തിരുവനന്തപുരം: മതാടിസ്ഥാനത്തിൽ ഐഎഎസ് ഉദ്യോഗസ്ഥരെ ഉൾപ്പെടുത്തി വാട്ട്സാപ് ഗ്രൂപ്പ് ഉണ്ടാക്കിയ സംഭവത്തിൽ സിറ്റി പോലീസ് കമ്മിഷണർ ജി. സ്പർജൻ കുമാർ ഇന്ന് സംസ്ഥാന പോലീസ് മേധാവിക്ക് റിപ്പോർട്ട് സമർപ്പിക്കും.
വ്യവസായ വകുപ്പ് ഡയറക്ടർ കെ. ഗോപാലകൃഷ്ണന്റെ വാട്ട്സാപ് അക്കൗണ്ട് കേന്ദ്രീകരിച്ചു പോലീസ് നടത്തിയ അന്വേഷണ റിപ്പോർട്ട് ആണ് സമർപ്പിക്കുന്നത്.
ഗോപാലകൃഷ്ണന്റെ ഫോൺ ഫോറൻസിക് പരിശോധനക്ക് അയച്ചിരുന്നു. ഫോണിന്റെ ഫോറൻസിക് ഫലം ഉൾപ്പെടെ റിപ്പോർട്ടിൽ ഉണ്ടാകും.
തന്റെ വാട്സാപ് ആരോ ഹാക്ക് ചെയ്തുവെന്നാണ് ഗോപാലകൃഷ്ണൻ പോലീസിനോട് വ്യക്തമാക്കിയത്. വാട്ട്സ് ആപ് ഹാക്ക് ചെയ്തോയെന്നും അക്കൗണ്ട് വിവരങ്ങൾ രേഖാമൂലം സമർപ്പിക്കാനും പോലീസ് വാട്സാപ് മെറ്റ കമ്പനിക്ക് മെയിൽ അയച്ചിരുന്നു.
എന്നാൽ ഹാക്കിംഗ് നടന്നിട്ടില്ലെന്നാണ് വാട്സാപ് കമ്പനി പോലീസിനെ രേഖമൂലം അറിയിച്ചത്. ഫോണ് ഹാക്ക് ചെയ്തിട്ടില്ലെന്ന് ഗൂഗിളും പോലീസിന് മറുപടി നൽകി. ഗോപാലഷ്ണന്റെ ഫോണ് ഹാക്ക് ചെയ്തല്ല വാട്സാപ് ഗ്രൂപ്പുകൾ രൂപീകരിച്ചതെന്നാണ് മറുപടി.