കോൽക്കത്ത: സദസിൽനിന്നും ജയ്ശ്രീ റാം വിളി ഉയർന്നതിനെ തുടർന്ന് പ്രസംഗം പാതിവഴിയിൽ ഉപേക്ഷിച്ച് പശ്ചിമബംഗാൾ മുഖ്യമന്ത്രി മമത ബാനർജി. പ്രധാനമന്ത്രി നരേന്ദ്ര മേദിയെ സാക്ഷിയാക്കിയായിരുന്നു മമതയുടെ പ്രതിഷേധം. വിളിച്ചുവരുത്തി അപമാനിക്കരുതെന്നും അവർ പറഞ്ഞു.
നേതാജി സുഭാഷ് ചന്ദ്ര ബോസിന്റെ 124 ാം ജന്മദിനാഘോഷ സമ്മേളനത്തിൽ മമത പ്രസംഗിക്കുമ്പോഴാണ് ബിജെപി അനുകൂല മുദ്രാവാക്യവും ജയ്ശ്രീ റാം വിളികളും മുഴങ്ങിയത്. പരിപാടിയിൽ മമതയ്ക്കൊപ്പം മോദിയും ബംഗാൾ ഗവർണർ ജഗദീപ് ധൻഖറും വേദിയിലുണ്ടായിരുന്നു.
മമത പ്രസംഗം തുടങ്ങി ഏതാനും മിനിറ്റുകൾക്ക് ശേഷമാണ് മുദ്രാവാക്യം വിളി ഉയർന്നത്. ഉടനെ മമത പ്രസംഗം നിർത്തി. തന്നെ ഇവിടെ വിളിച്ചുവരുത്തിയ ശേഷം അപമാനിക്കരുതെന്ന് മമത പറഞ്ഞു.
ഇതൊരു രാഷ്ട്രീയ പരിപാടിയല്ല. സർക്കാർ പരിപാടിയിലേക്ക് നിങ്ങൾ ആരെയെങ്കിലും ക്ഷണിച്ചുകൊണ്ടുവന്നതിനു ശേഷം അവരെ അപമാനിക്കരുത്- പ്രകോപിതയായ മമത സദസിലുള്ളവരോടായി പറഞ്ഞു. പ്രസംഗം തുടരാതെ അവർ തന്റെ കസേരയിലേക്ക് മടങ്ങിപ്പോയിരുന്നു.