തിരുവനന്തപുരം : മല്ലു ഹിന്ദു വാട്സാപ് ഗ്രൂപ് വിവാദം പരിശോധിക്കുമെന്ന് മന്ത്രി പി.രാജീവ്. മതത്തിന്റെ പേരിൽ വിഭജനം വരുന്നത് ഗൗരവതരമാണെന്നും മന്ത്രി പറഞ്ഞു. മതത്തിന്റെ അടിസ്ഥാനത്തിലുള്ള വിഭജനങ്ങള്‍ വരുന്നത് ഗൗരവമുള്ള കാര്യമാണ്. അത് സംബന്ധിച്ച് സര്‍ക്കാര്‍ പരിശോധന നടത്തും. പൊതുഭരണവുമായി ബന്ധപ്പെട്ട് പൊതുവായ പെരുമാറ്റച്ചട്ടമുണ്ട്. അതിന്റെ അടിസ്ഥാനത്തില്‍ പരിശോധന നടത്തും. അതിനുശേഷം വിഷയത്തില്‍ കൂടുതല്‍ പ്രതികരിക്കാമെന്നും മന്ത്രി പറഞ്ഞു.
അതേസമയം ഹിന്ദു ഐ എ എസ് ഉദോഗസ്ഥരെ ഉൾപ്പെടുത്തി മല്ലു ഹിന്ദു ഓഫീസേഴ്സ് എന്ന പേരിൽ വാട്ട്സാപ് ഗ്രൂപ്പ് രൂപീകരിച്ചെന്ന വിവാദത്തിൽ പരാതി ലഭിച്ചാൽ അന്വേഷിക്കുമെന്ന് സിറ്റി പോലീസ് കമ്മീഷണർ ജി. സ്പർജൻ കുമാർ വ്യക്തമാക്കി. വ്യവസായ വാണിജ്യ വകുപ്പ് ഡയറക്ടർ കെ.ഗോപാലകൃഷ്ണൻ അഡ്മിനായയുള്ള ഗ്രൂപ്പാണ് രൂപീകരിച്ചത്.
എന്നാൽ തന്റെ ഫോൺ ആരോ ഹാക്ക് ചെയ്തതാണെന്ന പരാതിയുമായി ഗോപാലകൃഷ്ണൻ രംഗത്ത് വന്നു. ഇത്തരത്തിൽ ഒരു ഗ്രൂപ്പ് രൂപീകരിച്ച വിവരം ശ്രദ്ധയിൽപെട്ടതിനെ തുടർന്ന് അത് ഡിലീറ്റ് ചെയ്തുവെന്ന് അദ്ദേഹം വ്യക്തമാക്കിയിരുന്നു. തന്റെ ഫോൺ ഹാക്ക് ചെയ്തു കൊണ്ട് അതിലെ കോൺടാക്ട് ഉപയോഗിച്ച് നിരവധി വാട്ട്സ് ആപ്പ് ഗ്രൂപ്പുകൾ രൂപീകരിച്ചെന്നും ഇതിനെതിരെ സിറ്റി പോലീസ് കമ്മീഷണർക്ക് പരാതി നൽകുമെന്നും വ്യക്തമാക്കിയിരുന്നു.
പരാതി ലഭിച്ചാൽ സൈബർ പോലീസ് ആയിരിക്കും ഇത് സം ബന്ധിച്ചു അനേഷണം നടത്തുക. അതേ സമയം ഐ എ എസ് ഉദോഗസ്ഥന്റെ ഫോൺ ഹാക്ക് ചെയ്തെങ്കിൽ അത് ഗുരുതര സം ഭവമാണെന്നാണ് വിലയിരുത്തപെടുന്നത്. ഗോപാലകൃഷ്ണൻ തന്റെ ഫോൺ പരിശോധനക്ക് നൽകുമെന്ന് ഇന്നലെ വ്യക്തമാക്കിയിരുന്നു.
ഐഎഎസ് ഉദ്യോഗസ്ഥരെ അമ്പരിപ്പിച്ചുകൊണ്ടാണ് കഴിഞ്ഞ ദിവസം ഇത്തരത്തല്‍ ഒരു വാട്സാപ് ഗ്രൂപ്പുണ്ടാക്കിയത്. കെ.ഗോപാലകൃഷ്ണന് അഡ്മിന് ആയ ഗ്രൂപ്പില്‍ സര്‍വീസിലെ മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ അടക്കമുള്ള അംഗങ്ങള്‍ ആഡ് ചെയ്യപ്പെട്ടു. ഗ്രൂപ്പില്‍ ചേര്‍ക്കപ്പെട്ട ഉദ്യോഗസ്ഥരില്‍ ചിലര്‍ ഇത്തരമൊരു ഗ്രൂപ്പ് ഉണ്ടാക്കുന്നതിന്റെ ആശങ്ക ഗോപാലകൃഷ്ണനെ അറിയിച്ചെന്നാണ് വിവരം.
അധികം വൈകാതെ ഗ്രൂപ്പ് ഡിലീറ്റാകുകയും ചെയ്തു. ഗ്രൂപ്പില്‍ അംഗങ്ങള്‍ ആയിരുന്നവര്‍ക്ക് പിന്നീട് ഗോപാലകൃഷ്ണന്റെ സന്ദേശവും എത്തി. തന്റെ ഫോണ്‍ ആരോ ഹാക്ക് ചെയ്തുവെന്നും ഫോണ്‍ കോണ്ടാക്ടിലുള്ളവരെ ചേര്‍ത്ത് 11 ഗ്രൂപ്പുകള്‍ ഉണ്ടാക്കിയെന്നുമായിരുന്നു സന്ദേശം. മാന്വലി ഗ്രൂപ്പുകളെല്ലാം ഡിലീറ്റ് ചെയ്തെന്നും ഉടന്‍ ഫോണ്‍ മാറ്റുമെന്നും സഹപ്രവര്‍ത്തകര്‍ക്ക് അറിയിപ്പും നല്കി. മല്ലു ഹിന്ദു ഗ്രൂപ്പില്‍ അംഗങ്ങളാക്കപ്പെട്ടതെല്ലാം ഒരു മതവിഭാഗത്തില്‍പെട്ട ഉദ്യോഗസ്ഥര്‍ മാത്രമായത് വിവാദങ്ങള്‍ക്ക് തുടക്കമിട്ടു.