സയനൈഡ് ആയിരുന്നു മല്ലികയുടെ പ്രധാന ആയുധം. സ്വർണ പോളിഷിംഗ് ഷോപ്പിൽനിന്ന് 200 രൂപയ്ക്കാണു മല്ലിക അതിമാരകവിഷമായ സയനൈഡ് ഇരകൾക്കായി വാങ്ങിയത്.
ഇവർ വാങ്ങിയ സയനൈഡ് രണ്ടായിരം പേരെ കൊലപ്പെടുത്താൻ മതിയാകുമായിരുന്നെന്നാണു പോലീസ് റിപ്പോർട്ട്. സിനിമകളിൽനിന്നായിരുന്നു സയനൈഡ് കൊലപാതകത്തിന്റെ ആശയം മല്ലികയ്ക്കു ലഭിക്കുന്നത്.
ചില സ്വർണപ്പണിക്കാരുടെ ഒപ്പം മല്ലിക സഹായി ആയി പണ്ട് ജോലി ചെയ്തിരുന്നു. സ്വർണം പോളിഷ് ചെയ്യാൻ സയനൈഡ് ഉപയോഗിക്കുന്ന വിവരവും അങ്ങനെയാണു ലഭിച്ചത്.
കൊലപാതകത്തിനു സയനൈഡ് ഉപയോഗിച്ചിരുന്നതിനാലാണ് സയനൈഡ് മല്ലിക എന്ന പേര് ഇവർക്കു ലഭിച്ചത്. ഇരകളോട് ഒരിക്കലും മല്ലിക യഥാർഥ പേരു വെളിപ്പെടുത്തിയിരുന്നില്ല. ലക്ഷ്മി, സാവിത്രിയമ്മ, ജയമ്മ, കല, ശിവമ്മ തുടങ്ങിയ പല പേരുകളിലാണ് മല്ലിക ഇരകളെ സമീപിച്ചിരുന്നത്.
മാത്രമല്ല ഇരകളിലാരെങ്കിലും തന്നെക്കുറിച്ചു കൂടുതൽ തിരക്കിയാൽ പച്ചക്കള്ളം പറഞ്ഞു അവരെ വിശ്വസിപ്പിക്കാനും ഇവർക്കു പ്രത്യേക മിടുക്കുണ്ടായിരുന്നു.
മല്ലികയെത്തേടി
നാഗവേണിയെ സയനൈഡ് നൽകി കൊലപ്പെടുത്തിയ കേസിൽ മല്ലികയെ പോലീസ് അറസ്റ്റ് ചെയ്തതോടെ വിവിധയിടങ്ങളിൽ കൊല്ലപ്പെട്ട സ്ത്രീകളുടെ ബന്ധുക്കൾ പോലീസ് സ്റ്റേഷനിലേക്കു പ്രവഹിച്ചു. അതുവരെ പ്രതികളെപ്പറ്റി പോലീസിനും യാതൊരു സൂചനയുമില്ലാതിരുന്ന കേസുകളായിരുന്നു ഇവയൊക്കെ.
ഇങ്ങനെ എത്തിയവരുടെ കൂട്ടത്തിൽ രേണുകയുടെ സഹോദരി മണിയും ഉണ്ടായിരുന്നു. തന്റെ സഹോദരി കൊല്ലപ്പെട്ടതിനു പിന്നിൽ മല്ലികയെ സംശയമുണ്ടെന്നു മണി പോലീസിനെ അറിയിച്ചു.
വീട്ടുജോലിക്കാരിയായി മണി നിന്ന വീട്ടിൽ പാചകക്കാരിയായിരുന്നു മല്ലിക. തന്റെ വീട്ടിൽ പതിവായി മല്ലിക വരാറുണ്ടായിരുന്നെന്നും രേണുകയുമായി മല്ലികയ്ക്ക് അടുത്ത ബന്ധമുണ്ടായിരുന്നെന്നും അവർ പോലീസിനെ അറിയിച്ചു.
