ന്യൂഡല്‍ഹി: ബിഹാറിൽ നിതീഷ് കുമാര്‍ മുന്നണി വിടുമെന്ന് അറിയാമായിരുന്നെന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ. നിതീഷിന്റെ രാജി പ്രതിക്ഷിച്ചിരുന്നതാണ് ഇക്കാര്യത്തെ സംബന്ധിച്ച് ലാലു പ്രസാദ് യാദവിനോടും തേജസ്വി യാദവിനോടും സംസാരിച്ചപ്പോഴും നിതീഷ് കുറുമാറുമെന്ന് തന്നെയാണ് അവരും പറഞ്ഞത്. ഇന്ത്യാ സഖ്യം ഉലയാതിരിക്കാനാണ് തങ്ങള്‍ നിശബ്ദത പാലിച്ചതെന്നും ഖാര്‍ഗെ പറഞ്ഞു.
നിതീഷിനെപ്പോലെ അങ്ങോട്ടും ഇങ്ങോട്ടും ചാടുന്ന ഒരുപാട് പേര് രാജ്യത്തുണ്ടെന്നും ഖാര്‍ഗെ കൂട്ടിച്ചേര്‍ത്തു. ‘ആയാറാം ഗയാറാം’പോലെ നിരവധി നേതാക്കൾ രാജ്യത്തുണ്ട്. നിതീഷിന് സഖ്യത്തിൽ തുടരണമായിരുന്നുവെങ്കിൽ അദ്ദേഹം തുടരുമായിരുന്നു, എന്നാൽ അദ്ദേഹത്തിന് പോകണം. അക്കാര്യം നേരത്തേ അറിയാമായിരുന്നു. എന്നാൽ സഖ്യത്തിനെ ബാധിക്കുന്ന രീതിയിൽ പ്രതികരിക്കരുതെന്ന് ഞങ്ങൾ ആഗ്രഹിച്ചു. തെറ്റായ സന്ദേശം നൽകാൻ താത്പര്യമില്ലായിരുന്നു എന്നും ഖാർഗെ കൂട്ടിച്ചേർത്തു.
ബിജെപി പിന്തുണയോടെ വീണ്ടും മുഖ്യമന്ത്രിസ്ഥാനത്തേക്ക് നിതിഷ് തിരിച്ചെത്താന്‍ ഇനി ഏതാനും മണിക്കൂറുകള്‍ മാത്രമാണ് അവശേഷിക്കുന്നത്. വൈകുന്നേരത്തോടെ നിതിഷ് കുമാറിന്റെ സത്യപ്രതിജ്ഞാ ചടങ്ങ് നടക്കും. നിതീഷ് കുമാറിന്റെ ജെഡിയുവും ബിജെപിയും ചേർന്ന് ബിഹാറിൽ പുതിയ മന്ത്രിസഭ രുപീകരിക്കും. ബിജെപി ദേശീയ അധ്യക്ഷന്‍ ജെ.പി നദ്ദ സത്യപ്രതിജ്ഞാ ചടങ്ങില്‍ പങ്കെടുക്കാൻ ബിഹാറിലേക്ക് തിരിച്ചതായാണ് റിപ്പോര്‍ട്ടുകള്‍. സുശീൽ മോദിയും രേണു ദേവിയും ഉപമുഖ്യമന്ത്രിമാരാകാനാണ് സാധ്യതയെന്ന് റിപ്പോർട്ട്.
രാവിലെ നിതീഷ് കുമാറിന്റെ വസതിയില്‍ ചേര്‍ന്ന നിയമസഭാ കക്ഷി യോഗത്തില്‍ എല്ലാ ജെഡിയു എംഎല്‍എമാരും നിതീഷിന്റെ നീക്കത്തെ പിന്തുണച്ചെന്നാണ് വിവരം. 2025 മുതൽ നിതീഷിന് എൻഡിഎ കൺവീനർ പദവി നൽകും. സ്പീക്കർ പദവി ബിജെപിക്ക് നൽകാനും ധാരണയായതായിട്ടാണ് സൂചന. ആർജെഡി കൈകാര്യം ചെയ്തിരുന്ന വകുപ്പുകളും ബിജെപിക്ക് നൽകും. അടുത്ത തെരഞ്ഞെടുപ്പ് വരെ നിതീഷ്കുമാർ മുഖ്യമന്ത്രിയായി തുടർന്നേക്കുമെന്നാണ് ജെഡിയും ബിജെപിയും തമ്മിലുള്ള ധാരണ. കഴിഞ്ഞ പാർട്ടി യോഗത്തിലാണ് ജെഡിയു ഇന്ത്യ സഖ്യം വിടാനുള്ള തീരുമാനമെടുത്തത്. ഇന്ത്യ മുന്നണി കൺവീനർ പദവി നൽകുന്നതിന് കോൺഗ്രസും തൃണമൂലും തടയിട്ടതാണ് നിതീഷിനെ ചൊടിപ്പിച്ചത്.