ആലപ്പുഴ: വേന്പനാട്ട് കായലിലെ കറുത്ത കക്കയുടെ ലഭ്യതയിൽ സമീപകാലത്തുണ്ടായ കുറവ് പരിഹരിക്കാൻ ഫിഷറീസ് വകുപ്പിന്റെ പുനരുജ്ജീവന പദ്ധതി. തണ്ണീർമുക്കം ബണ്ട് നിർമിച്ചതിനുശേഷം ബണ്ടിനു തെക്കുവശമുള്ള വേന്പനാട്ട് കായലിൽ കറുത്ത കക്കയുടെ ലഭ്യതയിൽ വൻകുറവുള്ളതായി വിവിധ സംഘടനകളും സർക്കാർ ഏജൻസികളും നടത്തിയ പഠനങ്ങളിൽ തെളിഞ്ഞിരുന്നു.
കക്കാ ലഭ്യതയുടെ കുറവ് തൊഴിലിനും വേന്പനാട്ട് കായലിനു സമീപത്തായി പ്രവർത്തിക്കുന്ന കക്കാ സഹകരണ സംഘങ്ങളുടെ പ്രവർത്തനത്തെയും ബാധിക്കാൻ തുടങ്ങിയതോടെയാണ് ഫിഷറീസ് വകുപ്പ് മൂന്നുവർഷം നീണ്ടുനിൽക്കുന്ന കക്കാ പുനരുജ്ജീവന പദ്ധതിയുമായി രംഗത്തെത്തിയത്.
അനിയന്ത്രിതമായ മല്ലികക്കാ വാരൽ മൂലവും, തണ്ണീർമുക്കം ബണ്ട് അടയ്ക്കുന്നതോടെ പ്രജനനത്തിനു ആവശ്യമായ ലവണജലം ലഭിക്കാത്തതുമൂലവും വേന്പനാട്ട് കായലിലെ കറുത്തകക്കയുടെ ലഭ്യത കുറഞ്ഞ് വരുന്നത് പരിഹരിക്കുകയെന്ന ലക്ഷ്യത്തോടെയാണ് പദ്ധതി പുരോഗമിക്കുന്നത്. തണ്ണീർമുക്കം ബണ്ടിനു വടക്കുഭാഗത്ത് ധാരാളമുള്ള മല്ലികക്ക ശേഖരിച്ച് ബണ്ടിനു തെക്കുവശം നിക്ഷേപിച്ച് വളർത്തി എടുക്കുന്ന പദ്ധതിയാണ് കക്കാ പുനരുജ്ജീവനത്തിനായി നടപ്പാക്കിയിരിക്കുന്നത്.
തെരഞ്ഞെടുക്കപ്പെട്ട അഞ്ച് കക്കാ സഹകരണ സംഘങ്ങൾ, സെൻട്രൽ മറൈൻ ഫിഷറീസ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട്, വേൾഡ് വൈഡ് ഫണ്ട് ഫോർ നേച്ചർ, എട്രീ എന്നിവയുടെ സഹകരണത്തോടെയാണ് പദ്ധതി നടപ്പാക്കിവരുന്നത്. തെരഞ്ഞെടുക്കപ്പെട്ട കാവാലം, ആര്യാട്, മുഹമ്മ, മുഹമ്മ മാർക്കറ്റ്, വെച്ചൂർ കക്കാ സഹകരണ സംഘങ്ങളുടെ പരിധിയിൽ മല്ലി കക്കകൾ കായലിൽ വിതറുന്നതിനുള്ള പ്രാരംഭ നടപടികളും സാങ്കേതിക പരിശോധനകളും പൂർത്തീകരിച്ചശേഷമാണ് മല്ലികക്ക നിക്ഷേപിച്ചുതുടങ്ങിയത്.
പത്തുമുതൽ 12 സെന്റിമീറ്റർ വരെ വലിപ്പമുള്ള മല്ലികക്കകൾ ചതുരശ്രമീറ്ററിന് 550 മുതൽ 600 വരെയാണ് നിക്ഷേപിക്കുന്നത്. ഇത്തരത്തിൽ നിക്ഷേപിച്ച സ്ഥലങ്ങൾ മനസിലാക്കുന്നതിനായി അടയാളങ്ങളും ബോർഡുകളും സ്ഥാപിച്ചിട്ടുണ്ട്. കൃത്യമായ മേൽനോട്ടത്തോടെ നടപ്പാക്കുന്ന പദ്ധതിയിലൂടെ വേന്പനാട് കായലിന്റെ കക്കാശേഖരത്തിന്റെ അളവ് വർധിപ്പിക്കാൻ കഴിയുമെന്ന ആത്മവിശ്വാസത്തിലാണ് ഫിഷറീസ് വകുപ്പ്.