തൃശൂർ: ഗാന്ധിജിയുടെ തൃശൂർ സന്ദർശനവേളയിൽ അദ്ദേഹത്തെ നേരിട്ടുകാണാൻ ഭാഗ്യം ലഭിച്ചവരിൽ അവസാനത്തെ കണ്ണികളിലൊരാളാണ് കഴിഞ്ഞ ദിവസം അന്തരിച്ച തലപ്പിള്ളി രാജവംശത്തിലെ മല്ലിക തന്പുരാട്ടി. നേരിട്ടു കാണുക മാത്രമല്ല അദ്ദേഹത്തിൽനിന്നു സമ്മാനം ഏറ്റുവാങ്ങാനുള്ള ഭാഗ്യവും അന്നു മൂന്നുവയസുകാരിയായിരുന്ന തന്പുരാട്ടിക്കു ലഭിച്ചിരുന്നു.
1927 ഒക്ടോബർ 14നായിരുന്നു തൃശൂരിന്റെ ചരിത്രത്തിൽ തങ്കലിപികളിൽ എഴുതപ്പെട്ട ഗാന്ധിജിയുടെ സന്ദർശനം. ഗാന്ധിജിയുടെ സന്ദർശന സമയത്തു വിവേകോദയം സ്കൂളിൽ കുട്ടികൾക്കായി സംഘടിപ്പിച്ച നൂൽനൂൽക്കൽ മത്സരത്തിൽ സമ്മാനം ലഭിച്ചതു മല്ലിക തന്പുരാട്ടിക്കായിരുന്നു.
അന്നു ഗാന്ധിജിയുടെ പക്കൽനിന്നു സമ്മാനമായി ഏറ്റുവാങ്ങിയ ദേശഭക്തിഗാനങ്ങളടങ്ങിയ പുസ്തകവും ചെറിയ തക്ലിയും മല്ലിക തന്പുരാട്ടി നിധിപോലെ സൂക്ഷിച്ചുവച്ചിരുന്നു. ആ സന്ദർശനത്തിൽ കുട്ടികൾ നൂൽനൂൽക്കുന്ന കാഴ്ച തന്നെ ഏറെ സന്തോഷിപ്പിച്ചുവെന്നു ഗാന്ധിജി ഡയറിയിൽ കുറിച്ചിരുന്നുവെന്നതും ശ്രദ്ധേയമാണ്.
തികഞ്ഞ ഗാന്ധിയനായ കുറൂർ നീലകണ്ഠൻ നന്പൂതിരിപ്പാടിന്റെ ജ്യേഷ്ഠപുത്രിയായ മല്ലിക തന്പുരാട്ടി നന്നേ ചെറുപ്പത്തിൽ ചർച്ചയിൽ നൂൽനൂൽക്കാൻ പഠിച്ചിരുന്നു. ഗാന്ധിയൻ ആദർശങ്ങളിൽ സ്വയം ഇഴചേർന്ന മല്ലിക തന്പുരാട്ടി 33-ാം വയസിൽ വിവാഹിതയാകുന്നതുവരെ സ്വന്തമായി നൂൽനൂറ്റ വസ്ത്രങ്ങളാണ് ധരിച്ചിരുന്നത്.
താൻ നെയ്ത വസ്ത്രങ്ങൾ വില്പന ചെയ്യുന്നതിലൂടെ തന്റെ കൊച്ചുകൊച്ചു ആവശ്യങ്ങൾ നിറവേറ്റാൻ കൊച്ചു കുട്ടിയായിരിക്കുന്പോൾതന്നെ തന്പുരാട്ടിക്കു കഴിഞ്ഞിരുന്നു. കേരള കലാമണ്ഡലം പടുത്തുയർത്തുന്നതിൽ മഹാകവി വള്ളത്തോളിനൊപ്പം പ്രവർത്തിച്ച മണക്കുളം മുകുന്ദരാജയുടെ മരുമകളുടെ മകളാണ് മല്ലിക തന്പുരാട്ടി. ആദ്യകാലത്ത് കലാമണ്ഡലം പ്രവർത്തിച്ചിരുന്നതു മണക്കുളം തറവാട്ടിലായിരുന്നുവെന്നതു ചരിത്രം.
2012ൽ ദേശീയഗാനത്തിന്റെ സുവർണ ജൂബിലി വേളയിൽ ചർക്ക സമ്മാനിച്ച് തൃശൂർ ദൂരദർശനും, നവതി പൂർത്തിയായപ്പോൾ ആദരണീയം പൗരാവലിയും മല്ലിക തന്പുരാട്ടിയെ ആദരിച്ചിരുന്നു. നിരവധി ആദരവുകൾ ഏറ്റുവാങ്ങിയ അവർ രാഷ്ട്രം പരാമാധികാര റിപ്പബ്ലിക്കായതിന്റെ 70-ാം വാർഷികം ആഘോഷിക്കുന്ന അതേ ദിവസമാണ് വിടവാങ്ങിയത് എന്നത് ആകസ്മികമായി.