ന്യൂഡൽഹി: ഇന്ത്യ മുന്നണിയുടെ ചെയർമാൻ സ്ഥാനത്തേക്ക് കോൺഗ്രസ് ദേശീയ അധ്യക്ഷൻ മല്ലികാർജുൻ ഖാർഗയെ തെരഞ്ഞെടുത്തു. ലോക്സഭാ തെരഞ്ഞെടുപ്പിലെ സീറ്റ് വിഭജനമടക്കമുള്ള വിഷയങ്ങളിൽ വെർച്വലായി ശനിയാഴ്ച ചേർന്ന യോഗത്തിലാണ് തീരുമാനമുണ്ടായത്. ഇത് സംബന്ധിച്ച് ഇന്ത്യാ മുന്നണി ഇതുവരെ ഔദ്യോഗിക പ്രഖ്യാപനം നടത്തിയിട്ടില്ല. തൃണമൂൽ കോൺഗ്രസ്, സമാജ്വാദി പാർട്ടി, ശിവസേന ഒഴികെയുള്ള എല്ലാ പാർട്ടികളുടെയും പ്രതിനിധികൾ യോഗത്തിൽ പങ്കെടുത്തു.
ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാറിനും ചെയർമാൻ സ്ഥാനത്തേക്ക് സാധ്യത ഉണ്ടായിരുന്നു. എന്നാൽ കോൺഗ്രസിൽ നിന്നുതന്നെ ആരെങ്കിലും നിയുക്ത സ്ഥാനത്തേക്ക് വരണമെന്ന് നിതീഷ് തന്നെ വ്യക്തമാക്കി. അതേസമയം, കൺവീനർ സ്ഥാനം ഏറ്റെടുക്കാൻ നിതീഷ് വിസമ്മതിച്ചു. നിതീഷ് മുന്നണിയുടെ കൺവീനറാകുമെന്ന് നേരത്തെ അഭ്യൂഹങ്ങൾ ഉണ്ടായിരുന്നു.
പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജി, സമാജ്വാദി പാർട്ടി അധ്യക്ഷൻ അഖിലേഷ് യാദവ് എന്നിവരുമായി നടത്തിയ ചർച്ചക്ക് ശേഷമാകും കൺവീനർ പദവി സംബന്ധിച്ച അന്തിമ തീരുമാനം കൈക്കൊള്ളുകയെന്നാണ് വിവരം. അതേസമയം, നിതീഷ് കുമാറിനെ കൺവീനർ സ്ഥാനത്തേക്ക് നിയമിക്കുന്ന തീരുമാനത്തിൽ നേരത്തേ മമത അതൃപ്തി അറിയിച്ചിരുന്നു.
സീറ്റ് വിഭജനം, ഭാരത് ജോഡോ ന്യായ് യാത്രയിലെ പങ്കാളിത്തം, സഖ്യം ശക്തിപ്പെടുത്തൽ തുടങ്ങിയ വിഷയങ്ങൾ അവലോകനം ചെയ്യാനാണ് പ്രതിപക്ഷ നേതാക്കൾ യോഗം ചേർന്നത്.
ഇന്ത്യ മുന്നണിയുടെ ഏറ്റവും വലിയ പ്രതിസന്ധിയും ചര്‍ച്ചാവിഷയവും സീറ്റ് വിഭജനമാണ്. നിയമസഭാ തെരഞ്ഞെടുപ്പിൽ സീറ്റിന്റെ കാര്യത്തിൽ കോൺഗ്രസ് വിട്ടുവീഴ്ച നടത്താതിരുന്നാൽ യുപിയിൽ സമാജ്വാദി പാർട്ടിയുമായുള്ള ചർച്ചകളിൽ പ്രതിസന്ധിയുണ്ടാകും.
അശോക് ഗെലോട്ട്, ഭൂപേഷ് ബാഗേല്‍, മുകുള്‍ വാസ്നിക്, സല്മാന് ഖുര്‍ഷിദ്, മോഹന്‍ പ്രകാശ് എന്നിവരടങ്ങുന്ന അഞ്ചംഗ കോണ്‍ഗ്രസ് സമിതി മറ്റു പാര്‍ട്ടികളുമായി സീറ്റ് വിഭജന ചര്‍ച്ചകള്‍ നടത്തിക്കൊണ്ടിരിക്കുകയാണ്. സമാജ്വാദി പാര്‍ട്ടി , ശിവസേന, എന്‍സിപി, എഎപി, ആര്‍ജെഡി തുടങ്ങിയ പാര്‍ട്ടികളുമായി ആദ്യഘട്ട ചര്‍ച്ചകള്‍ കോണ്‍ഗ്രസ് പൂര്‍ത്തിയാക്കിയിട്ടുണ്ട്.