മത്സ്യകന്യകയെന്ന് കേൾക്കുന്പോൾ മനസിൽ കൗതുകം തോന്നാറില്ലേ? ശരീരത്തിന്റെ പകുതി സ്ത്രീരൂപവും അരയ്ക്ക് താഴോട്ട് മീനിന്റെ രൂപവുമാണ് മത്സ്യകന്യകമാർക്കെന്നാണ് സങ്കൽപം.
വെള്ളത്തിന്റെ അടിത്തട്ടിലാണ് മത്സ്യകന്യക കഴിയുന്നതെന്നാണ് കഥകളിൽ നാം വായിച്ചിട്ടുള്ളത്. സ്വർണനിറത്തിലുള്ള മത്സ്യകന്യകയുടെ എത്രയെത്ര കഥകളാണ് പ്രചരിക്കുന്നത്. ജീവനുള്ള മത്സ്യകന്യകമാരെ കണ്ടിട്ടുള്ളതായി പലരും രംഗത്ത് എത്തിയിട്ടുണ്ടെങ്കിലും അതൊന്നും ഇതുവരെ തെളിയിക്കാനായിട്ടില്ല.
എന്നാൽ ലണ്ടൻ നഗരത്തിലും മറ്റുമായി അഞ്ഞൂറിലധികം മത്സ്യകന്യകമാരുണ്ടെന്ന് പറഞ്ഞാൻ വിശ്വസിക്കുമോ? എന്നാൽ വിശ്വസിക്കണം. യഥാർഥ മത്സ്യകന്യകമാരല്ല അവർ. ജീവിക്കാൻ വേണ്ടി മത്സ്യകന്യകയുടെ വേഷം കെട്ടേണ്ടിവന്നവർ.
ലോക്ക് ഡൗണിനെത്തുടർന്ന് കഴിഞ്ഞ മാർച്ച് 23 മുതൽ വേഷം അഴിച്ചവർ വീണ്ടും സജീവമാകുകയാണ്. അക്വേറിയം ഷോകളിലും ഉല്ലാസ കേന്ദ്രങ്ങളിലും കുട്ടികളുടെ ജന്മദിനാഘോഷ പാർട്ടികളിലും മറ്റും സജീവമായിരുന്നു ഈ മത്സ്യകന്യകമാർ.
കൊറോണ വൈറസും തുടർന്നുണ്ടായ ലോക്ക് ഡൗണും ഇവരുടെ ജീവിതം സ്തംഭിപ്പിച്ച അവസ്ഥയിലായിരുന്നു. മത്സ്യകന്യകയുടെ രൂപം വീണ്ടും ധരിക്കാൻ സാധിച്ചതിൽ സന്തോഷമുണ്ടെന്ന് ലോറ ഹുഡ്സൺ പറയുന്നു. രണ്ടുവർഷമായി മത്സ്യകന്യകയുടെ വേഷം കെട്ടുന്നവരാണ് ലോറയും കൂട്ടുകാരികളായ യാസ്മിനും സിഡാലും.
മത്സ്യകന്യകയുടെ വേഷം കെട്ടിയുള്ള പ്രകടനം അത്ര എളുപ്പമല്ലെന്നാണ് മെഡിക്കൽ വിദ്യാർഥിനികൂടിയായ യാസ്മിന്റെ വെളിപ്പെടുത്തൽ. കുട്ടികളുടെ മുന്നിൽ പ്രകടനം നടത്തുന്പോൾ ഒരിക്കലും യഥാർഥ രൂപം പുറത്തുകാണിക്കാൻ പാടില്ല.
ഞങ്ങളെല്ലാവരും ഇക്കാര്യത്തിൽ വളരെ ശ്രദ്ധ കാണിക്കാറുണ്ട്. മനുഷ്യനാണോ മത്സ്യകന്യകയാണോയെന്ന് അറിയാൻ ചിലപ്പോൾ കുട്ടികൾ വന്ന് തൊട്ടുനോക്കാറുണ്ടെന്നും യാസ്മിൻ പറയുന്നു. അളുകളുടെ ഒരു സ്വപ്നം യഥാർഥ്യമാക്കുകയാണ് തങ്ങൾ ചെയ്യുന്നതെന്ന് മത്സ്യകന്യകയായി വേഷമിടുന്ന ട്വിങ്കിൾ അവകാശപ്പെടുന്നു.
മത്സ്യകന്യകയുടെ വേഷമിട്ട് നീന്തൽകുളത്തിൽ പ്രകടനം നടത്തുന്നത് അത്ര എളുപ്പമല്ല. നല്ല ശാരീരികക്ഷമത വേണം. വാലിൽ കുത്തിനിൽക്കാനും നീന്താനും വളരെ പരിശീലനം ആവശ്യമാണ്. മാത്രമല്ല ശ്വാസം നന്നായി അടക്കിപ്പിടിച്ചുവേണം പ്രകടനം നടത്താൻ.
സിലിക്കോണോ റബറോ ഉപയോഗിച്ചുള്ള വസ്ത്രങ്ങളാണ് മത്സ്യകന്യകയാകാൻ ഉപയോഗിക്കുന്നത്. “നീന്തൽകുളത്തിലെ ക്ലോറിൻ വെള്ളം കണ്ണിന് പ്രശ്നമുണ്ടാക്കാറുണ്ട്. ആദ്യം ശരീരം ശാന്തമാക്കും. പിന്നെ പരമാവധി ശ്വാസം ഉള്ളിലേക്ക് വലിക്കും.
ശ്വസംമുട്ടുന്നതുവരെ കുളത്തിൽ പ്രകടനം നടത്തും.’- യാസ്മിൻ പറഞ്ഞു. ലോക്ക് ഡൗൺ സമയത്ത് മത്സ്യകന്യകയായുള്ള വേഷം ധരിച്ചുള്ള പരിശീലനത്തിലായിരുന്നു ഇവർ.
ലോക്ക് ഡൗൺ കാരണം ജന്മദിന പാർട്ടി നഷ്ടപ്പെട്ടതിന്റെ സങ്കടത്തിൽ കഴിയുന്ന കുട്ടികളെ വീഡിയോ കോളിലൂടെ ആശ്വസിപ്പിക്കാനും ഇവർ സമയം കണ്ടെത്തിയിരുന്നു. ലോക്ക് ഡൗണിനുശേഷം പാർട്ടികൾ സജീവമാക്കാൻ പുതിയ ഒാഫറുകൾ നൽകാനുള്ള ഒരുക്കത്തിലാണ് മത്സ്യകന്യകമാർ.