പടിഞ്ഞാറത്തറ: തരിയോട് കല്ലങ്കാരി ആസാദ് നഗർ കോളനിയിലെ മാളുവിന് പ്രളയത്തിൽ നഷ്ടമായത് സ്വന്തം വീടെന്ന സ്വപ്നം. ജീവിതകാലം മുഴുവൻ കൂലിപ്പണിയെടുത്ത് നേടിയതും ലൈഫ്ഭവനപദ്ധതി പ്രകാരം ലഭിച്ച തുകയും ഉപയോഗിച്ച് നിർമാണം പൂർത്തിയാകാറായ വീടാണ് താമസം ആരംഭിക്കുന്നതിന് മുന്‍പ് തകർന്നത്. വീടിന് പുറകിൽ നിന്നും മണ്ണിടിഞ്ഞാണ് വീട് തകര്‍ന്നത്.
പത്ത് വർഷത്തിലധികമായി മാളുവും ബിരുദാനന്തര ബിരുദ വിദ്യാർഥിനിയായ മകൾ ഐശ്വര്യയും തരിയോട് നാല് സെന്റ് കോളനിയിലെ വാടകവീട്ടിലാണ് താമസിക്കുന്നത്. കൂലിപ്പണിയെടുത്തും തൊഴിലുറപ്പ് ജോലിചെയ്തുമാണ് ഈ കുടുംബം കഴിയുന്നത്.
ഏതാനും വർഷങ്ങൾക്ക് മുന്‍പ് ലഭിച്ച നാല് സെന്റ് ഭൂമിയിൽ സ്വന്തമായിവീടെന്ന സ്വപ്നം പൂർത്തീകരിക്കുന്ന ശ്രമത്തിലായിരുന്നു ഇവർ. ഏറെക്കാലത്തെ കാത്തിരിപ്പിനൊടുവിൽ കഴിഞ്ഞ വർഷമാണ് തരിയോട് പഞ്ചായത്ത്് ലൈഫ് ഭവന പദ്ധതിയിലുൾപ്പെടുത്തി ഇവർക്ക് വീട് അനുവദിച്ചത്. സ്വന്തമായുള്ള സന്പാദ്യമുൾപ്പെടെ ഏഴര ലക്ഷത്തോളം രൂപ ചെലവഴിച്ച് നിർമാണം അവസാനഘട്ടത്തിലെത്തിയ വീടാണ് മണ്ണിടിച്ചിലിൽ തകർന്നത്.
വയറിംഗ് ഉൾപ്പെടെ പൂർത്തിയാക്കി പ്ലാസ്റ്ററിംഗ് കഴിഞ്ഞ് താമസം ആരംഭിക്കാനിരിക്കെയാണ് വീട് തകര്‍ന്നത്. ഇതോടെ വീട് പൂർണ്ണമായും പൊളിച്ചു മാറ്റേണ്ട അവസ്ഥയിലായി. തൊട്ടുത്ത വീടുകൾക്കും ഭീഷണിയായാണ് വീഴാറായി നിൽക്കുന്ന വീട്. മണ്ണിടിച്ചിലിൽ കോളനിയിലെ റംല, വസന്താശങ്കരൻ, ബീവിക്കുട്ടി, പുഷ്പാകുഞ്ഞിമോൻ എന്നിവരുടെ വീടുകൾക്കും കേടുപാടുകൾ പറ്റിയിട്ടുണ്ട്.