കൊളംബോ: ശ്രീലങ്കൻ കായികമന്ത്രിയെ കുരങ്ങിനോട് ഉപമിച്ച പേസ്ബൗളർ ലസിത് മലിംഗയെ ശ്രീലങ്കൻ ക്രിക്കറ്റ് ബോർഡ് ഒരു വർഷത്തേക്ക് വിലക്കി. ക്രിക്കറ്റ് ബോർഡിന്റെ ഔദ്യോഗിക ട്വിറ്റർ പേജിലൂടെയാണ് ഈ വിവരം വ്യക്തമാക്കിയത്. അതേസമയം, ഒരു വർഷത്തെ വിലക്ക് ആറുമാസമായി കുറക്കാൻ മലിംഗയ്ക്ക് അവസരമുണ്ട്. പക്ഷേ, ആറുമാസത്തെ മത്സരങ്ങളുടെ 50 ശതമാനം ഫീസ് പിഴയൊടുക്കേണ്ടി വരുമെന്ന് മാത്രം.
ചാംപ്യൻസ് ട്രോഫിയിൽ സെമി കാണാതെ ടീം പുറത്തായതിനു പിന്നാലെ വിമർശനവുമായി കായികമന്ത്രി ദയസിരി ജയശേഖര രംഗത്തെത്തിയിരുന്നു. പരമ്പരയിൽ ഉടനീളം ക്യാച്ചുകൾ നഷ്ടപ്പെടുത്തിയതടക്കം പരാമർശിച്ച് ടീം അംഗങ്ങളെ പരിഹസിക്കുകയും ചെയ്തിരുന്നു മന്ത്രി. ഇതാണ് മലിംഗയെ ചൊടിപ്പിച്ചത്. ഇതേത്തുടർന്നാണ്, എങ്ങനെ കളിക്കണമെന്ന് താരങ്ങൾക്ക് അറിയാമെന്നും തത്തയുടെ കൂട്ടിൽ കുരങ്ങൻ ഇരിക്കുന്നത് പോലെയാണ് ജയശേഖര മന്ത്രിസ്ഥാനത്തിരിക്കുന്നതെന്നും മലിംഗ പറഞ്ഞത്.
മന്ത്രിക്ക് ക്രിക്കറ്റിനെക്കുറിച്ച് കൂടുതൽ അറിവില്ലാഞ്ഞിട്ടാണ് ക്യാച്ചുകൾ കൈവിട്ടതിനെ ഇങ്ങനെ വിമർശിച്ചതെന്നും ഇതെല്ലാം കളിയുടെ ഭാഗമാണെന്നും മലിംഗ പറഞ്ഞിരുന്നു. എന്നാൽ കാര്യങ്ങൾ പെട്ടെന്നാണ് മലിംഗയെ തിരിഞ്ഞുകൊത്തിയത്. ലങ്കൻ പേസറുടെ വാക്കുകളെ അധികമാരും പിന്തുണച്ചില്ലെന്നു മാത്രമല്ല വിവിധ കോണുകളിൽ നിന്ന് ഇതിനെതിരെ വിമർശനമുയരുകയും ചെയ്തു. ഒടുവിൽ മന്ത്രിയെ പരസ്യമായി അവഹേളിച്ച പേസർക്കെതിരെ നടപടിയെടുക്കാതിരിക്കാനാവില്ലെന്ന് ക്രിക്കറ്റ് ബോർഡും തീരുമാനിക്കുകയായിരുന്നു.
എന്നാൽ, അടുത്തു നടക്കുന്ന സിംബാബ്വെയുമായുള്ള പരമ്പരയിൽ മലിംഗയ്ക്ക് കളിക്കാമെന്നും ബോർഡ് വ്യക്തമാക്കിയിട്ടുണ്ട്. വെള്ളിയാഴ്ചയാണ് സിംബാബ്വെയുടെ ലങ്കൻ പര്യടനം ആരംഭിക്കുന്നത്. അഞ്ച് ഏകദിനങ്ങളും ഒരു ടെസ്റ്റുമാണ് സിംബാബ്വെ ലങ്കൻ പര്യടനത്തിലുള്ളത്.