എം.ജി. ലിജോ
കൊച്ചി: കേരളത്തിലെ നഴ്സുമാരുടെ പുതിയ മേച്ചിൽപ്പുറമാണ് മാൾട്ട എന്നു കൊച്ചുരാജ്യം. അഞ്ചുലക്ഷത്തിൽ താഴെ മാത്രമാണ് ഈ ദ്വീപുരാജ്യത്തിലെ ജനസംഖ്യ.
എവിടെയും തങ്ങളുടെ സാന്നിധ്യം അറിയിക്കുന്ന കേരളീയർ ഇപ്പോൾ മാൾട്ട ക്രിക്കറ്റിനെയും മലയാളീകരിച്ചിരിക്കുന്നു. ഈ മാസാവസാനം ചെക് റിപ്പബ്ലിക്കിനെ നേരിടാനുള്ള ദേശീയ ടീമിൽ മൂന്നു മലയാളികളാണ് സ്ഥാനം പിടിച്ചിരിക്കുന്നത്.
തൊടുപുഴ മലയിഞ്ചി സ്വദേശി അനീഷ് ടോമി, കോട്ടയം കടുത്തുരുത്തിക്കാരൻ സുജേഷ് കെ. ഏപ്പു, തിരുവനന്തപുരം സ്വദേശിയായ അൽ അമീൻ എന്നിവരാണ് പതിനഞ്ചംഗ ടീമിൽ ഇടംപിടിച്ചത്.
ഇവരെ കൂടാതെ മാൾട്ട ക്രിക്കറ്റ് അസോസിയേഷന്റെ സെക്രട്ടറിയും മലയാളിയാണ്, ഇടുക്കി അടിമാലിക്കാരൻ സിറിൾ മാത്യു. മാൾട്ടയിൽ ക്രിക്കറ്റ് എത്തിയത് 1800കളിലാണ്.
ബ്രിട്ടീഷുകാർ ഇവിടെ വിത്തുപാകി പോയെങ്കിലും ക്രിക്കറ്റിനോട് അത്ര കന്പമൊന്നും അടുത്തകാലം വരെ മാൾട്ടക്കാർക്ക് ഉണ്ടായിരുന്നില്ല.
എന്നാൽ ഇപ്പോൾ പതിയെ കാര്യങ്ങൾ മാറിയെന്ന് അനീഷ് ടോമി പറയുന്നു. നാലുവർഷം മുന്പാണ് അനീഷ് മാൾട്ടയിൽ എത്തുന്നത്. ആരോഗ്യരംഗത്താണ് ജോലി ചെയ്യുന്നത്.
എട്ടു ടീമുകൾ പങ്കെടുക്കുന്ന മാൾട്ട ലീഗിൽ മികച്ച പ്രകടനം നടത്തിയതോടെ ദേശീയ ടീമിലേക്ക് വിളിയെത്തുന്നത്. ഇപ്പോൾ ടീമിലെ പ്രധാന താരങ്ങളിലൊരാളാണ്.
ഇന്ത്യക്കാർ കൂടുതൽ വരാൻ തുടങ്ങിയതോടെ മാൾട്ട ക്രിക്കറ്റും വളർച്ചയുടെ പാതയിലാണെന്ന് അനീഷ് പറയുന്നു.
കൊറോണ കൂടുതൽ പ്രശ്നം സൃഷ്ടിച്ചില്ലെങ്കിൽ മേയിൽ നടക്കുന്ന ഐസിസി ലോകകപ്പ് യൂറോപ്യൻ യോഗ്യതറൗണ്ടിൽ മികച്ച പ്രകടനം പുറത്തെടുക്കാനുള്ള ശ്രമത്തിലാണ് അനീഷും സംഘവും.