വീട്ടുജോലിക്കാരി, ഡ്രൈവിംങ് പരിശീലക, ഓട്ടോ ഡ്രൈവര്‍…! ഇരുപതു വര്‍ഷത്തെ ജീവിതം കൊണ്ട് മാളു നേടിയതിതൊക്കെ; സ്ത്രീ സമൂഹത്തിന് മാതൃകയും പ്രചോദനവുമാകുന്ന പെണ്‍കുട്ടിയേക്കുറിച്ചറിയാം

malu-sheikha-2.jpg.image.470.246ഉരുക്കു വനിത എന്ന പേരിലൂടെ മാത്രമെ ഇരുപതുകാരിയായ ഷെയ്ക്ക എന്ന ആലുവ സ്വദേശിനി മാളുവിനെ വിശേഷിപ്പിക്കാനാവുകയുള്ളു. കാരണം അത്രയ്ക്ക് സാഹസികത നിറഞ്ഞതായിരുന്നു മാളുവിന്റെ ജീവിതം. ഏഴാം വയസില്‍ അച്ഛനും അമ്മയും വിവാഹമോചിതരായി. അമ്മയുടെയും രണ്ടാനച്ഛന്റെയും കൂടെ കഴിഞ്ഞിരുന്ന നാളുകളില്‍ അവരുടെ വീട്ടുജോലിക്കാരിയാവേണ്ടി വന്നു. ഏതാനും വര്‍ഷം കഴിഞ്ഞപ്പോള്‍ കൂടെ പിറപ്പിനെയും നഷ്ടമായി.  ഇതിനൊക്കെ പുറമെ വിദ്യാഭ്യാസവും നിലച്ചു. ഇരുട്ടടി പോലെ പതിനാറാം വയസില്‍ ഭാരം ഒഴിവാക്കാനായി വീട്ടുകാര്‍ വിവാഹാലോചന തുടങ്ങി. നിര്‍ബന്ധം സഹിക്കാതായപ്പോള്‍ വീടുവിട്ടിറങ്ങി. ക്രൈസ്തവ സഭ നടത്തുന്ന ഒരു ഹോസ്റ്റലില്‍ അഭയം നേടി.

സ്വന്തമായി അദ്ധ്വാനിച്ച് പണം കണ്ടെത്തിയാല്‍ മാത്രമെ പഠനം തുടരാന്‍ സാധിക്കു എന്ന് മനസിലാക്കി ജോലി തേടിയിറങ്ങി. ആദ്യം ഡ്രൈവിംങ് പഠിച്ചു. ടുവീലര്‍ തുടങ്ങി ഹെവി ഗുഡ്‌സ് കണ്ടെയ്‌നര്‍ ലോറി വരെ ഓടിക്കുന്നതിനുള്ള ലൈസന്‍സ് മാളു കരസ്ഥമാക്കി. പിന്നീട് ഡ്രൈവിംങ് പരിശീലകയായി. ഈ വരുമാനം ഉപയോഗിച്ച് പഠനം തുടര്‍ന്നു. പാരലല്‍ കോളജിലെ പ്ലസ്ടു പഠനത്തിന് ശേഷം ബികോമിന് ചേര്‍ന്നു. അവിടെ കോളജ് ചെയര്‍പേഴ്‌സണുമായി. വൈകുന്നേരങ്ങളില്‍ ഇന്‍ഷുറന്‍സ് കമ്പനിയില്‍ ജോലി ചെയ്തു. ചിലപ്പോഴൊക്കെ ഓട്ടോറിക്ഷ ഓടിച്ചു. പത്തൊമ്പതാം വയസില്‍ സ്വന്തമായി കാര്‍ വാങ്ങി. ഇതിനിടെ പത്രത്തില്‍ പരസ്യം കണ്ട് നീന്തല്‍ പരിശീലനത്തിനായി ഇറങ്ങിത്തിരിച്ചു. വെളുപ്പിനെ നാലുമണി മുതലാണ് പരിശീലനം. പരിശീലനം തുടങ്ങി പതിനഞ്ചു ദിവസമായപ്പോഴേക്കും 30 അടി താഴ്ചയുള്ള പുഴയില്‍ അഞ്ചു മണിക്കൂര്‍ പൊങ്ങിക്കിടക്കുന്ന തരത്തിലേക്കു നീന്തല്‍ പഠിച്ചു. പരിശീലകന്‍പോലും തുടര്‍ച്ചയായി പത്തുകിലോമീറ്റര്‍ ആദ്യമായി നീന്തുന്നത് മാളുവിനൊപ്പമാണ്.

malu-sheikha-5.jpg.image.784.410

ആറര മണിക്കൂര്‍ വരെ തുടര്‍ച്ചയായി നീന്തിയിട്ടും ഇതുവരെ ട്യൂബിനെപോലും ആശ്രയിക്കേണ്ടി വന്നിട്ടില്ല മാളുവിന്. ഒരുതവണ മാത്രം ട്രയല്‍ നടത്തിയാണ് വേമ്പനാട്ടു കായലിന്റെ ഏറ്റവും വീതിയേറിയ ഭാഗം (എട്ടു കിലോമീറ്റര്‍) നീന്തി ഈ വിഭാഗത്തിലെ ആദ്യ വനിതയെന്ന റെക്കോര്‍ഡ് സ്വന്തമാക്കുന്നത്. കരാട്ടെ, കളരി തുടങ്ങി സ്വയം പ്രതിരോധ മാര്‍ഗങ്ങളും മാളു പഠിച്ചിട്ടുണ്ട്. സ്‌കൂള്‍ കാലംമുതല്‍ കബഡി താരമായിരുന്നു. കോളജിലെത്തിയപ്പോള്‍ സംസ്ഥാന തലത്തില്‍ വിജയിച്ചു. ഒരു കുഞ്ഞിനും തന്നെപ്പോലെ അനാഥത്വം പേറി ജീവിക്കേണ്ടി വരരുതെന്ന് അഗ്രഹിക്കുമ്പോഴും മാതാപിതാക്കളോടു മാളുവിനു പരിഭവമില്ല. ജന്മംതന്നതിന് ഓരോനിമിഷവും മനസ്സുകൊണ്ടു നന്ദിപറയും. ഒറ്റയ്ക്കായിപ്പോകുന്ന കുഞ്ഞുങ്ങള്‍ക്കു തന്റെ ജീവിതംകൊണ്ടു സന്ദേശം നല്‍കണമെന്ന ആഗ്രഹമാണുള്ളത്. അവര്‍ക്കും പൊരുതി വിജയിക്കാനുള്ള ധൈര്യം തന്റെ ജീവിതംകൊണ്ടു നല്‍കണം. ഇതു മാത്രമെ ഉള്ളു, മാളുവിന്റെ മനസില്‍.

Related posts