സ്വന്തം ലേഖകൻ
കണ്ണൂർ: വാഹന മോഡിഫിക്കേഷനുമായി ബന്ധപ്പെട്ട് മോട്ടോർ വാഹന വകുപ്പ് കർശന നടപടികൾ സ്വീകരിച്ചു വരുന്നതിനിടെ മല്ലുട്രാവലറുടെ യൂ ട്യൂബ് വീഡിയോയും വിവാദത്തിൽ. കണ്ണൂർ ഇരിട്ടി സ്വദേശിയായ ഷാക്കിർ സുബ്ഹാന്റെയാണ് മല്ലു ട്രാവലർ എന്ന യൂ ട്യൂബ് ചാനൽ.
എംവിഡിമാരെയും കേരളത്തിന്റെ ഗതാഗത നിയമങ്ങളെയും വെല്ലുവിളിച്ചു കൊണ്ടാണ് വീഡിയോ. മാസങ്ങള്‍ക്ക് മുമ്പ് ഫെസ് ബുക്ക് ലൈവിലായി നടത്തിയ വീഡിയോ ആണ് പുതിയ വിവാദങ്ങളുടെ പശ്ചാത്തലത്തില്‍ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാകുന്നത്.
ഇ ബുൾ ജെറ്റ് യൂട്യൂബ് വ്ലോഗർമാരായ സഹോദരങ്ങൾക്കെതിരെ കേസെടുത്തതിന് പിന്നാലെ സോഷ്യൽ മീഡിയയിൽ ഇപ്പോൾ വാഹനങ്ങളുടെ മോഡിഫിക്കേഷനാണ് ചർച്ചാ വിഷയമായിരിക്കുന്നത്. വീഡിയോയിൽ പറയുന്നത് ഇങ്ങനെയാണ്; “വണ്ടി ഞാൻ മോഡിഫിക്കേഷൻ ചെയ്യും.
ഞാൻ പൈസയും ടാക്സും കൊടുത്ത് മേടിച്ചിട്ടു വണ്ടി മോഡിഫിക്കേഷൻ ചെയ്യാൻ എനിക്ക് അവകാശമില്ലേ ? പോയി പണി നോക്കാൻ പറ. നാട്ടിൽ വന്നു പച്ചയ്ക്ക് ഞാൻ ചെയ്യും. ബാക്കി വരുന്നിടത്തുവച്ച് കാണാം. ഞാൻ ആ വണ്ടി എറണാകുളത്തേക്ക് ഓട്ടിയിട്ടു തന്നെ പോകും.
ആ വണ്ടിയുടെ ഏകദേശം എഴുപത് ശതമാനത്തോളം മോഡിഫിക്കേഷനാണ്. അഞ്ച് രാജ്യങ്ങളിൽ ഓടിയിട്ട് പിടിച്ചിട്ടില്ല. എന്നിട്ടല്ലേ, സേഫ്റ്റിയുടെ കാര്യാണേൽ ഇത്രയും രാജ്യങ്ങളിലോടിയിട്ടും ഒരു പ്രശ്നവും ഉണ്ടായിട്ടില്ല.വണ്ടി മോഡിഫൈ ചെയ്യുന്നതു കൂടുതൽ കംഫർട്ടിനും കൂടുതൽ സേഫ്റ്റിക്കും വേണ്ടിയാണ്.
എന്നിട്ട് വണ്ടി മോഡിഫിക്കേഷൻ ചെയ്തു എന്നും പറഞ്ഞ് എംവിഡി പിടിച്ചാൽ പിന്നെ തീർന്നു അതോടെ, കുടുംബം വിറ്റാണെങ്കിലും ഞാൻ ഓനിക്കെതിരെ കേസുകൊടുക്കും. ഞാൻ ഒരു കാര്യം ചോദിക്കട്ടെ, അടുത്ത ഇലക്ഷനില്‍ ഞാന്‍ നിന്നാല്‍ നിങ്ങളെല്ലാരും എന്നെ കേരളത്തിലെ ട്രാന്‍സ്പോര്‍ട്ട് മിനിസ്റ്റര്‍ ആക്കി തരുമോ?
നിങ്ങള്‍ എന്നെ ട്രാന്‍സ്പോര്‍ട്ട് മിനിസ്റ്റര്‍ ആക്കിയാല്‍ ഞാന്‍ നിങ്ങള്‍ക്ക് തിരിച്ചു തരുന്ന പ്രോമിസ്. നിങ്ങളുടെ വണ്ടി ഏതു തരത്തിലും കസ്റ്റമൈസ് ചെയ്യാന്‍ പറ്റും. ആ രീതിയില്‍ ഞാന്‍ പുതിയ നിയമം കൊണ്ടുവരും.
നിങ്ങളുടെ വണ്ടിയില്‍ പത്ത് ടയര്‍ കയറ്റണോ, 20 ടര്‍ കയറ്റണോ പച്ച പെയിന്റോ നീല പെയിന്റോ അടിക്കണമോ അതോ പെയിന്റ് തന്നെ വേണ്ടേ, ഇനി അതല്ല, ബംബര്‍ വേണോ…നിങ്ങള്‍ക്ക് ഇഷ്ടമുള്ള പോലെ നിങ്ങളുടെ വണ്ടി കസ്റ്റമൈസ് ചെയ്ത് കൊണ്ടു വരാനുള്ള നിയമം ഞാന്‍ കൊണ്ടു വരും. സത്യം,” – എന്നാണ് വീഡിയോയിൽ മല്ലു ട്രാവലർ പറയുന്നത്.
വിശദീകരണവുമായി മല്ലു ട്രാവലർ
എന്നാൽ, ഒരു വർഷം മുൻപ് താൻ ചെയ്ത വീഡിയോയാണ് ഇപ്പോൾ വിവാദത്തിൽ വന്നിരിക്കുന്നതെന്ന് പറഞ്ഞ് മല്ലു ട്രാവലർ വിശദീകരണ വീഡിയോയുമായി രംഗത്ത് വന്നിട്ടുണ്ട്.
കേരളത്തിലൂടെ ഓടിക്കുമെന്ന് പറഞ്ഞു ബൈക്കുമായാണ് വീഡിയോയിൽ എത്തിയത്. ഇത്, റോഡിലിറക്കിയാൽ ഗതാഗത നിയമനത്തിന് ലംഘനമാണെന്നാണ് വിശദീകരിക്കുന്നത്.
ഈ വാഹനം ഇതുവരെ കേരളത്തിലെ നിരത്തുകളിൽ ഓടിച്ചിട്ടില്ലെന്നും ഇതിന്റെ മോഡിഫിക്കേഷനുമായി ബന്ധപ്പെട്ട് ഗതാഗത ഉദ്യോഗസ്ഥർക്ക് വിശദീകരണം കൊടുത്തിട്ടുണ്ടെന്നും മല്ലു ട്രാവലർ വീഡിയോയിൽ പറയുന്നുണ്ട്.