2007 ഡിസംബർ 31ന് പതിവ് പട്രോളിംഗിനിടയിലാണു കലാസിപാളയയിലെ പോലീസുകാർക്ക് ആ വിവരം ലഭിച്ചത്. വിളിച്ചതു സമീപത്തെ ജ്വല്ലറി ഉടമ. ജ്വല്ലറിയിൽ സ്വർണാഭരണങ്ങൾ വിൽക്കാൻ വന്ന ഒരു സ്ത്രീയെ സംശയമുണ്ടെന്നായിരുന്നു ഫോണ്സന്ദേശം.
ഒട്ടും വൈകാതെ പോലീസ് ജ്വല്ലറിയിലെത്തി. മല്ലികയായിരുന്നു കടയിൽ. കൂടുതൽ ആഭരണങ്ങൾ അവരുടെ കൈവശം കണ്ടതാണ് സംശയത്തിന് ഇട നൽകിയത്. അവരെ കണ്ടിട്ട് ഒരു സന്പന്നയുടെ രൂപഭാവങ്ങളൊന്നും ഇല്ലായിരുന്നു താനും.
പോലീസിനു മുന്നിൽ പതറി
ഇത്രയധികം ആഭരണങ്ങൾ എവിടെനിന്നാണെന്നു പോലീസ് ചോദിച്ചു. അപ്രതീക്ഷിതമായി പോലീസ് മുന്നിലെത്തിയതോടെ പതറിപ്പോയ മല്ലികയുടെ മറുപടികൾ പലതും പരസ്പര വിരുദ്ധവും സംശയം കൂട്ടുന്നതുമായിരുന്നു.
ഇതോടെ വിശദമായി ചോദ്യംചെയ്യലിനായി മല്ലികയെ പോലീസ് കസ്റ്റഡിയിലെടുത്തു. സ്വന്തം ആഭരണങ്ങളാണെന്നും പണത്തിന് ആവശ്യമുള്ളതിനാൽ വിൽക്കാനെത്തിയതാണെന്നും സ്റ്റേഷനിലെ ചോദ്യംചെയ്യലിലും മല്ലിക ആവർത്തിച്ചു.
എന്നാൽ, യുവതികൾ അണിയുന്ന തരത്തിലുള്ള പുതിയ ഫാഷൻ സ്വർണാഭരണങ്ങളായിരുന്നു വിൽക്കാൻ കൊണ്ടുവന്നതിൽ പലതും. ഇതു പോലീസിന്റെ സംശയം കൂട്ടി. മല്ലികയെക്കുറിച്ചു കൂടുതൽ അന്വേഷിക്കാൻ അവർ തീരുമാനിച്ചു.
മുൻകാല ചരിത്രം
വിശദമായ ചോദ്യം ചെയ്യലിലും അന്വേഷണത്തിലും ഇവർ മോഷണക്കേസിൽ നേരത്തേ പിടിയിലായിട്ടുണ്ടെന്നും ആറു മാസം ജയിൽശിക്ഷ അനുഭവിച്ചിട്ടുണ്ടെന്നും പോലീസ് മനസിലാക്കി.
ഇതോടെ ഇവർ പറയുന്ന പല കാര്യങ്ങളും സത്യമല്ല എന്നു പോലീസ് ഉറപ്പിച്ചു. പോലീസ് അന്വേഷണം ഊർജിതമാക്കി. അവരുടെ ജീവിത സാഹചര്യങ്ങളും മുൻകാല ഇടപെടലുകളുമെല്ലാം പോലീസ് ചികഞ്ഞെടുത്തു.
ഭർത്താവിൽനിന്നും മക്കളിൽനിന്നും അകന്നു കഴിയുന്ന മല്ലികയുടെ ജീവിതത്തിൽ ദുരൂഹതകളുണ്ടെന്നു അന്വേഷണ ഉദ്യോഗസ്ഥർക്കു തോന്നി. മല്ലികയിൽനിന്നു പിടിച്ചെടുത്ത ആഭരണങ്ങളിലെ ചില അടയാളങ്ങൾ കേന്ദ്രീകരിച്ചായിരുന്നു തുടർന്നു പോലീസിന്റെ അന്വേഷണം.
ഒടുവിൽ ഹെബ്ബാൾ സ്വദേശിനിയായ നാഗവേണിയുടേതാണ് ആഭരണങ്ങളെന്നു പോലീസ് കണ്ടെത്തി. അവരെ അന്വേഷിച്ചു പോയപ്പോഴായിരുന്നു പോലീസിന് ആ നിർണായക വിവരം ലഭിച്ചത്.
നാഗവേണി മാസങ്ങൾക്കു മുൻപ് കൊല്ലപ്പെട്ടിരിക്കുന്നു. ഇതോടെ കൈയിൽ വന്നു പെട്ടിരിക്കുന്നതു ചെറിയ മീനല്ല എന്നു പോലീസ് ഉറപ്പിച്ചു.
കള്ളിപൊളിയുന്നു
പഴുതടച്ച കർശന ചോദ്യം ചെയ്യലായിരുന്നു പിന്നീട്. ഇതോടെ മല്ലികയ്ക്കു പിടിച്ചുനിൽക്കാനാവാതെ വന്നു. അവർ സത്യങ്ങൾ ഒന്നൊന്നായി വെളിപ്പെടുത്താൻ തുടങ്ങി.
തന്റെ യഥാർഥ പേര് ആദ്യമായി പറഞ്ഞു – കെ.ഡി. കെന്പമ്മ. രാജ്യത്തെ നടുക്കിയ ആദ്യത്തെ വനിതാ സീരിയൽ കില്ലറിന്റെ കൊലപാതകക്കഥകൾ ഓരോന്നായി പുറത്തുവരികയായിരുന്നു.
ഒാരോ കഥകളും നാടിനെ ഞെട്ടിച്ചു. അവർ പറയുന്ന കൊടുംക്രൂരതയുടെ കഥകൾ കേട്ടു അന്വേഷണ ഉദ്യോഗസ്ഥർ പോലും തരിച്ചുനിന്നു. ഒരു സ്ത്രീ ഇങ്ങനെയൊക്കെ ചെയ്യുമോയെന്ന് നാട്ടുകാർ അന്പരപ്പോടെ ചോദിച്ചു.
യാതൊരു കൂസലുമില്ലാതെ തങ്ങൾക്കിടയിൽ ജീവിച്ച മല്ലിക നിരപരാധികളായ ഏഴു പേരെ കൊലപ്പെടുത്തിയ കഥ കേട്ടു ജനം വിറങ്ങലിച്ചുനിന്നു.
(തുടരും).