കൊച്ചി: തിയറ്ററുകളിൽ പ്രദർശനത്തിലുള്ള ബിഗ്ബജറ്റ് ചിത്രമായ മാമാങ്കത്തെ തകർക്കാൻ ബോധപൂർവശ്രമം നടക്കുന്നുണ്ടെന്നു നിർമാതാവ് വേണു കുന്നപ്പിള്ളി. ചിത്രത്തിന്റെ റിലീസ് പ്രഖ്യാപനം മുതൽ ഇതിന്റെ ശ്രമങ്ങൾ കണ്ടുവരികയാണെന്നും എറണാകുളം പ്രസ്ക്ലബിൽ നടത്തിയ പത്രസമ്മേളനത്തിൽ അദ്ദേഹം പറഞ്ഞു. ആദ്യ സംവിധായകനുമൊത്തുള്ള ചിത്രീകരണത്തിൽ 13 കോടിയോളം രൂപ നഷ്ടം സംഭവിച്ചു. വിചാരിച്ച നിലയിൽ ചിത്രീകരണം നടക്കുന്നില്ലെന്ന് ബോധ്യപ്പെട്ടതോടെയാണ് ആദ്യ സംവിധായകനെ ഒഴിവാക്കി പത്മകുമാറിനെ സംവിധാനം ഏൽപ്പിച്ചത്.
നവംബർ 11 നാണ് റിലീസ് നിശ്ചയിച്ചിരുന്നത്. അന്ന് 800 തിയറ്ററുകളിലേ റിലീസ് ഒരുക്കിയിരിക്കുന്നുള്ളൂ. റിലീസ് ചെയ്യുന്നതിന് മുന്പേ തെറ്റിദ്ധാരണ പരത്തുന്ന ട്രോളുകളും കമന്റുകളും സോഷ്യൽ മീഡിയകളിൽ വന്നു തുടങ്ങി. ഇതിനിടയിലും ആയിരത്തോളം വിദേശ തിയറ്ററുകളിൽ ചിത്രം എത്തിക്കാൻ കഴിഞ്ഞു.
ചിത്രം റിലീസ് ചെയ്ത് മൂന്നു ദിവസത്തിനുള്ളിൽ മുടക്കുമുതൽ തിരിച്ചുപിടിക്കാനായത് മലയാള സിനിമ ഇന്നേവരെ റിലീസ് ചെയ്തിട്ടില്ലാത്ത രാജ്യങ്ങളിൽ പോലും മാമാങ്കം എത്തിച്ചതുകൊണ്ടാണെന്നും അദ്ദേഹം പറഞ്ഞു. സിനിമയെ തകർക്കാൻ നടത്തുന്ന ശ്രമങ്ങൾ മലയാള സിനിമയെയും ലാഭേച്ഛയില്ലാതെ സിനിമകൾ നിർമിക്കാൻ തയാറായി വരുന്ന നിർമാതാക്കളെയും ഇല്ലാതാക്കുകയേ ഉള്ളൂവെന്ന് സംവിധായകൻ എം. പത്മകുമാറും പറഞ്ഞു.