ന്യൂഡൽഹി: വിജയ് മല്യയുടെ ആരോപണത്തിൽ അന്വേഷണം പ്രഖ്യാപിക്കണമെന്നും ധനമന്ത്രി അരുണ്‍ ജെയ്റ്റ്ലി രാജിവയ്ക്കണമെന്നും കോണ്‍ഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി. ട്വിറ്ററിലൂടെയാണ് രാഹുൽ രാജി ആവശ്യം ഉന്നയിച്ചത്. ലണ്ടനിൽ മദ്യ രാജാവ് വിജയ് മല്യ നടത്തിയ ആരോപണം അത്യന്തം ഗുരുതരമാണ്. വിഷയത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി സ്വതന്ത്രമായ അന്വേഷണം പ്രഖ്യാപിക്കണം.
അന്വേഷം നടക്കുന്പോൾ ജെയ്റ്റ്ലി രാജിവയ്ക്കണമെന്നും രാഹുൽ ആവശ്യപ്പെട്ടു. ജെയ്റ്റ്ലിയുമായി മാത്രമല്ല മറ്റ് ബിജെപി നേതാക്കളുമായും മല്യയ്ക്ക് ബന്ധമുണ്ടെന്ന് മുൻ കേന്ദ്രമന്ത്രി യശ്വന്ത് സിൻഹ ആരോപിച്ചു. മല്യയുടെ വെളിപ്പെടുത്തൽ ഗുരുതരമാണെന്ന് സിപിഎം ജയനറൽ സെക്രട്ടറി സീതറാം യെച്ചൂരി പറഞ്ഞു.
സാന്പത്തിക തട്ടിപ്പുകാരെക്കുറച്ചുള്ള വിവരങ്ങൾ ആർബിഐ മുൻ ഗവർണർ പ്രധാനമന്ത്രിയുടെ ഒാഫീസിനു നൽകിയിരുന്നു. എന്നാൽ ഗവർണറെ മാറ്റുകയാണ് സർക്കാർ ചെയ്തതെന്നും യെച്ചൂരി പറഞ്ഞു. രാജ്യം വിടുന്നതിന് മുന്‍പ് ഒത്തുതീർപ്പിനുള്ള ഉപാധികൾ നിരത്തി കേന്ദ്ര ധനമന്ത്രി അരുണ്‍ ജെയ്റ്റ്ലിയുമായി കൂടിക്കാഴ്ച നടത്തിയിരുന്നു എന്നാണ് വിജയ് മല്യ ലണ്ടനിൽ പറഞ്ഞത്.
9000 കോടി രൂപയുടെ തട്ടിപ്പ് നടത്തി രാജ്യം വിട്ട വിജയ് മല്യയുടെ പ്രസ്താവന കേന്ദ്ര സർക്കാരിനും ബിജെപിക്കുമെതിരേ രൂക്ഷ പ്രതികരണങ്ങളാണ് ഉയർത്തിയിരിക്കുന്നത്. ലണ്ടനിലെ വെസ്റ്റ്മിനിസ്റ്റർ മജിസ്ട്രേറ്റ് കോടതിക്ക് പുറത്ത് മാധ്യമപ്രവർത്തകരോടാണ് രാജ്യം വിടുന്നതിന് മുൻപായി താൻ അരുണ്‍ ജെയ്റ്റ്ലിയെ കണ്ടിരുന്നു എന്ന് മല്യ വെളിപ്പെടുത്തിയത്.
“എന്നെ രാഷ്ട്രീയക്കാർ പന്തു തട്ടുകയാണെന്ന് മുൻപും പറഞ്ഞിട്ടുണ്ട്. അതിൽ എനിക്കിപ്പോൾ ഒന്നും ചെയ്യാനില്ല. 15,000 കോടി രൂപയുടെ സ്വത്തുക്കൾ കർണാടക ഹൈക്കോടതിയുടെ മുന്നിൽ വെച്ച് കടങ്ങൾ ഒത്തുതീർപ്പാക്കാമെന്നു പറഞ്ഞതു കേട്ടില്ല.
ഞാൻ യഥാർഥത്തിൽ ബലിയാടാവുകയായിരുന്നു. രാഷ്ട്രീയക്കാർ എന്നെ ഇഷ്ടപ്പെടുന്നില്ല. മുൻകൂട്ടി നിശ്ചയിച്ചത് പ്രകാരം ജനീവയിൽ ഒരു മീറ്റീംഗ് ഉണ്ടായിരുന്നത് കൊണ്ടാണ് ഇന്ത്യ വിട്ടത്. അതിനു മുൻപായി ബാങ്കുകളിലെ കടങ്ങൾ തീർക്കുന്നതിനുള്ള ഉപാധികളുമായി ധനമന്ത്രി അരുണ്‍ ജെയ്റ്റ്ലിയെ കണ്ടിരുന്നു. അത് സത്യമാണ്’- മല്യ പറഞ്ഞു.
എന്നാൽ, താനുമായി വിജയ് മല്യ കൂടിക്കാഴ്ച നടത്തിയെന്ന് ആരോപണം നിഷേധിച്ച് അരുണ്‍ ജെയ്റ്റ്ലി പ്രസ്താവന ഇറക്കി. കടങ്ങൾ ഒത്തുതീർപ്പാക്കനുള്ള ഉപാധികളുമായി വിജയ് മല്യ വന്നു കണ്ടു എന്ന പ്രസ്താവന സത്യത്തെ പ്രതിഫലിപ്പിക്കുന്നില്ലെന്നു ജെയ്റ്റ്ലി പറയുന്നു. 2014 മുതൽ വിജയ് മല്യക്ക് ഒരു തരത്തിലുള്ള അപ്പോയിൻറ്മെൻറുകളും നൽകിയിരുന്നില്ല.
എന്നാൽ, രാജ്യസഭ അംഗമായിരുന്ന മല്യ സാധാരണ സഭയിൽ വരാറുണ്ടായിരുന്നു. ഒരിക്കൽ സഭയിൽ നിന്നിറങ്ങി എന്റെ മുറിയിലേക്ക് പോകവേ രാജ്യസഭാംഗം എന്ന പദവി ദുരുപയോഗം ചെയ്ത് ഇടനാഴിയിൽ വച്ച് മല്യ എൻറെ അടുത്തെത്തി. ഒപ്പം നടന്നു കൊണ്ട് താൻ ഒത്തു തീർപ്പിനുള്ള ഒരു ഉപാധി വെക്കാമെന്ന് പറഞ്ഞു. എന്നാൽ സംഭാഷണം തുടരാൻ പ്രേരിപ്പിച്ചില്ല.
തന്നോടു സംസാരിക്കേണ്ട ആവശ്യമില്ലെന്നും ഇത്തരം ഉപാധികൾ വായ്പയെടുത്ത ബാങ്കുകളുടെ മുന്നിലാണ് വെക്കേണ്ടതാണെന്നും പറഞ്ഞു. അതല്ലാതെ മല്യയുടെ കൈയിൽ നിന്നും ഒരു കടാലാസും കൈപ്പറ്റിയിട്ടില്ല. ബാങ്കുകളിൽ വൻ ബാധ്യത വരുത്തിയ ഒരാൾ എന്ന നിലയിൽ വാണിജ്യ താത്പര്യം മുൻനിർത്ത് രാജ്യസാംഗം എന്ന പദവി മല്യ ദുരുപയോഗം ചെയ്യുകയായിരുന്നെന്നും പ്രസ്താവനയിൽ ജെയ്റ്റ്ലി പറഞ്ഞു.