ഇതോടെ ഈ കേസിൽ പോലീസ് ചോദ്യം ചെയ്തു. ഒടുവിൽ രേണുകയെ സയനൈഡ് നൽകി കൊലപ്പെടുത്തിയതായി മല്ലിക സമ്മതിച്ചു. ഇതോടെ കൂടുതൽ കേസുകളിൽ മല്ലിക ഉൾപ്പെട്ടിട്ടുണ്ടെന്നു പോലീസിനു മനസിലായി.
കൂടുതൽ പരാതികൾ വന്നപ്പോൾ മല്ലികയെ നുണപരിശോധനയ്ക്കും വിധേയയാക്കി. അതോടെ ബാക്കി കൊലപാതങ്ങളുടെ ചുരുളുകളും നിവർന്നു.
തൂക്കു വിധിച്ചെങ്കിലും!
കർണാടകയിൽ ആദ്യമായി വധശിക്ഷയ്ക്കു വിധിക്കപ്പെട്ട വനിതയാണ് മല്ലിക. നാഗവേണിയെ കൊലപ്പെടുത്തിയ കേസിൽ മല്ലികയ്ക്ക് ഒന്നാം അഡീഷണൽ റൂറൽ കോടതി വധശിക്ഷ വിധിച്ചു.
മുനിയമ്മയെ കൊലപ്പെടുത്തിയ കേസിലും ഇവരെ തൂക്കിക്കൊല്ലാൻ വിധി വന്നു. എന്നാൽ, നാഗവേണി വധക്കേസിൽ മേൽക്കോടതി പിന്നീട് ഇവരുടെ ശിക്ഷ ഇളവു ചെയ്തു ജീവപര്യന്തമാക്കി. ഇപ്പോഴും ബെംഗളൂരു പരപ്പന അഗ്രഹാര ജയിലിലുണ്ട് മല്ലിക.
മറ്റു കൊലപാതക കേസുകളിൽ വിചാരണയും അന്വേഷണവും മറ്റും നടക്കുകയാണ്. പല കേസുകളിലും തെളിവുകൾ നഷ്ടപ്പെട്ടു. മല്ലികയുമായി ബന്ധിപ്പിക്കുന്ന കണ്ണികൾ കണ്ടെത്താനും പോലീസിനു കഴിഞ്ഞില്ല.
ശശികലയ്ക്കൊപ്പം
അടുത്തിടെ മല്ലിക വീണ്ടും വാർത്തകളിൽ നിറഞ്ഞിരുന്നു. ജയലളിതയുടെ തോഴി ശശികല അഴിമതിക്കേസിൽ ശിക്ഷിക്കപ്പെട്ടു പരപ്പന അഗ്രഹാര ജയിലിലെത്തിയപ്പോൾ മല്ലികയുടെ ഒപ്പമുള്ള സെല്ലാണ് ലഭിച്ചത്.
ജയിലിലെത്തിയ ശശികലയുമായി അടുപ്പം സ്ഥാപിക്കാൻ മല്ലിക ശ്രമിച്ചു. ശശികലയ്ക്കുവേണ്ടി ജയിൽ ഭക്ഷണം വാങ്ങി നൽകുകയും ചെയ്തു.
മല്ലിക ശശികലയോടു കൂടുതൽ അടുപ്പം കാട്ടുന്നതു ശ്രദ്ധയിൽപ്പെട്ട ജയിൽ അധികൃതർ ജാഗ്രത പുലർത്തി. ശശികലയുടെ ജീവനു ഭീഷണിയുള്ള സാഹചര്യത്തിൽ കൊടുംകുറ്റവാളിയായ മല്ലികയ്ക്കൊപ്പം കഴിയുന്നതു സുരക്ഷിതമല്ല എന്നു മനസിലാക്കി.
തുടർന്നു സുരക്ഷാ കാരണങ്ങളാൽ മല്ലികയെ മറ്റൊരു സെല്ലുലേക്കു മാറ്റി പാർപ്പിച്ചു.