീടിനുള്ളിൽ ജീവനൊടുക്കിയനിലയിൽ കണ്ടെത്തി. ഉത്തർപ്രദേശിലെ കോട്വാലി പോലീസ് സ്റ്റേഷൻ പരിധിയിലെ സീതാകുണ്ഡ് പ്രദേശത്തുള്ള സ്വന്തം വസതിയില്‍ ഫാനിൽ തൂങ്ങിയനിലയിലായിരുന്നു മൃതദേഹം.
ആത്മഹത്യയാണെന്നാണു പോലീസിന്റെ പ്രാഥമിക നിഗമനം. യഥാർഥ മരണകാരണം എന്താണെന്നു മനസിലാക്കാൻ പോസ്റ്റ്മോർട്ടം റിപ്പോര്‍ട്ട് വരണമെന്നും പോലീസ് വ്യക്തമാക്കി.
തിങ്കളാഴ്ച രാത്രി ഉറങ്ങാൻ പോയശേഷം മകളെ കണ്ടിട്ടില്ലെന്നും ആത്മഹത്യയിലേക്കു നയിച്ച കാരണം എന്താണെന്നറിയില്ലെന്നും മല്ലികയുടെ അമ്മ പ്രതികരിച്ചു. 2014ൽ കങ്കണ റണൗട്ട് പ്രധാന വേഷത്തിലെത്തിയ ‘റിവോള്‍വർ റാണി’ എന്ന ചിത്രത്തിൽ സഹനടിയായി അഭിനയിച്ചിട്ടുണ്ട്.
ഷാൻ റഹ്മാന്റെ ‘യാരാ തുജെ’ എന്ന മ്യൂസിക് വിഡിയോയിലും താരം പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. 2016ൽ ബിജെപിയിൽ ചേര്‍ന്ന മല്ലിക രണ്ടുവർഷത്തിനു ശേഷം പാർട്ടി വിട്ടു.