ന്യൂഡൽഹി: മോദിയുടെ ഗ്യാരന്റി ജനങ്ങളിലേക്ക് എത്തുന്നില്ലെന്ന് കോണ്‍ഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ. നോർത്ത് ഈസ്റ്റ് ഡൽഹി പാർലമെന്റ് മണ്ഡലത്തിലെ ഉസ്മാൻപുരിൽ കോണ്‍ഗ്രസിന്റെ ‘ഘർ ഘർ ഗ്യാരന്റി’പദ്ധതി ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
“പ്രതിവർഷം രണ്ടു കോടി തൊഴിലവസരങ്ങൾ സൃഷ്ടിക്കുമെന്നു മോദി വാഗ്ദാനം ചെയ്തിരുന്നു. എന്നാൽ ആളുകൾക്ക് ഒരിക്കലും ആ ജോലികൾ കാണാൻ കഴിഞ്ഞിട്ടില്ല. എന്തുകൊണ്ടാണ് ആളുകൾ ഇത്തരം പ്രചാരണങ്ങളെ പ്രോത്സാഹിപ്പിക്കുകയും കള്ളം പറയുന്നവർക്ക് വോട്ട് ചെയ്യുകയും ചെയ്യുന്നതെന്ന് മനസിലാക്കാൻ കഴിയുന്നില്ല.
ബിജെപി കർഷകരുടെ വരുമാനം ഇരട്ടിയാക്കുന്നതിനെക്കുറിച്ചും താങ്ങുവിലയ്ക്ക് നിയമപരമായ ഗ്യാരന്റി നൽകുന്നതിനെക്കുറിച്ചും സംസാരിച്ചിരുന്നു. എന്നാൽ ആ വാഗ്ദാനങ്ങൾ പാലിച്ചില്ല. ഞങ്ങൾ വാഗ്ദാനം ചെയ്യുന്നതെന്തും നിറവേറ്റും’’- ഖാർഗെ പറഞ്ഞു.
നാളെ ജയ്പൂരിലും ഹൈദരാബാദിലും നടക്കുന്ന മെഗാ റാലികളിൽ മുതിർന്ന നേതാക്കളുടെ സാന്നിധ്യത്തിൽ പ്രകടനപത്രിക പുറത്തിറക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
1978ൽ കോണ്‍ഗ്രസ് ആദ്യമായി കൈ ചിഹ്നം ഉപയോഗിച്ച സ്ഥലത്തുനിന്നാണ് ‘ഘർ ഘർ ഗ്യാരന്റി’ എന്ന പദ്ധതി ആരംഭിക്കുന്നതെന്ന് കോൺഗ്രസ് ജനറൽ സെക്രട്ടറി ജയറാം രമേശ് എക്സിൽ കുറിച്ചു.
14 ഭാഷകളിൽ അച്ചടിച്ച ഈ ഗ്യാരന്റി കാർഡുകൾ അടുത്ത ഏതാനും ആഴ്ചകൾക്കുള്ളിൽ കോണ്‍ഗ്രസ് പ്രവർത്തകർ ഇന്ത്യയിലെ എട്ടു കോടി വീടുകളിൽ എത്തിക്കുമെന്നും അദ്ദേഹം പറഞ്ഞു.