തിരുവനന്തപുരം : മതാടിസ്ഥാനത്തിൽ വാട്ട്സ് ആപ് ഗ്രൂപ്പ് രൂപീകരിച്ച സംഭവത്തിൽ വ്യവസായ വകുപ്പ് ഡയറക്ടർ കെ. ഗോപാലകൃഷ്ണനെതിരെ ഇന്ന് നടപടി ഉണ്ടാകും. ഗോപാലകൃഷ്ണൻ നടത്തിയത് അച്ചടക്ക ലംഘനമെന്നാണ് ചീഫ് സെക്രട്ടറി ശാരദ മുരളീധരൻ മുഖ്യമന്ത്രിക്ക് നൽകിയിരിക്കുന്ന റിപ്പോർട്ടിൽ വ്യക്തമാക്കുന്നത്.
തന്റെ മൊബൈൽ ഫോൺ ആരോ ഹാക്ക് ചെയ്തു വെന്ന ഗോപാലകൃഷ്ണന്റെ വാദം തെറ്റാണ് എന്ന് തെളിയിക്കുന്നതാണ് പോലീസിന്റെ അന്വേഷണ റിപ്പോർട്ടും ഫോറൻസിക് റിപ്പോർട്ടും വ്യക്തമാക്കുന്നത്. ഇദ്ദേഹത്തിന്റെ രണ്ട് മൊബൈൽ ഫോണുകളും ഫോർമാറ്റ് ചെയ്ത ശേഷമാണ് പോലീസിനെ എല്പിച്ചത്.
വാട്ട്സ് ആപ് കമ്പനി നൽകിയ റിപ്പോർട്ടിൽ ഹാക്കിങ് നടന്നിട്ടില്ല എന്നുള്ളത് ഗോപാല കൃഷ്ണന് കുരുക്കായി. ഗോപാലകൃഷ്ണനെതിരെ സസ്പെൻഷൻ ഉൾപ്പെടെയുള്ള നടപടികൾ വരുമെന്നാണ് ലഭിക്കുന്ന വിവരം.
കെ.ഗോപാലകൃഷ്ണനോട് ചീഫ് സെക്രട്ടറി നേരത്തെ വിശദീകരണം തേടിയിരുന്നു. ഗോപാലകൃഷ്ണന്റെ ഫോണ്‍ ഹാക്ക് ചെയ്തിട്ടില്ലെന്ന റിപ്പോര്‍ട്ടാണ് ഡിജിപി ചീഫ് സെക്രട്ടറിക്ക് കൈമാറിയത്.