കോട്ടയം: സ്വകാര്യ ബസുകൾക്കിടയിൽപ്പെട്ടു യാത്രക്കാരനു ഗുരുതരമായി പരിക്കേറ്റ സംഭവത്തിൽ രണ്ടു ബസുകളിലെയും ഡ്രൈവർമാർ, കണ്ടക്ടർമാർ എന്നിവരെ കോട്ടയം ഈസ്റ്റ് പോലീസ് അറസ്റ്റു ചെയ്തു.
കോട്ടയം പള്ളിക്കത്തോട് റൂട്ടിൽ സർവീസ് നടത്തുന്ന മേരി മാതാ ബസ് ഡ്രൈവർ പാലാ പൂവരത്തിളപ്പ് സ്വദേശി അജോയ് സ്കറിയ (24), കണ്ടക്ടർ ആനിക്കാട് സ്വദേശി സന്തോഷ് തോമസ് (42), വടവാതൂർ റൂട്ടിൽ സർവീസ് നടത്തുന്ന കളത്തിൽ ബസ് ഡ്രൈവർ കാഞ്ഞിരം സ്വദേശി അനി ഏബ്രഹാം (44),കണ്ടക്ടർ കാഞ്ഞിരം സ്വദേശി അജിമോൻ (45) എന്നിവരെയാണു കഴിഞ്ഞ ദിവസം ഈസ്റ്റ് എസ്ഐ ടി.എസ്. റെനീഷിന്റെ നേതൃത്വത്തിൽ പോലീസ് അറസ്റ്റു ചെയ്തത്.
യാത്രക്കാരനായ കഞ്ഞിക്കുഴി ഇടത്തറ ജോയി ഏബ്രഹാമിനാണു പരിക്കേറ്റത്. ഇയാൾ കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലാണ്. കഴിഞ്ഞ തിങ്കളാഴ്ച വൈകുന്നേരം അഞ്ചിനു കഞ്ഞിക്കുഴി ജംഗ്ഷനിൽ വച്ചാണു അപകടമുണ്ടായത്.
മത്സരയോട്ടത്തിന്റെ ഭാഗമായി ഒരു ബസ് നിർത്തിയതിനു മുന്നിൽ കയറ്റി രണ്ടാമത്തെ ബസ് നിർത്തിയപ്പോൾ അതിലേക്കു കയറാൻ ശ്രമിച്ചപ്പോഴാണു ജോയി ബസുകൾക്കിടയിൽപ്പെട്ടത്. അപകടത്തിൽപ്പെട്ടു റോഡിൽ വീണയാളെ ഉപേക്ഷിച്ചു രണ്ടു ബസ് ജീവനക്കാരും പോവുകയായിരുന്നു.
സംഭവത്തിൽ കേസ് രജിസ്റ്റർ ചെയ്തശേഷം ഈസ്റ്റ് എസ്ഐ ടി.എസ്. റെനീഷ് നടത്തിയ അന്വേഷണത്തിലാണു ബസ് ജീവനക്കാരുടെ ഭാഗത്ത് ഗുരുതരമായ വീഴ്ചയുണ്ടായതായി കണ്ടെത്തിയത്. അപകടകരമായ രീതിയിൽ ബസോടിച്ചതിനും പരിക്കേറ്റയാളെ റോഡിൽ ഉപേക്ഷിച്ചു കടന്നു കളഞ്ഞതിനുമാണു കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നതെന്നു പോലീസ് പറഞ്ഞു.