തിരുവനന്തപുരം : മല്ലു ഹിന്ദു വാട്ട്സ് ആപ് ഗ്രൂപ്പ് വിവാദത്തിൽ വ്യവസായ വകുപ്പ് ഡയറക്ടർ ഗോപാല കൃഷ്ണനോട് ചീഫ് സെക്രട്ടറി വിശദീകരണം തേടും. പോലീസ് ഇക്കാര്യത്തിൽ നടത്തിയ അന്വേഷണ റിപ്പോർട്ട് സിറ്റി പോലീസ് കമ്മീഷണർ ജി. സ്പർജൻ കുമാർ ഇന്നലെ സംസ്ഥാന പോലീസ് മേധാവി ഷേഖ് ദർബേഷ് സാഹിബ് മുൻപാകെ സമർപ്പിച്ചിരുന്നു. ഡിജിപി യുടെ ശിപാർശയോടെ ഈ റിപ്പോർട്ട് ഉടൻ സർക്കാരിന് സമർപ്പിക്കും.
തന്റെ വാട്ട്സ് ആപ് ആരോ ഹാക്ക് ചെയ്താണ് മതാടിസ്ഥാനത്തിൽ ഐ എ എസ് ഉദ്യോഗസ്ഥരെ ഉൾപ്പെടുത്തി ഗ്രൂപ്പ് രൂപീകരിച്ചതെന്നായിരുന്നു ഗോപാലകൃഷ്ണൻ പോലീസിൽ പരാതി നൽകിയത്.
ഇദ്ദേഹത്തിന്റെ മൊബൈൽ ഫോണുകൾ പരിശോധനക്ക് നൽകാൻ പോലീസ് നിർദ്ദേശിച്ചതിനെ തുടർന്ന് ഫോണുകൾ ഫോർമാറ്റ് ചെയ്ത ശേഷം പോലീസിന് നൽകുകയായിരുന്നു. പോലീസ് വാട്ട്സ് ആപ് മെറ്റ കമ്പനിയോട് ഹാക്കിങ് നടന്നോ യെന്ന് രേഖാമൂലം ആവശ്യപെട്ടിരുന്നു.
ഹാക്കിങ് നടന്നില്ലെന്ന് മെറ്റ കമ്പനി പോലീസിന് റിപ്പോർട്ട് നൽകിയിരുന്നു. ഗോപാലകൃഷ്ണൻ പറഞ്ഞ പല കാര്യങ്ങളും സംശയകര മാണെന്നാണ് പോലീസിന്റെ അന്വേഷണ റിപ്പോർട്ട്. ഫോർമാറ്റ് ചെയ്ത ഫോൺ ഫോറൻസിക് പരിശോധനക്ക് വിധേയമാക്കിയിരുന്നു.
തെളിവ് നശിപ്പിക്കപ്പെട്ട ഫോണുകളായിരുന്നു എന്നാണ് പരിശോധന റിപ്പോർട്ട്. മതാടിസ്ഥാനത്തിൽ വാട്സ് ആപ് ഗ്രൂപ്പുകൾ രൂപീകരിച്ച സംഭവത്തിൽ വ്യവസായ വകുപ്പ് ഡയറക്ടർ കെ. ഗോപാലകൃഷ്ണനെതിരേ നടപടി സ്വീകരിക്കുന്ന കാര്യത്തിൽ സർക്കാരാകും അന്തിമ തീരുമാനം എടുക്കുക.