നടനായും സംവിധായകനായും നിര്‍മ്മാതാവായും സിനിമയില്‍ തിളങ്ങുകയാണ് പൃഥ്വിരാജ്. ഈ മേഖലകളോടെല്ലാം പൃഥ്വരിരാജിന് ചെറുപ്പത്തിലെ ആകാംഷയും ആവേശവും ഉണ്ടെന്ന് പറയുകയാണ് മല്ലിക സുകുമാരന്‍. പൃഥ്വിരാജ് പ്രൊഡക്ഷന്റെ ബാനറില്‍ പൃഥ്വിരാജും ഭാര്യ സുപ്രിയയും ചേര്‍ന്ന് നിര്‍മിക്കുന്ന നയന്‍ എന്ന സിനിമയ്ക്ക് ആശംസകള്‍ നേര്‍ന്ന് സംസാരിക്കുകയായിരുന്നു മല്ലിക. ചെറുപ്പകാലത്ത് സിനിമാ രംഗത്തെ കുറിച്ചും മറ്റും ഒരുപാട് സംശയങ്ങള്‍ ചോദിക്കുന്ന കുട്ടിയായിരുന്നു പൃഥ്വിരാജെന്നും അതെല്ലാം അച്ഛന്‍ സുകുമാരന്‍ ദൂരീകരിച്ച് കൊടുത്തിരുന്നെന്നും മല്ലിക പറയുന്നു.
‘ഇന്ദ്രജിത്തിനേക്കാള്‍ പൃഥ്വിയ്ക്ക് സംശയങ്ങള്‍ കൂടുതലായിരുന്നു. ക്യാമറ അങ്കിള്‍ ആകാശത്തു നിന്ന് എടുക്കുമോ എന്നൊക്കെ അവന്‍ ചോദിക്കുമായിരുന്നു. അതു പലതരത്തിലും എടുക്കാമെന്നൊക്കെ സുകുവേട്ടന്‍ പറയുമായിരുന്നു. മുകളില്‍ നിന്നും ക്യാമറ വെച്ചെടുക്കാം ഹെലികോപ്റ്റര്‍ വെച്ചെടുക്കാം എന്നൊക്കെ പറയും. അതു കേള്‍ക്കുമ്പോള്‍ അവനുണ്ടാകുന്ന സന്തോഷവും ജിഞ്ജാസയുമൊക്കെ ഞാനിപ്പോഴും ഓര്‍ക്കുന്നു. എന്നാല്‍ സിനിമ എങ്ങനെ പ്രാവര്‍ത്തികമാക്കും എന്നതിനെ സംബന്ധിച്ച് അവന് ആശങ്കയുണ്ടായിരുന്നു. ആ ജോലി സുപ്രിയ നന്നായി ചെയ്തു.’
‘പൃഥ്വിരാജിന്റെ മാനസികമായ ധൈര്യം എന്നൊക്കെ പറയുന്നത് ഒരുപക്ഷേ എന്റെ ജീവിതത്തിലുണ്ടായ പ്രതിസന്ധികളില്‍ ഞാന്‍ കാണിച്ച ഒരു മനോബലമാണ്. ഞാന്‍ എന്റെ മക്കളിലേക്ക് നിര്‍ബന്ധപൂര്‍വം അത് തിരികി കയറ്റാന്‍ ശ്രമിച്ചിട്ടില്ല. എന്നാലും ആ ഒരു മാനസിക ബലമായിരിക്കാം ചില സന്ദര്‍ഭങ്ങളൊക്കെ ധൈര്യപൂര്‍വം അതിജീവിച്ച് എന്റെ മോന്‍ മുന്നോട്ട് പോയിട്ടുള്ളത്.’ മല്ലിക സുകുമാരന്‍ പറഞ്ഞു.
100 ഡേയ്സ് ഓഫ് ലവ് എന്ന ചിത്രത്തിനു ശേഷം ജനൂസ് സംവിധാനം ചെയ്യുന്ന ചിത്രമാണ് നയന്‍. സോണി പിക്ച്ചേഴ്സിനൊപ്പം പൃഥ്വിരാജ് ഫിലിംസും സംയുക്തമായി നിര്‍മ്മിക്കുന്ന ചിത്രത്തില്‍ ആല്‍ബര്‍ട്ട് എന്ന ശാസ്ത്രജ്ഞന്റെ വേഷത്തിലാണ് പൃഥ്വിരാജ് എത്തുന്നത്. പ്രകാശ് രാജ്, മംമ്ത മോഹന്‍ദാസ്, വാമിഖ ഖബ്ബി തുടങ്ങി വലിയൊരു താരനിര തന്നെ ചിത്രത്തില്‍ അണി നിരക്കുന്നുണ്ട്. ചിത്രം ഫെബ്രുവരി ഏഴിന് തിയേറ്ററുകളിലെത്തും.