സയനൈഡ് മല്ലിക എന്ന പേരുകേട്ടാൽ ബംഗളൂരു നഗരം ഇന്നും ഞെട്ടും. ഇന്ത്യയിലെ ആദ്യത്തെ സീരിയൽ കില്ലർ എന്നാണ് മല്ലിക അറിയപ്പെടുന്നത്.
യഥാർഥ പേര് കെ.ഡി. കെന്പമ്മ. കർണാടകയിൽ വധശിക്ഷയ്ക്കു വിധിക്കപ്പെട്ട ആദ്യ വനിതയെന്ന കുപ്രസിദ്ധിയും മല്ലികയ്ക്കു സ്വന്തം.
കർണാടകയിലെ കഗ്ഗലിപുര സ്വദേശിനി മല്ലിക 1999 മുതൽ 2007വരെ കൊലപ്പെടുത്തിയത് ഏഴു പേരെയാണ്. കൊല്ലപ്പെട്ട ഏഴു പേരും സ്ത്രീകളാണെന്നതാണ് ഈ കൂട്ടക്കൊലയുടെ മറ്റൊരു പ്രത്യേകത.
1999ൽ മല്ലിക രണ്ടു പേരെ കൊലപ്പെടുത്തിയപ്പോൾ 2007ൽ അഞ്ചുപേർ ഇവരുടെ ഇരകളായി മാറി. ഇതിൽ കൂടുതൽ പേരെ ഇവർ കൊലപ്പെടുത്തിയിട്ടുണ്ടോയെന്നതിലും വ്യക്തതയില്ല.
ആഡംബര പ്രേമി
ചെറുപ്പം മുതൽ ആഡംബര ജീവിതത്തോടു വല്ലാത്തൊരു ഭ്രമമായിരുന്നു മല്ലികയ്ക്ക്. നേരായ മാർഗത്തിൽ തന്റെ ആഗ്രഹങ്ങൾ എത്ര എളുപ്പം നടക്കില്ലെന്ന് അവൾ തിരിച്ചറിഞ്ഞു.
അതിനാൽ വളഞ്ഞ വഴിയിൽ പണമുണ്ടാക്കാൻ അവൾ തീരുമാനിച്ചു. അങ്ങനെയാണ് മോഷണത്തിലേക്കു മല്ലിക കടക്കുന്നത്. ചെറിയ ചെറിയ മോഷണങ്ങളൊക്കെ നടത്തിയായിരുന്നു തുടക്കം.
ഇതുവഴി കിട്ടുന്ന പണംകൊണ്ടു ജീവിതം ധൂർത്തടിച്ചു മുന്നോട്ടു പോകുന്നതിനിടയിലാണ് അവൾ പോലീസ് പിടിയിലായി. ആറു മാസം തടവ് ശിക്ഷയും ലഭിച്ചു.
മോഷണക്കേസിൽ ശിക്ഷിക്കപ്പെട്ടതോടെ ഭർത്താവും മക്കളും അവളെ ഉപേക്ഷിച്ചു. ജയിൽ മോചിതയായ മല്ലിക പിന്നീടു ചിട്ടി ബിസിനസിലേക്കു തിരിഞ്ഞു.
ഇതാവട്ടെ എട്ടു നിലയിൽ പൊട്ടുകയും ചെയ്തു. വൻ സാന്പത്തിക ബാധ്യത മല്ലികയെ കടുത്ത പ്രതിസന്ധിയിലാക്കി. സാന്പത്തിക ബാധ്യതയിൽനിന്നു രക്ഷപ്പെടാൻ അവൾ മറ്റു ചില വഴികൾ ആലോചിച്ചു.
കപട ഭക്ത
പണക്കാരിയാകാനുള്ള മോഹങ്ങൾക്കു കനത്ത തിരിച്ചടി കിട്ടിയതോടെ മല്ലിക വഴിയൊന്നു മാറ്റിപ്പിടിക്കാൻ തീരുമാനിച്ചു. കുറ്റകൃത്യങ്ങളുടെ ലോകത്തുനിന്നു ധാരാളം പേർ മോക്ഷപ്രാപ്തിക്കായി ഭക്തിമാർഗം സ്വീകരിച്ചിട്ടുണ്ട്.
എന്നാൽ, മല്ലിക എന്തെങ്കിലും മനസ്താപം തോന്നിയിട്ടല്ല ഭക്തവേഷം കെട്ടിയത്. പുതിയ തട്ടിപ്പിനുള്ള മറയായിരുന്നു അത്. പണക്കാരിയാകാനുള്ള തന്ത്രങ്ങളുടെ ഒരു കുറുക്കുവഴിയായിരുന്നു അവളുടെ കപടവേഷം.
കടുത്ത ഭക്തചമഞ്ഞു ക്ഷേത്രങ്ങളിലും പരിസരങ്ങളിലും താമസിക്കും. അവിടെയെത്തുന്ന നല്ലവരായ ഭക്ത സ്ത്രീകളെ തന്ത്രം പറഞ്ഞു വലയിൽ വീഴ്ത്തും. ഇങ്ങനെ അടുപ്പം സ്ഥാപിച്ച പലർക്കുമാണ് ഒടുവിൽ ജീവൻ നഷ്ടമായത്.
അടുപ്പം സ്ഥാപിച്ചു കൂട്ടുക്കൊണ്ടുപോയി കൊലപ്പെടുത്തി സ്വർണവും പണവും സ്വന്തമാക്കുകയായിരുന്നു അവളുടെ രീതി. സയനൈഡ് ചേർത്ത വെള്ളം പുണ്യതീർഥമെന്ന പേരിൽ ഇരകൾക്കു നൽകിയായിരുന്നു കൊലപാതകം.
കൊടുംവിഷമാണ് തരുന്നതെന്ന് അറിയാതെ പലരും ഇതു കുടിച്ചു മരിച്ചുവീണു. കൊലപാതകം കൂടാതെ മന്ത്രവാദിനിയുടെ വേഷത്തിലും അവൾ ആളുകളെ വലയിൽ വീഴ്ത്തി കബളിപ്പിച്ചു.
(തുടരും).